ഗോവയിലെ ഒരു ഹോട്ടല്‍ ജീവനക്കാരി വിനോദസഞ്ചാരികളെ കുറിച്ച് പങ്കുവെച്ച അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.വിവിധ നഗരങ്ങളില്‍ നിന്നുള്ള സഞ്ചാരികളുടെ പെരുമാറ്റത്തെ കുറിച്ചാണ് ജീവനക്കാരി ഈ വീഡിയോയില്‍ പറയുന്നത്. ഹോസ്പിറ്റാലിറ്റി പ്രൊഫഷണലായ ഹനുമന്ത് നായിക്കാണ് ഇൻസ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയില്‍, വിദേശത്ത് നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തില്‍ ഇന്ത്യൻ സഞ്ചാരികളെക്കുറിച്ചുള്ള തന്റെ ജീവനക്കാരുടെ അഭിപ്രായം അദ്ദേഹം ചോദിക്കുന്നത് കാണാം. ഡല്‍ഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്ന് എത്തുന്നവരില്‍ ആരെയാണ് കൂടുതല്‍ ഇഷ്ടമെന്നാണ് അതില്‍ ഒരു ചോദ്യം. അതിന് ഒരു ജീവനക്കാരി നല്‍കിയ മറുപടി, മറ്റ് നഗരങ്ങളില്‍ നിന്നുള്ളവരെ അപേക്ഷിച്ച് മുംബൈയില്‍ നിന്നുള്ളവർ മാന്യരാണ് എന്നാണ്. എന്നാല്‍, ദില്ലിയില്‍ നിന്നുമുള്ള സഞ്ചാരികളെ അവർക്ക് അത്ര പിടിച്ചിട്ടില്ല.അവർ പൊതുവെ പരുഷമായിട്ടാണ് സംസാരിക്കുന്നതെന്നാണ് ജീവനക്കാരി പറയുന്നത്. ‘ഓ ഹലോ, ഇങ്ങോട്ട് വരൂ, വെള്ളം കൊണ്ടുവാ, ചായ കൊണ്ടുവാ’ എന്നൊക്കെ അധികാര സ്വരത്തിലാണ് അവർ സംസാരിക്കുന്നത് എന്നും അവർ പറയുന്നു.
അത് അനുകരിച്ച് കാണിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍, മറ്റു നഗരങ്ങളെ അപേക്ഷിച്ച് മുംബൈയില്‍ നിന്നുള്ളവർ വളരെ മാന്യമായാണ് പെരുമാറുന്നതെന്നും അവർക്ക് മറ്റുള്ളവരോട് ബഹുമാനമുണ്ടെന്നും ജീവനക്കാരി പറയുന്നുണ്ട്. ബെംഗളൂരുവില്‍ നിന്നുള്ള സഞ്ചാരികളും നല്ല രീതിയില്‍ പെരുമാറുന്നവരാണെന്നാണ് ഇവരുടെ അഭിപ്രായം. ഹോട്ടലിലെ മറ്റൊരു ജീവനക്കാരനും ഇതേ അഭിപ്രായം തന്നെയാണ് ഉണ്ടായിരുന്നത്.അതേസമയം, ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാനല്ല, മറിച്ച് ജീവനക്കാർ നേരിടുന്ന അനുഭവങ്ങള്‍ പങ്കുവെക്കുക മാത്രമാണ് വീഡിയോയിലൂടെ ചെയ്തത് എന്ന് ഹനുമന്ത് നായിക് വീഡിയോ ഷെയർ ചെയ്തുകൊണ്ട് കുറിച്ചിട്ടുണ്ട്. മാന്യമായി പെരുമാറുന്ന ഡല്‍ഹിക്കാർക്ക് എപ്പോഴും സ്വാഗതമെന്നും അദ്ദേഹം വ്യക്തമാക്കി. എന്തായാലും, വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. എല്ലാ ഡെല്‍ഹിക്കാരും മോശമല്ല എന്നും അടച്ചാക്ഷേപിക്കുന്നത് ശരിയല്ല എന്നുമാണ് ഒരു വിഭാഗം അഭിപ്രായപ്പെട്ടത്. ദില്ലിയില്‍ നിന്നുള്ള സഞ്ചാരികള്‍ പരുഷമായിട്ടാണ് പെരുമാറാറ് എന്ന് അഭിപ്രായപ്പെട്ടവരും ഉണ്ട്.