ബെംഗളൂരു: മനുഷ്യനെ വഹിച്ചുകൊണ്ടുള്ള ഭാവി ബഹിരാകാശ ദൗത്യങ്ങളിലെ വെല്ലുവിളികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ലോകപ്രശസ്ത ശാസ്ത്രജ്ഞരും ബഹിരാകാശ സഞ്ചാരികളും ഒത്തുചേര്‍ന്നു.ഐഎസ്ആര്‍ഒ ബെംഗളൂരുവില്‍ സംഘടിപ്പിച്ച രാജ്യാന്തര കോണ്‍ഫറന്‍സായ ‘സ്പേസ്ക്രാഫ്റ്റ് മിഷന് ഓപ്പറേഷന്‍സ്’ ലാണ് മനുഷ്യന്റെ ബഹിരാകാശ യാത്രകളുടെ ഭാവി രൂപരേഖ ചര്‍ച്ചയായത്. മനുഷ്യനും യന്ത്രങ്ങളും ഗ്രൗണ്ട് സിസ്റ്റങ്ങളും ഒരു ആഗോള ടീമായി പ്രവര്‍ത്തിക്കുന്ന പുതിയ കാലഘട്ടത്തിലേക്കാണ് നാം ചുവടുവെക്കുന്നതെന്ന് ചര്‍ച്ചകള്‍ അടിവരയിട്ടു.ഭാവി ഇന്ത്യന്‍ സഞ്ചാരികളായ ഗ്രൂപ്പ് ക്യാപ്റ്റന്മാരായ ശുഭാന്‍ഷു ശുക്ല, പ്രശാന്ത് ബാലകൃഷ്ണന് നായര്‍, അംഗദ് പ്രതാപ് എന്നിവര്‍ക്കൊപ്പം വിദേശ ബഹിരാകാശ സഞ്ചാരികളും ഫ്ലൈറ്റ് സര്ജന്മാരും പാനലില്‍ പങ്കെടുത്തു.
റേഡിയേഷനെ അതിജീവിക്കാന്‍ ശേഷിയുള്ള സൂക്ഷ്മാണുക്കളെ ഉപയോഗിച്ച് മറ്റ് ഗ്രഹങ്ങളെ മനുഷ്യവാസയോഗ്യമാക്കാന്‍ കഴിയുമോ എന്നതായിരുന്നു പ്രധാന വിഷയം. ചില പ്രത്യേക ബാക്ടീരിയകള്‍ക്ക് ശൂന്യാകാശത്തെയും കഠിനമായ സാഹചര്യങ്ങളെയും അതിജീവിക്കാന്‍ കഴിയുമെന്ന് ശുഭാന്‍ഷു ശുക്ല പറഞ്ഞു. ഇത്തരം പരീക്ഷണങ്ങള്‍ക്ക് യന്ത്രങ്ങളുടെ സഹായം അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.സസ്യങ്ങള്‍ക്കും ഏകകോശ ജീവികള്‍ക്കും മനുഷ്യനേക്കാള്‍ വേഗത്തില്‍ കഠിനമായ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിയുമെന്ന് അംഗദ് പ്രതാപ് ചൂണ്ടിക്കാട്ടി. ഭാവിയില്‍ മറ്റ് ഗ്രഹങ്ങളില്‍ ഭക്ഷണ സ്രോതസ്സുകള്‍ കണ്ടെത്താന്‍ ഇത് സഹായിക്കും.ബഹിരാകാശ പര്യവേക്ഷണം ഒരു ആഗോള കുടുംബം പോലെയാണെന്ന് പ്രശാന്ത് ബാലകൃഷ്ണന് നായര്‍ പറഞ്ഞു. റഷ്യയിലെ റോസ്കോസ്മോസ്, അമേരിക്കയിലെ നാസ (NASA), സ്പേസ് എക്സ് എന്നിവിടങ്ങളില്‍ താന്‍ നടത്തിയ പരിശീലനങ്ങള്‍ പങ്കുവെച്ച അദ്ദേഹം, അന്താരാഷ്ട്ര സഹകരണത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു.
ബഹിരാകാശത്തെ കഠിനമായ സമ്മര്‍ദ്ദ സാഹചര്യങ്ങളില്‍ മനുഷ്യന്റെ സ്വഭാവം എങ്ങനെ മാറുന്നു എന്നത് പഠിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് അംഗദ് പ്രതാപ് പറഞ്ഞു. ‘ബഹിരാകാശ സഞ്ചാരികള്‍ തമ്മിലും ഗ്രൗണ്ട് ടീമുമായുള്ള ആശയവിനിമയത്തിലും തടസ്സങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ബിഹേവിയറല്‍ ട്രെയിനിംഗ് അത്യാവശ്യമാണ്. മറ്റുള്ളവരുടെ പെരുമാറ്റത്തെ ഉള്‍ക്കൊള്ളാന്‍ പഠിക്കുന്നത് ദൗത്യങ്ങള്‍ കൂടുതല്‍ സുഗമമാക്കും,’ അദ്ദേഹം വിശദീകരിച്ചു.ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ബഹിരാകാശ യാത്രകളില്‍ സഞ്ചാരികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള പുതിയ സാങ്കേതികവിദ്യകളും ചര്‍ച്ചയില്‍ മുഖ്യവിഷയമായി. മനുഷ്യന് വെറുമൊരു സഞ്ചാരിയല്ല, മറിച്ച് ബഹിരാകാശത്തെ ഒരു വലിയ യന്ത്രസംവിധാനത്തിന്റെ അവിഭാജ്യ ഘടകമായി മാറുന്ന കാഴ്ചയാണ് വരാനിരിക്കുന്നതെന്ന് ശാസ്ത്രലോകം വിലയിരുത്തുന്നു.