ബംഗളൂരു: ബംഗളൂരുവിലെ ബാഗലൂർ മേഖലയില്‍ നിന്നുള്ള ഒരു ദൃശ്യം ഇപ്പോള്‍ രാജ്യവ്യാപകമായി വലിയ ചർച്ചകള്‍ക്കും ആശങ്കകള്‍ക്കും വഴിയൊരുക്കിയിരിക്കുകയാണ്.ഒരു കോളേജിന് സമീപമുള്ള വഴിയില്‍ യാതൊരു ചലനവുമില്ലാതെ, പ്രതിമയെപ്പോലെ മണിക്കൂറുകളോളം നിലയുറപ്പിച്ച ഒരു യുവാവിന്‍റെ ദൃശ്യങ്ങളാണ് ജനങ്ങളെ ഭീതിയിലാഴ്ത്തിയത്.ചുറ്റും നടക്കുന്ന കാര്യങ്ങളോടോ തടിച്ചുകൂടിയ ആളുകളോടോ യാതൊരു വിധത്തിലും പ്രതികരിക്കാതെ നില്‍ക്കുന്ന ഇയാളുടെ അവസ്ഥ മാരകമായ ലഹരിമരുന്നുകളുടെ ഉപയോഗം മൂലമാണെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അതിവേഗം പടരുകയാണ്.അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ വ്യാപകമായ ‘സോംബി ഡ്രഗ്’ എന്ന് വിളിക്കപ്പെടുന്ന സൈലാസിൻ എന്ന രാസവസ്തു ബംഗളൂരുവിലും എത്തിയെന്ന സംശയമാണ് പലരും പങ്കുവെക്കുന്നത്.
മൃഗങ്ങളെ മയക്കാൻ ഉപയോഗിക്കുന്ന ഈ മരുന്ന് മനുഷ്യർ ഉപയോഗിക്കുമ്പോള്‍ ശരീരം പാതി മരവിച്ച അവസ്ഥയിലാകുമെന്ന റിപ്പോർട്ടുകള്‍ മുൻനിർത്തിയാണ് ഇത്തരമൊരു നിഗമനത്തില്‍ ഓണ്‍ലൈൻ ലോകം എത്തിച്ചേർന്നത്.ഏതാനും ദിവസങ്ങള്‍ക്ക് മുൻപ് ചണ്ഡീഗഢിലെ സെക്ടർ 33 ബിയില്‍ ഒരു ഡെലിവറി പങ്കാളി സമാനമായ രീതിയില്‍ രണ്ട് മണിക്കൂറോളം റോഡരികില്‍ നിശ്ചലനായി നിന്നതും ഈ ആശങ്ക വർധിപ്പിക്കുന്നു.സംഭവം വിവാദമായതോടെ യെലഹങ്ക പോലീസ് കേസില്‍ ഇടപെടുകയും ദൃശ്യങ്ങളുടെ സത്യാവസ്ഥ പരിശോധിക്കാൻ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ മയക്കുമരുന്ന് ഉപയോഗമാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് സ്ഥിരീകരിക്കുന്ന തെളിവുകളൊന്നും ഇതുവരെ അധികൃതർക്ക് ലഭിച്ചിട്ടില്ല.ഈ യുവാവിനെക്കുറിച്ചുള്ള വ്യക്തിവിവരങ്ങളോ അദ്ദേഹത്തിന് എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണമോ നിലവില്‍ ലഭ്യമല്ല.
അതേസമയം, ഇത്തരം കാഴ്ചകളെ ലഹരിമരുന്നുമായി മാത്രം ബന്ധിപ്പിക്കരുതെന്ന് ആരോഗ്യരംഗത്തെ വിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.കഠിനമായ മാനസികാഘാതം, അപസ്മാരം പോലെയുള്ള നാഡീസംബന്ധമായ രോഗങ്ങള്‍, നിർജ്ജലീകരണം അല്ലെങ്കില്‍ അമിതമായ ശാരീരിക തളർച്ച എന്നിവ മൂലവും മനുഷ്യർ ബോധരഹിതരാകാതെ തന്നെ ശരീരത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ട അവസ്ഥയില്‍ തുടരാൻ സാധ്യതയുണ്ട്.വസ്തുതകള്‍ പുറത്തുവരുന്നത് വരെ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ആ വ്യക്തിക്ക് വൈദ്യസഹായമോ മാനസിക പിന്തുണയോ ആണ് ആവശ്യമെങ്കില്‍ അത് നല്‍കുകയാണ് വേണ്ടതെന്നും ഒരു വിഭാഗം ആളുകള്‍ ചൂണ്ടിക്കാണിക്കുന്നു. പോലീസിന്‍റെ വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ ഈ സംഭവത്തിന് പിന്നിലെ യഥാർത്ഥ കാരണം വ്യക്തമാകൂ.