സിംഗപ്പൂരില്‍: സെയില്‍സ് തസ്തികയിലേക്ക് അപേക്ഷിച്ച യുവാവിന് ഒരു കമ്പനിയുടെ സിഇഒയില്‍ നിന്നും നേരിടേണ്ടി വന്നത് അത്യന്തം മോശമായ പെരുമാറ്റം.’ദി ഇൻഡിപെൻഡന്റ് സിംഗപ്പൂർ’ ആണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്റർവ്യൂവിന്റെ അവസാന ഘട്ടത്തിലാണത്രെ നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. സെയില്‍സ് തസ്തികയിലേക്കുള്ള ആദ്യത്തെ രണ്ട് ഘട്ട ഇന്റർവ്യൂകളും വളരെ പോസിറ്റീവ് ആയാണ് നടന്നത്. ഉദ്യോഗാർത്ഥിയുടെ റെസ്യൂമെയെ ഹയറിംഗ് മാനേജർ പ്രശംസിക്കുകയും അദ്ദേഹം ആ ജോലിക്ക് അനുയോജ്യനാണെന്ന് പറയുകയും ചെയ്തിരുന്നു.

എന്നാല്‍, അവസാന ഘട്ടത്തില്‍ സിഇഒയുമായി ഫോണ്‍ വഴിയായിരുന്നു ഇന്റർവ്യൂ. ‘ആറുമാസത്തിനുള്ളില്‍ എത്ര സെയില്‍സ് നേടിത്തരാൻ കഴിയും’ എന്ന സിഇഒയുടെ ചോദ്യമാണ് തർക്കത്തിലേക്ക് നയിച്ചത്. കൃത്യമായ മറുപടി നല്‍കുന്നതിന് മുൻപ് ഉല്‍പ്പന്നം വില്‍പ്പന പൂർത്തിയാക്കാൻ എടുക്കുന്ന സമയത്തെ കുറിച്ച് യുവാവ് തിരിച്ചു ചോദിച്ചു. ഈ ചോദ്യം സിഇഒയെ ദേഷ്യം കൊള്ളിക്കുകയായിരുന്നത്രെ. ഉദ്യോഗാർത്ഥി ഒഴികഴിവുകള്‍ പറയുകയാണെന്ന് ആരോപിച്ച സിഇഒ, മോശമായ ഭാഷയില്‍ സംസാരിക്കാൻ തുടങ്ങി. അമിതമായ വാഗ്ദാനങ്ങള്‍ നല്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് യുവാവ് വ്യക്തമാക്കിയതോടെ, ‘ഗെറ്റ് ലോസ്റ്റ്’ എന്ന് സിഇഒ ആക്രോശിച്ചു. നിന്നെപ്പോലെയുള്ളവർ ഒരിക്കലും വിജയിക്കില്ലെന്നും ജീവിതകാലം മുഴുവൻ ദരിദ്രനായി തുടരുമെന്നും സിഇഒ പരിഹസിച്ചതായും റിപ്പോർട്ടില്‍ പറയുന്നു.സിഇഒയുടെ പെരുമാറ്റം അതിരുവിട്ടതോടെ ഉദ്യോഗാർത്ഥി തന്നെ ഫോണ്‍ കോള്‍ അവസാനിപ്പിക്കാൻ തീരുമാനിച്ചു. ‘നിങ്ങളെപ്പോലെ ഇത്രയും മോശമായി പെരുമാറുന്ന ഒരാളുടെ കീഴില്‍ ജോലി ചെയ്യാൻ എനിക്ക് താല്പര്യമില്ല’ എന്ന് മറുപടി നല്കിയ ശേഷമാണ് യുവാവ് കോള്‍ കട്ട് ചെയ്തത്. തൊഴില്‍ മേഖലയിലെ ഇത്തരം മോശം പ്രവണതകളെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചകള്‍ക്കാണ് ഈ സംഭവം വഴിവച്ചിരിക്കുന്നത്.