ഇന്ത്യൻ പ്രീമിയർ ലീഗില്‍ പങ്കെടുക്കാൻ അനുവദിക്കാത്തതിന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെതിരെ കോടതിയെ സമീപിച്ച് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു താരം.ആർസിബിയുടെ ശ്രീലങ്കൻ പേസറായ നുവാൻ തുഷാരയാണ് ശ്രീലങ്ക ക്രിക്കറ്റിനെതിരെ കോടതിയില്‍ ഹർജി സമർപ്പിച്ചിരിക്കുന്നത്. ഐപിഎല്ലില്‍ പങ്കെടുക്കുന്നതിനായി നോണ്‍ ഒബ്ജെക്ഷൻ സർട്ടിഫിക്കേറ്റ് (എൻഒസി) നല്‍കാത്തതിനാലാണ് ആർസിബി താരം ശ്രീലങ്ക ക്രിക്കറ്റിൻ്റെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ കേസ് നല്‍കിയിരിക്കുന്നത്. എസ്എല്‍സി നിർദേശിക്കുന്ന ഫിറ്റ്നെസ് കൈവരിക്കാത്തതുകൊണ്ടാണ് ലങ്കൻ താരത്തിന് എൻഒസി നിഷേധിച്ചത്. കേസിന് പുറമെ വിരമിക്കല്‍ ഭീഷണിയും തുഷാര ഉയർത്തിയിട്ടുണ്ട്.
ശ്രീലങ്ക ക്രിക്കറ്റിൻ്റെ പ്രസിഡൻ്റ് ഷമ്മി സില്വാ, സെക്രട്ടറി ബൻഡുല ദിസ്സനായകെ, ട്രഷറർ സുജീവാ ഗോഡാലിയഡ്ഡാ, സിഇഒ ആഷ്ലി ഡി സില്‍വ എന്നിവർക്കെതിരെ ലങ്കൻ പേസർ കോടതിയെ സമീപിച്ചിരിക്കുന്നത്. തുഷാരയുടെ കേസ് ഏപ്രില്‍ ഒമ്പതിന് കൊളംബോ ജില്ലാ കോടതി വാദം കേള്‍ക്കും.മുൻ വർഷങ്ങളിലെ പോലെ തൻ്റെ ഫിറ്റ്നസില്‍ ഒരു മാറ്റവുമില്ല, തൻ്റെ ഭാഗം കേള്‍ക്കാതെയാണ് ലങ്കൻ ക്രിക്കറ്റ് ബോർഡ് നടപടി സ്വീകരിച്ചത്. തനിക്ക് നീതി ലഭിക്കാത്തത് കൊണ്ടാണ് കോടതിയെ സമീപിച്ചതെന്നും തുഷാര പറഞ്ഞു. 1.6 കോടി രൂപയ്ക്കാണ് കഴിഞ്ഞ സീസണില്‍ ആർസിബി നുവാൻ തുഷാരയെ സ്വന്തമാക്കുന്നത്. ആർസിബിക്ക് വേണ്ടി ഒരു മത്സരത്തില്‍ തുഷാര കളിക്കുകയും ചെയ്തിരുന്നു. എൻഒസി ലഭിക്കാതെ വന്നത് തൻ്റെ അവസരങ്ങളും സാമ്പത്തികമായി നേട്ടം ഇല്ലാതാക്കി പേസ് താരം കോടതിയില്‍ സമർപ്പിച്ച പരാതിയില്‍ പറഞ്ഞു.