ബെംഗളൂരു: അങ്ങനെ കാത്തിരിപ്പിനൊടുവില്‍ രണ്ടാമത്തെ വന്ദേഭാരത് സ്ലീപ്പർ എത്തുന്നു. ബെംഗളൂരുവിനും മുംബൈക്കും ഇടയിലാണ് പുതിയ ട്രെയിൻ സർവ്വീസ് നടത്തുക.പുതിയ റൂട്ടിന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അനുമതി നല്‍കിയതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. കെഎസ്ആർ ബെംഗളൂരുവിനും ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് (CSMT), മുംബൈക്കും ഇടയിലായിരിക്കും ട്രെയിൻ പ്രവർത്തിക്കുക.’പൊതുജനങ്ങളുടെ സൗകര്യാർത്ഥം ബെംഗളൂരുവിനും മുംബൈക്കും ഇടയില്‍ പുതിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ആരംഭിക്കുന്നത് സംബന്ധിച്ച നമ്മുടെ ചർച്ച ഓർക്കുക. കെ.എസ്.ആർ. ബെംഗളൂരുവിനും ഛത്രപതി ശിവാജി മഹാരാജ് ടെർമിനലിനും ഇടയില്‍ പുതിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ആരംഭിക്കാൻ അംഗീകാരം ലഭിച്ചുവെന്ന് അറിഞ്ഞാല്‍ നിങ്ങള്‍ക്ക് സന്തോഷമാകും’, എന്നാണ് ബെംഗളൂരു സെൻട്രല്‍ എം.പി. പി.സി. മോഹന്‍ ഏപ്രില്‍ 5-ന് അയച്ച കത്തില്‍ മന്ത്രി അശ്വിനി വൈഷ്ണവ് കുറിച്ചത്.
വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ എണ്ണം വർധിപ്പിച്ചതായി അശ്വിനി വൈഷ്ണവ് ഈ വർഷം ആദ്യം സൂചിപ്പിച്ചിരുന്നു. 2026 ഡിസംബറോടെ 12 വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകള്‍ അവതരിപ്പിക്കാൻ ലക്ഷ്യമിടുന്നുവെന്നാണ് മന്ത്രി പറഞ്ഞത്. ആറ് റേക്കുകള്‍ വീതമുള്ള 12 വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകള്‍ 2026 അവസാനത്തോടെ ലഭ്യമാക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്.ഇക്കഴിഞ്ഞ ജനുവരി 17 നാണ് രാജ്യത്ത് ആദ്യമായി വന്ദേഭാരത് സ്ലീപ്പർ അവതരിപ്പിച്ചത്. ഹൗറ-കാമാഖ്യ റൂട്ടിലാണ് സ്ലീപ്പർ ട്രെയിൻ സർവീസ് ആരംഭിച്ചത്. 27575/27576 എന്ന നമ്പറുകളില്‍ സർവീസ് നടത്തുന്ന ഈ ട്രെയിൻ നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയില്‍വേ (NFR) സോണിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. സ്ലീപ്പർ സർവ്വീസ് വൻ വിജയകരമാണെന്നാണ് റെയില്‍വെ മന്ത്രാലയം അറിയിക്കുന്നത്. ട്രെയിനിൻ്റെ ഒക്യുപെൻസി റേറ്റ് 100 ശതമാനമാണെന്ന് അധികൃതർ പറയുന്നു.
സേവനം ആരംഭിച്ച് ആദ്യ മൂന്നു മാസത്തിനുള്ളില്‍ 119 ട്രിപ്പുകളിലായി 1.21 ലക്ഷം പേരാണ് ട്രെയിനില്‍ യാത്ര ചെയ്തത്., പ്രീമിയം രാത്രികാല റെയില്‍ യാത്രയ്ക്ക് വലിയ ഡിമാൻഡാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.ഹൗറയില്‍ നിന്ന് കാമാഖ്യയിലേക്കുള്ള യാത്രയില്‍ 13 സ്റ്റേഷനുകളില്‍ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന് സ്റ്റോപ്പുണ്ട്. ബൻഡല്‍, നബദ്വീപ് ധാം, കത്വ, അസിംഗഞ്ച്, ന്യൂ ഫാറക്ക, മാള്‍ഡ ടൗണ്‍, അലുവബാരി റോഡ്, ന്യൂ ജല്‍പൈഗുരി, ജല്‍പൈഗുരി റോഡ്, ന്യൂ കൂച്ച് ബെഹാർ, ന്യൂ അലിപൂർദൂർ, ന്യൂ ബോംഗൈഗാവ്, റംഗിയ എന്നിവയാണ് ഈ സ്റ്റേഷനുകള്‍. 11 എ.സി. 3-ടയർ, 4 എ.സി. 2-ടയർ, ഒരു എ.സി. ഫസ്റ്റ് ക്ലാസ് കോച്ച് എന്നിവ ഉള്‍പ്പെടെ 16 കോച്ചുകളാണ് ഈ ട്രെയിനിലുള്ളത്. ട്രെയിൻ നമ്പർ 27575, ഹൗറ-കാമാഖ്യ വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ്, ഹൗറയില്‍ നിന്ന് വൈകുന്നേരം 6:20-ന് (18:20) പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 8:20-ന് (08:20) കാമാഖ്യയില്‍ എത്തും. മടക്കയാത്രയില്‍, ട്രെയിൻ നമ്പർ 27576 കാമാഖ്യയില്‍ നിന്ന് വൈകുന്നേരം 6:15-ന് (18:15) പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 8:15-ന് (08:15) ഹൗറയിലേക്ക് മടങ്ങിയെത്തും.