ലണ്ടൻ: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട കപ്പല്‍ പാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി ബ്രിട്ടനും ഫ്രാൻസും ചേർന്ന് വെള്ളിയാഴ്ച ലോകനേതാക്കളുടെ അടിയന്തര ഉച്ചകോടി സംഘടിപ്പിക്കുന്നു.40 രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കള്‍ പങ്കെടുക്കുന്ന ഈ വെർച്വല്‍ യോഗത്തില്‍, ഇറാൻ പ്രഖ്യാപിച്ച വെടിനിർത്തല്‍ നിലനിർത്തുന്നതിനെക്കുറിച്ചും അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനെക്കുറിച്ചും വിശദമായ ചർച്ചകള്‍ നടക്കും.കടലിടുക്ക് തുറക്കുന്നതിനായി ഒരു പ്രത്യേക അന്താരാഷ്ട്ര ദൗത്യസംഘത്തെ രൂപീകരിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. പ്രതിരോധത്തിന് മാത്രം ഊന്നല്‍ നല്‍കുന്ന ഈ ദൗത്യത്തില്‍, സാഹചര്യങ്ങള്‍ അനുകൂലമാകുന്ന മുറയ്ക്ക് വിവിധ രാജ്യങ്ങളുടെ സംയുക്ത സൈനിക സേനയെ വിന്യസിക്കും. ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ജർമ്മൻ ചാൻസലർ ഫ്രീഡ്രിക്ക് മെർസ് എന്നിവർ പാരീസില്‍ വെച്ച് ഈ ഉച്ചകോടിക്ക് നേതൃത്വം നല്‍കും.
ആഗോള ഊർജ്ജ വിപണിയുടെയും വ്യാപാരത്തിന്റെയും സുഗമമായ ഒഴുക്കിന് ഹോർമുസ് കടലിടുക്ക് ഉപാധികളില്ലാതെ തുറന്നുകൊടുക്കേണ്ടത് ലോകത്തിന്റെ ഉത്തരവാദിത്തമാണെന്ന് കീർ സ്റ്റാർമർ ഉച്ചകോടിയില്‍ വ്യക്തമാക്കും. കടല്‍ത്തട്ടിലെ മൈനുകള്‍ നീക്കം ചെയ്യുന്നതിനും വാണിജ്യ കപ്പലുകള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള സഹായങ്ങള്‍ ബ്രിട്ടൻ വാഗ്ദാനം ചെയ്യും. കപ്പല്‍ ഗതാഗതം സുരക്ഷിതമാക്കുന്നതിനായി മൈൻ ക്ലിയറൻസ് കപ്പലുകളെയും നിരീക്ഷണ സംവിധാനങ്ങളെയും വിട്ടുനല്‍കാൻ തയ്യാറാണെന്ന് ജർമ്മനിയും അറിയിച്ചിട്ടുണ്ട്. അന്താരാഷ്ട്ര സമുദ്ര സംഘടനയുടെ മേല്‍നോട്ടത്തില്‍ കപ്പലുകളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികളും ഉച്ചകോടിയില്‍ പ്രധാന ചർച്ചാവിഷയമാകും. പശ്ചിമേഷ്യൻ പ്രതിസന്ധികള്‍ക്കിടയില്‍ ആഗോള സാമ്പത്തിക ഭദ്രത ഉറപ്പാക്കാനുള്ള ഏറ്റവും വലിയ നയതന്ത്ര നീക്കമായാണ് ഈ ഉച്ചകോടി വിലയിരുത്തപ്പെടുന്നത്.