ആറ്റിങ്ങല്‍: വീട്ടില്‍ വളർത്തുന്ന പൂച്ചയും രണ്ട് പൂച്ച കുഞ്ഞുങ്ങളു ചേർന്ന് പിടികൂടിയത് എട്ട് അണലി കുഞ്ഞുങ്ങളെ.ആറ്റിങ്ങല്‍ തച്ചൂർക്കുന്ന് തുമ്പിക്കോട്ടുകോണത്ത് ഒരാഴ്ച മുൻപാണ് സംഭവം. തുമ്പിക്കോട്ടുകോണം ചെല്ലം വീട്ടില്‍ നിഷയുടെ വീട്ടിലെ നാടൻ പൂച്ചകളാണ് ഒരു മണിക്കൂറിനുള്ളില്‍ എട്ട് പാമ്പുകളെ പിടിച്ചത്.വീടിന് സമീപം കാടുകയറിക്കിടക്കുന്ന പുരയിടത്തില്‍നിന്ന് പാമ്പിന്റെ തലയില്‍ കടിച്ചുകുടഞ്ഞ് മുറ്റത്തേക്ക് കയറിവരുന്ന തള്ളപ്പൂച്ചയെയാണ് നിഷ ആദ്യം കണ്ടത്. പിന്നാലെ നോക്കുമ്പോള്‍ രണ്ട് കുഞ്ഞ് പൂച്ചകളും പാമ്പുകളുമായി കയറിവന്നു. തിരികെപോയ തള്ളപ്പൂച്ച വീണ്ടും പാമ്പുകളുമായി കയറിവന്നപ്പോഴാണ് നിഷ മറ്റുള്ളവരെ വിവരം അറിയിച്ചത്.പിന്നാലെ പാമ്പുപിടുത്തക്കാരനായ വെഞ്ഞാറമൂട് സ്വദേശി രാജേഷ് തിരുവാമനയെ വിവരം അറിയിച്ചു. അരമണിക്കൂറിനുള്ളില്‍ രാജേഷ് സ്ഥലത്തെത്തുമ്പോഴേക്കും പൂച്ചകള്‍ ചേർന്ന് നാല് പാമ്പിനെക്കൂടി പിടിച്ചിരുന്നു. പൂച്ചകള്‍ പിടികൂടിയ എട്ട് പാമ്പുകളും ചത്തുപോയി. പറമ്പില്‍ അവശേഷിച്ച മൂന്ന് പാമ്പിൻ കുഞ്ഞുങ്ങളെ രാജേഷ് ജീവനോടെ പിടികൂടി. വിവരം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ നിരവധി പേരാണ് പൂച്ചകളെ പ്രശംസിച്ച് രംഗത്തെത്തുന്നത്.