Home കർണാടക 70 വര്‍ഷത്തെ കാത്തിരിപ്പിന് അന്ത്യം; കര്‍ണാടകയിലേക്ക് ചീറ്റകളെത്തി, ബന്നാര്‍ഘട്ട ഇനി ചീറ്റകളുടെയും താവളം

70 വര്‍ഷത്തെ കാത്തിരിപ്പിന് അന്ത്യം; കര്‍ണാടകയിലേക്ക് ചീറ്റകളെത്തി, ബന്നാര്‍ഘട്ട ഇനി ചീറ്റകളുടെയും താവളം

by ടാർസ്യുസ്

ബെംഗളൂരു: വംശനാശം സംഭവിച്ച്‌ പതിറ്റാണ്ടുകള്‍ക്ക് ശേഷം കര്‍ണാടകയുടെ വനഭൂമിയിലേക്ക് ചീറ്റപ്പുലികള്‍ തിരിച്ചെത്തുന്നു.കേന്ദ്ര സര്‍ക്കാരിന്റെ ‘പ്രൊജക്‌ട് ചീറ്റ’യുടെ ഭാഗമായി ദക്ഷിണാഫ്രിക്കയില്‍ നിന്ന് കൊണ്ടുവന്ന നാല് ചീറ്റകളെ ബെംഗളൂരുവിലെത്തിച്ചു. 1952-ല്‍ ഇന്ത്യയില്‍ ചീറ്റകള്‍ക്ക് വംശനാശം സംഭവിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് ശേഷം ഇതാദ്യമായാണ് കര്‍ണാടകയിലേക്ക് ഇവയെ എത്തിക്കുന്നത്. രണ്ട് ആണ്‍ ചീറ്റകളും രണ്ട് പെണ്‍ ചീറ്റകളെയുമാണ് ബെംഗളൂരുവിലെ പ്രശസ്തമായ ബന്നാര്‍ഘട്ട നാഷണല്‍ പാര്‍ക്കിലേക്ക് എത്തിച്ചിരിക്കുന്നത്. വിദഗ്ധ വെറ്ററിനറി ഡോക്ടര്‍മാരുടെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും അകമ്പടിയോടെയാണ് ഇവയെ ഇന്ത്യയിലെത്തിച്ചത്.പുതിയ കാലാവസ്ഥയുമായി പൊരുത്തപ്പെടുന്നതിനായി ചീറ്റകളെ ഉടന്‍ തന്നെ വനത്തിലേക്ക് തുറന്നുവിടില്ല. കര്‍ണാടക വനം-പരിസ്ഥിതി മന്ത്രി ഈശ്വര്‍ ബി. ഖന്ദ്രെ അറിയിച്ചതനുസരിച്ച്‌, ഇവ 30 ദിവസത്തെ ക്വാറന്റൈന്‍ നിരീക്ഷണത്തിലായിരിക്കും.

ഈ കാലയളവില്‍ അണുബാധകളില്ലെന്ന് ഉറപ്പാക്കുകയും കൃത്യമായ ആഹാരക്രമം പിന്തുടരുകയും ചെയ്യും. ഇതിനുശേഷമായിരിക്കും ഇവയെ ബന്നാര്‍ഘട്ടയിലെ സ്ഥിരം ആവാസവ്യവസ്ഥയിലേക്ക് മാറ്റുക. 2022-ല്‍ നമീബിയയില്‍ നിന്ന് മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കിലേക്ക് ചീറ്റകളെ എത്തിച്ചുകൊണ്ടാണ് ഈ പദ്ധതി ആരംഭിച്ചത്.കര്‍ണാടകയിലെ പുതിയ അതിഥികള്‍ കൂടി എത്തിയതോടെ ഇന്ത്യയിലെ ആകെ ചീറ്റകളുടെ എണ്ണം 57 ആയി ഉയര്‍ന്നു. ബന്നാര്‍ഘട്ടയില്‍ ചീറ്റകള്‍ എത്തുന്നതോടെ സംസ്ഥാനത്തെ ടൂറിസം മേഖലയ്‌ക്കും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും പുതിയ ഊര്‍ജ്ജം ലഭിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഇവയുടെ സുരക്ഷയ്‌ക്കായി പാര്‍ക്കില്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group