തൃശൂർ: 62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ പിടിയില്‍. തൃശൂർ ദേശീയപാതയില്‍ മുടിക്കോട് ഇന്ന് രാവിലെയായിരുന്നു സംഭവം.കർണാടക സ്വദേശി ഉദയ് ശങ്കർ ആണ് കസ്റ്റഡിയിലായത്.നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എക്സൈസ് സ്ക്വാഡിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം വാഹന പരിശോധന നടക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസില്‍ നിന്ന് ഉദയ് ശങ്കർ പിടിയിലായത്. കർണാടകയിലെ വസ്തു വിറ്റ് ലഭിച്ച പണമാണ് ഇതെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. കൊച്ചിയില്‍ മറ്റൊരു വസ്തു വാങ്ങുന്നതിനായി അഡ്വാൻസ് നല്‍കുന്നതിനാണ് ഈ പണം കയ്യില്‍ കരുതിയിരുന്നതെന്നും ഉദയ് ശങ്കർ പറഞ്ഞു.എന്നാല്‍, ഇതുമായി ബന്ധപ്പെട്ട യാതൊരു രേഖകളും പിടിക്കപ്പെട്ടയാളുടെ കൈവശം ഉണ്ടായിരുന്നില്ല. പിടിച്ചെടുത്ത പണം ആദായ നികുതി വകുപ്പിന് എക്സൈസ് സ്ക്വാഡ് കൈമാറിയിട്ടുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കർണാടകയില്‍ നിന്ന് എത്തിച്ച പണമാണോ ഇതെന്ന് പരിശോധിക്കുമെന്നും അധികൃതർ അറിയിച്ചു.