Home കർണാടക ബെംഗളൂരുവില്‍ മിന്നല്‍ പരിശോധന! അനധികൃതമായി താമസിച്ചുവന്ന മുപ്പതിലധികം ബംഗ്ലാദേശികള്‍ പിടിയില്‍

ബെംഗളൂരുവില്‍ മിന്നല്‍ പരിശോധന! അനധികൃതമായി താമസിച്ചുവന്ന മുപ്പതിലധികം ബംഗ്ലാദേശികള്‍ പിടിയില്‍

by ടാർസ്യുസ്

ബെംഗളൂരു :നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സുരക്ഷാസേന നടത്തിയ മിന്നല്‍ പരിശോധനയില്‍ അനധികൃതമായി താമസിച്ചുവന്ന നിരവധി ബംഗ്ലാദേശികള്‍ പിടിയിലായി.ബംഗളൂരു സിറ്റി പോലീസ് കമ്മീഷണർ സീമന്ത് കുമാർ സിംഗിന്റെ പ്രത്യേക നിർദ്ദേശപ്രകാരം നടത്തിയ തിരച്ചിലില്‍ രേഖകളില്ലാതെ നഗരത്തില്‍ കഴിഞ്ഞിരുന്ന മുപ്പതിലധികം പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കൃത്യമായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒരേസമയം വിവിധയിടങ്ങളിലായിരുന്നു പോലീസ് നടപടി.

രാമമൂർത്തി നഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ കെ. ചന്നസന്ദ്രയില്‍ നിന്ന് 11 പേരെയും ബാഗലൂർ, യെലഹങ്ക മേഖലകളില്‍ നിന്നായി ഇരുപതോളം പേരെയുമാണ് പ്രാഥമിക ഘട്ടത്തില്‍ പിടികൂടിയത്. ബെല്ലഹള്ളി ഗാർബേജ് പോയിന്റിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടവരെ ചോദ്യം ചെയ്തപ്പോഴാണ് ഇവർ ബംഗ്ലാദേശ് പൗരന്മാരാണെന്ന വിവരം പുറത്തുവന്നത്. ഇവരുടെ പക്കല്‍ കൃത്യമായ യാത്രാരേഖകളോ തിരിച്ചറിയല്‍ രേഖകളോ ഉണ്ടായിരുന്നില്ലെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. പിടിയിലായവർ തങ്ങള്‍ ബംഗ്ലാദേശികളാണെന്ന് പ്രാഥമിക ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്.പൊതുജനങ്ങളില്‍ നിന്ന് ലഭിച്ച പരാതികളും രഹസ്യവിവരങ്ങളും ക്രോഡീകരിച്ചാണ് പോലീസ് ഈ ഓപ്പറേഷൻ നടപ്പിലാക്കിയത്. കസ്റ്റഡിയിലെടുത്തവരുടെ പശ്ചാത്തലവും രേഖകളും നിലവില്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. വരും ദിവസങ്ങളിലും നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പരിശോധന വ്യാപിപ്പിക്കുമെന്നും അനധികൃതമായി താമസിക്കുന്ന വിദേശികള്‍ക്കെതിരെ കർശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group