Home കർണാടക കോണ്‍ഗ്രസിന് പ്രഹരം: കര്‍ണാടകയിലെ ഗ്യാരണ്ടി പദ്ധതി ഫണ്ട് വിതരണത്തില്‍ വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ

കോണ്‍ഗ്രസിന് പ്രഹരം: കര്‍ണാടകയിലെ ഗ്യാരണ്ടി പദ്ധതി ഫണ്ട് വിതരണത്തില്‍ വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ

by ടാർസ്യുസ്

ബെംഗളൂരു: കർണാടകയിലെ ദാവൻഗരെ, ബാഗല്‍കോട്ട് ജില്ലകളില്‍ തിരഞ്ഞെടുപ്പ് നടപടികള്‍ പുരോഗമിക്കവെ, സർക്കാർ ഗ്യാരണ്ടി പദ്ധതികളുടെ ഫണ്ട് വിതരണം ചെയ്തതില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി.ഇതുസംബന്ധിച്ച്‌ തിരഞ്ഞെടുപ്പ് കമ്മീഷൻ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ഇരു ജില്ലകളിലും വിതരണം ചെയ്ത ഫണ്ടിന്റെ പൂർണ്ണ വിവരങ്ങളും, പണം അനുവദിക്കാൻ ഉത്തരവിട്ട ഉദ്യോഗസ്ഥരുടെ പേരും ഉള്‍പ്പെടുത്തി വിശദമായ റിപ്പോർട്ട് നല്‍കാൻ കമ്മീഷൻ ആവശ്യപ്പെട്ടു. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍, കമ്മീഷന്റെ മുൻകൂർ അനുമതിയില്ലാതെ ക്ഷേമപദ്ധതികള്‍ക്കായി പുതിയ ഫണ്ട് അനുവദിക്കരുതെന്ന് കർശന നിർദ്ദേശം നല്‍കി. നിലവില്‍ വിതരണത്തിന് തയ്യാറായ തുകയുണ്ടെങ്കില്‍ അതും അനുമതി വാങ്ങിയ ശേഷം മാത്രമേ നല്‍കാവൂ.തിരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച്‌ ബിജെപി ഗ്യാരണ്ടി പദ്ധതികള്‍ തടയാൻ ശ്രമിക്കുകയാണെന്ന് ഉപമുഖ്യമന്ത്രിയും കെ.പി.സി.സി അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ ആരോപിച്ചു.

ദാവൻഗരെയിലെ ബാപ്പുജി ഗസ്റ്റ് ഹൗസില്‍ വാർത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാവപ്പെട്ടവർക്കും തൊഴിലില്ലാത്ത യുവാക്കള്‍ക്കുമുള്ള സഹായം തടയുന്നത് നീതിയല്ലെന്നും വോട്ടർമാർ ഇതിന് മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ടര വർഷത്തിനിടെ 1.25 ലക്ഷം കോടി രൂപയാണ് സർക്കാർ ക്ഷേമപ്രവർത്തനങ്ങള്‍ക്കായി ചെലവഴിച്ചത്. ഇത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ചെയ്യുന്നതല്ല.കർണാടകയില്‍ ഗ്യാരണ്ടി പദ്ധതികള്‍ നടപ്പിലാക്കിയിട്ടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന തെറ്റാണെന്നും ഉന്നത പദവിയില്‍ ഇരിക്കുന്നവർ വസ്തുതകള്‍ മനസ്സിലാക്കി സംസാരിക്കണമെന്നും ശിവകുമാർ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്ത് രാഷ്ട്രീയ സമ്മർദ്ദത്തിന്റെ ഫലമാണെന്നും എല്ലാ ഫണ്ട് വിതരണവും നിയമപരമായാണ് നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ മാസം വരെയുള്ള ഗഡുക്കള്‍ വിതരണം ചെയ്തിട്ടുണ്ടെന്നും ബാക്കി തുക തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ ഗുണഭോക്താക്കള്‍ക്ക് ലഭിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

You may also like

error: Content is protected !!
Join Our WhatsApp Group