Home തിരഞ്ഞെടുത്ത വാർത്തകൾ അധികാരത്തോട് മോഹമായിരുന്നെങ്കില്‍ മിണ്ടാതെ വായില്ലാക്കുന്നില്‍ അപ്പനായി ഇരുന്നാല്‍ മതിയായിരുന്നു, തെരഞ്ഞെടുപ്പ് രാഷ്ട്രീയം മനസിലില്ല; പ്രേംകുമാര്‍

അധികാരത്തോട് മോഹമായിരുന്നെങ്കില്‍ മിണ്ടാതെ വായില്ലാക്കുന്നില്‍ അപ്പനായി ഇരുന്നാല്‍ മതിയായിരുന്നു, തെരഞ്ഞെടുപ്പ് രാഷ്ട്രീയം മനസിലില്ല; പ്രേംകുമാര്‍

by ടാർസ്യുസ്

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് നിലവില്‍ ആലോചനയിലില്ലെന്ന് നടൻ പ്രേംകുമാർ. കോണ്‍ഗ്രസ് നേതാക്കളുമായി ചർച്ച നടന്നിട്ടുണ്ട്.പക്ഷേ മത്സരിക്കുന്നത് ചർച്ചയായിട്ടില്ല. എന്നാല്‍, നാളെ എന്ത് നടക്കുമെന്ന് തനിക്ക് അറിയില്ലെന്നും പ്രേംകുമാർ പറഞ്ഞു. കോണ്‍ഗ്രസിലേക്ക് പോകുമെന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ല. താനൊരു കെഎസ്‍യു പ്രവര്‍ത്തകനായിരുന്നു. രാഷ്ട്രീയപ്രവർത്തകനായി പരിഗണിച്ചല്ല സർക്കാർ തനിക്ക് നിയമനം നല്‍കിയത്. ജനങ്ങളുടെ പക്ഷം നില്‍ക്കുന്ന പ്രത്യയശാസ്ത്രമായാണ് കമ്മ്യൂണിസത്തെ കണ്ടത്. ആ പ്രസ്ഥാനത്തോട് ഇപ്പോഴും അനുഭാവമുണ്ട്. പ്രത്യേക സാഹചര്യത്തിലാണ് താൻ ചലച്ചിത്ര അക്കാദമി ചെയർമാനായത്. തന്നെ മാറ്റിയതിന്‍റെ കാരണം ഇതുവരെ ആരും വ്യക്തമാക്കിയിട്ടില്ല. മാധ്യമങ്ങളില്‍ നിന്നാണ് ആശ സമരത്തെക്കുറിച്ച്‌ താൻ പറഞ്ഞതാണ് കാരണമെന്നറിയുന്നത്. കാലാവധിയാണ് വിഷയമെങ്കില്‍ മറ്റു പലരും പല അക്കാദമികളിലും കാലാവധി കഴിഞ്ഞ് തുടരുന്നുണ്ട്. താൻ ആത്മാർത്ഥമായിട്ടാണ് പ്രവർത്തിച്ചത്. തന്നെക്കുറിച്ച്‌ പരാതികള്‍ ഒന്നുമില്ല.പുറത്താക്കുന്ന വിവരം പത്രമാധ്യമങ്ങളിലൂടെ അറിയേണ്ടി വന്നത് ഒരു ചെയർമാന്‍റെ ഗതികേടാണ്. ആത്മാഭിമാനത്തിന് ഏറ്റ ഏറ്റവും വലിയ മുറിവാണത്.പുറത്താക്കിയശേഷം ആരും തന്നെ ബന്ധപ്പെട്ടിട്ടില്ല. ഈ നിമിഷം വരെ ഔദ്യോഗിക അറിയിപ്പ് ഒന്നും ലഭിച്ചിട്ടില്ല. സിനിമാ നയരൂപീകരണ സമിതിയിലെ അംഗമാണ് താൻ. ചർച്ചകള്‍ക്കൊന്നും വിളിക്കാറില്ല. അഭിപ്രായസ്വാതന്ത്ര്യം ഇല്ലാത്തിടത്ത് എങ്ങനെയാണ് നിലനില്‍ക്കുക? അധികാരത്തിനോട് തനിക്ക് മോഹമായിരുന്നെങ്കില്‍ മിണ്ടാതെ വായില്ലാക്കുന്നില്‍ അപ്പനായി ഇരുന്ന മതിയല്ലോ. കെ സച്ചിദാനന്ദൻ സർക്കാരിനെ രൂക്ഷമായി വിമർശിച്ചു. എന്നിട്ടുംഎന്തുകൊണ്ട് അദ്ദേഹത്തിന് എതിരെ നടപടി ഉണ്ടാകുന്നില്ല?. ഇരട്ട നീതിയാണ് ഉണ്ടായത്. തന്‍റെ മനസില്‍ കൃത്യവും വ്യക്തവുമായ രാഷ്ട്രീയമുണ്ട്.തെരഞ്ഞെടുപ്പ് രാഷ്ട്രീയം മനസിലില്ല. നാളെ എന്ത് സംഭവിക്കുമെന്ന് ഇന്ന് പറയാനാകില്ല. താനുമായി കോണ്‍ഗ്രസിലെ എല്ലാ ഭാഗങ്ങളില്‍ നിന്നും ചർച്ച നടക്കുന്നുണ്ട്.കൂടെ നില്‍ക്കണമെന്ന ആവശ്യമുണ്ട്. ചിലരുമായി ഫോണില്‍ സംസാരിച്ചു. വർഗീയ ഫാസിസത്തിനുള്ള രാഷ്ട്രീയ ബദലായി കാണുന്നത് കോണ്‍ഗ്രസിനെയാണ്. ദേശീയ തലത്തില്‍ നിലനില്‍ക്കേണ്ട പാർട്ടിയാണ് കോണ്‍ഗ്രസ്. ഇടതുപക്ഷവും ഇതിനൊപ്പമാണ് നില്‍ക്കേണ്ടതെന്നും പ്രേം കുമാര്‍ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group