Home കർണാടക കുടകില്‍ കേരള ആര്‍ടിസി ബസിന് നേരെ തോക്കുചൂണ്ടി കാര്‍ യാത്രക്കാരന്റെ ആക്രമണം

കുടകില്‍ കേരള ആര്‍ടിസി ബസിന് നേരെ തോക്കുചൂണ്ടി കാര്‍ യാത്രക്കാരന്റെ ആക്രമണം

by ടാർസ്യുസ്

ബെംഗളൂരു: വയനാട്ടില്‍ നിന്നു ബെംഗളൂരുവിലേക്കു വരികയായിരുന്ന കേരള ആര്‍ടിസി ബസിനുനേരെ കുടകില്‍ ആക്രമണം. തോക്കുമായി കാറില്‍ വന്നയാളാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.ഗോണിക്കൊപ്പയ്‌ക്കു സമീപം പൊന്നമ്പേട്ടില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. ബസ് കാറില്‍ തട്ടിയെന്നാരോപിച്ചായിരുന്നു ആക്രമണം.കാറിലെത്തിയ അക്രമി യാതൊരു പ്രകോപനവുമില്ലാതെ ബസിനെ മറികടന്നുവന്ന് തടഞ്ഞുനിര്‍ത്തുകയായിരുന്നു.

തുടര്‍ന്ന് കാറില്‍നിന്ന് തോക്കെടുത്ത് ബസിനുനേരെ നീട്ടി. വെടിയുതിര്‍ക്കുമെന്ന് ഭീഷണിമുഴക്കി. ഭയന്ന യാത്രക്കാരും ബസ് ജീവനക്കാരും ബസില്‍നിന്ന് പുറത്തിറങ്ങാന്‍ കൂട്ടാക്കിയില്ല.അക്രമി കാര്‍ റോഡില്‍ തന്നെ ഏറെ നേരം നിര്‍ത്തിയിട്ടത് ഗതാഗതക്കുരുക്കുണ്ടായി. മറ്റു വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ ഇടപെട്ട് പ്രശ്‌നം പറഞ്ഞു തീര്‍ത്തെങ്കിലും ബസ് വീണ്ടും യാത്ര തുടര്‍ന്നതോടെ ഇയാള്‍ പിന്നാലെയെത്തി ഭീഷണിപ്പെടുത്തല്‍ തുടര്‍ന്നു. കാറിനകത്തുനിന്നും ഇരുമ്പുവടിയെടുത്ത് ബസിനുനേരെ എറിയുകയും ചെയ്തു. ഇതോടെ ജീവനക്കാര്‍ ബസ് നിര്‍ത്തുകയും പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു.

പോലീസെത്തിയപ്പോഴേക്കും അക്രമി കാറുമായി മുങ്ങി. ബസ് ജീവനക്കാര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി.സംഭവത്തില്‍ പൊന്നമ്പേട് പോലീസ് കേസെടുത്തു. കര്‍ണാടക രജിസ്ട്രേഷന്‍ കാറിലാണ് ഇയാള്‍ എത്തിയത്. അക്രമിയെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. യാത്രക്കാരെ പിന്നാലെ വന്ന മറ്റു ബസുകളില്‍ ബെംഗളൂരുവിലേക്കു കയറ്റിവിട്ടു.ഇതേ പാതയില്‍ കേരള ആര്‍ടിസി ബസുകള്‍ക്കും മറ്റു യാത്രാ വാഹനങ്ങള്‍ക്കും ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ നേരത്തെയും ഉണ്ടായിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group