കോഴിക്കോട്: ലോണ്‍ ആപ്പുകാരുടെ ഭീഷണിക്ക് പിന്നാലെ കാണാതായ വടകര സ്വദേശി വിഷ്ണുവിനായി അന്വേഷണം ഊർജിതമാക്കി പൊലീസ്.കർണാടക കേന്ദ്രീകരിച്ചാണ് അന്വേഷണം. ബെംഗളൂരുവിലും, മംഗലാപുരത്തും വിവിധ സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. കാസർകോട് ജില്ലയിലെ ബേക്കലില്‍ വെച്ചാണ് ഇയാളുടെ ഫോണ്‍ ഓഫാകുന്നത്. വിഷ്ണു സഞ്ചരിച്ച വഴികളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. വിഷ്ണുവിനെ കാണാതാകുന്നതിന് തൊട്ടുമുൻപുള്ള സിസിടിവി ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. വടകര ബസ് സ്റ്റാൻഡില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍.ബാങ്കില്‍ പോകാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ വിഷ്ണു വടകരയില്‍ വച്ച് സുഹൃത്തിന്റെ എടിഎം വഴി 1000 രൂപ എടുത്തിരുന്നു. തന്‍റെ കൈവശം എടിഎം കാർഡ് ഇല്ല എന്ന് പറഞ്ഞ് വിഷ്ണു ഗൂഗിള്‍ പേ വഴി സുഹൃത്തിന് പണം അയച്ച് നല്‍കി.
ഈ തുക സുഹൃത്ത് തന്‍റെ എടിഎം ഉപയോഗിച്ച് എടുത്ത് നല്‍കുകയായിരുന്നു. ഇതിന് തൊട്ടുപിന്നാലെ വിഷ്ണുവിന് ഒരു കോള്‍ വന്നതായി സുഹൃത്ത് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതിന് ശേഷമാണ് വിഷ്ണുവിനെ കാണാതാകുന്നത്. ഈ ഫോണ്‍ കോളിന് ശേഷം വിഷ്ണു അസ്വസ്ഥനായിരുന്നുവെന്ന് ബന്ധുക്കളോട് സുഹൃത്ത് പറഞ്ഞു.ടൗണിലേക്ക് പോയ വിഷ്ണു കൂട്ടുകാരന് വേണ്ടി വസ്ത്രമെടുക്കാൻ ടൗണിലേക്ക് പോകുന്നു എന്ന് ബന്ധുക്കളോട് പറഞ്ഞിരുന്നു. കൗണാതാവുന്നതിന് തൊട്ടു മുമ്ബും ഇയാള്‍ സഹോദരങ്ങളോട് സംസാരിച്ചിട്ടുണ്ട്. വിഷ്ണു കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നും അവസാന ഫോണ്‍ കോളില്‍ അസ്വസ്ഥനായിരുന്നുവെന്നും കുടുംബം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ലോണ്‍ ആപ്പില്‍ നിന്ന് വായ്പ എടുത്തത് ഉള്‍പ്പെടെ ഒരു ലക്ഷം രൂപയുടെ കടബാധ്യത വിഷ്ണുവിനുണ്ടെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. ലോണ്‍ ആപ്പിലെ തിരിച്ചടവ് മുടങ്ങിയതോടെ വിഷ്ണുവിന്‍റെ മോർഫ് ചെയ്ത ചിത്രങ്ങളടക്കം ബന്ധുക്കള്‍ക്ക് അയച്ചു നല്‍കുകയും തട്ടിപ്പ് സംഘം ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് കുടുംബത്തിന്‍റെ പരാതി. വിഷ്ണുവിന്‍റെ ബൈക്കും കാണാതായിട്ടുണ്ട്.