തിരുവനന്തപുരം: മെഡിക്കൽകോളേജിൽ ഡോക്ടർ ചമഞ്ഞെത്തിയ യുവതി പിടിയിൽ. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരാണ് യുവതിയെ പിടികൂടിയത്. ന്യൂറോ സർജനെന്ന വ്യാജേന സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ കടന്നുകൂടിയ ഇവ എന്ന യുവതിയാണ് പിടിയിലായത്. വേഷം മാറി രക്ഷപ്പെടാൻ ശ്രമിക്കവേ സുരക്ഷാ ജീവനക്കാർ പിടികൂടുകയായിരുന്നു.രാവിലെ ആശുപത്രിയിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ എത്തിയ യുവതി താൻ ന്യൂറോ സർജറി വിഭാഗത്തിലെ സീനിയർ റസിഡന്റ് ആണെന്നാണ് സുരക്ഷാ ജീവനക്കാരോട് പറഞ്ഞത്. എന്നാൽ പെരുമാറ്റത്തിൽ സംശയം തോന്നിയ ജീവനക്കാർ വിവരം അധികൃതരെ അറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇത്തരത്തിൽ ഒരു ഡോക്ടർ ജോലി ചെയ്യുന്നില്ലെന്ന് വ്യക്തമായി.സംശയം തോന്നിയ ഉടൻ ആശുപത്രി അധികൃതർ നടത്തിയ തിരച്ചിലിൽ യുവതിയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് യുവതിയുടെ നീക്കങ്ങൾ വ്യക്തമായത്. ലിഫ്റ്റിൽ അഞ്ചാം നിലയിലെത്തിയ ശേഷം പടവുകളിലൂടെ താഴെയിറങ്ങിയ യുവതി, കാന്റീനിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം പുറത്തേക്ക് പോകുന്നതായി ദൃശ്യങ്ങളിൽ കണ്ടു.പതിനൊന്നരയോടെ വേഷം മാറി മറ്റൊരു സാരി ധരിച്ചെത്തിയ യുവതി, മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന് മുന്നിൽ നിന്നും ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ, വനിതാ സെക്യൂരിറ്റി ജീവനക്കാർ ഇവരെ തടയുകയും മെഡിക്കൽ കോളജ് പോലിസിന് കൈമാറുകയുമായിരുന്നു.’ഇവ’ എന്ന പേരിലാണ് യുവതി സ്വയം പരിചയപ്പെടുത്തിയത്. പെരുന്ന സ്വദേശിയായ ഇവർ നിലവിൽ പേരൂർക്കടയിലാണ് താമസിക്കുന്നതെന്ന് പോലിസിനോട് പറഞ്ഞു. സെക്യൂരിറ്റി ഓഫീസറുടെ പരാതിയിൽ മെഡിക്കൽ കോളജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം വേഷം മാറി ആശുപത്രിയിലെത്തിയതിനു പിന്നിലെ ഉദ്ദേശ്യം ഇപ്പോഴും വ്യക്തമല്ല. ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.