ബെംഗളൂരു: നഗരത്തിൽ വാഹനാപകടമുണ്ടാകാൻ കൂടുതൽ സാധ്യതയുള്ള 64 ‘ബ്ലാക്ക് സ്പോട്ടുകൾ’ ഉണ്ടെന്ന് സിറ്റി ട്രാഫിക് പോലീസ്. 2023 മുതൽ 2025 വരെ നഗരത്തിൽ കൂടുതൽ അപകടങ്ങളുണ്ടായ സ്ഥലങ്ങൾ ഉൾപ്പെടുത്തിയാണ് ട്രാഫിക് പോലീസ് ബ്ലാക്ക് സ്പോട്ടുകളുടെ മാപ്പ് തയ്യാറാക്കിയത്. 500 മീറ്റർ ദൂരമാണ് ഓരോ ബ്ലാക്ക് സ്പോട്ടിലും അടയാളപ്പെടുത്തിയിരിക്കുന്നത്.ബാനസവാടി, കെ.ആർ. പുരം, എച്ച്.എ.എൽ. എയർ പോർട്ട് പോലീസ് സ്റ്റേഷൻ ഉൾ പ്പെടുന്ന കിഴക്കൻ ബെംഗളൂരു മേഖലയാണ് നഗരത്തിൽ കൂടുതൽ അപകടസാധ്യതയുള്ളതെന്നാണ് കണ്ടെത്തൽ. ബനസവാടി ട്രാഫിക് പോലീസ് സ്റ്റേഷൻ അധികാരപരിധിയിൽ മാത്രം നാല് പ്രധാന ബ്ലാക്ക് സ്പോട്ടുകൾ ഉണ്ട്, ക്രോമ ഷോറൂമിന് സമീപമുള്ള ഒ.ആർ.ആർ, രാമമൂർത്തി നഗര എ.എസ്.ആർ കല്യാണ മണ്ഡപ,ടിൻഫാക്ടറി സ്കൈ വാക്ക് മുതൽ ഹാംഗിംഗ് ബ്രിഡ്ജ് മദീന മസ്ജിദ് ഓൾഡ് മദ്രാസ് റോഡ്, ബാബുസപാളയ ബസ് സ്റ്റാൻഡ് ഒ.ആർ.ആർ എന്നിവ ഇതിൽ ഉൾപ്പെടുന്നു.കെആർ പുരയോട് അടുത്ത് നിൽക്കുന്ന ഭട്ടാരഹള്ളി മുതൽ മേടഹള്ളി പാലം, ബെസ്കോം ഓഫീസ്, കെആർ പുര മുതൽ ബസ് ഡെപ്പോ ജംഗ്ഷൻ ഓൾഡ് മദ്രാസ് റോഡ്, ആവലഹള്ളി, ടൊയോട്ട ഷോറൂമിന് എതിർവശം, കടംനല്ലൂർ ക്രോസ് എന്നിങ്ങനെ എൻഎച്ച്-75 ൽ നാല് ബ്ലാക്ക് സ്പോട്ടുകൾ വീതമുണ്ട്.കഴിഞ്ഞ മൂന്ന് വർഷങ്ങൾക്കിടയിൽ യാത്രക്കാരുടെ ജീവനപഹരിച്ച മൂന്നോ അതിലധികമോ വാഹനാപകടങ്ങൾ ഉണ്ടായ സ്ഥലങ്ങളാണ് ബ്ലാക്ക് സ്പോട്ടുകൾ. വാഹനങ്ങൾ അമിതവേഗത്തിൽ പോകുന്നതും റോഡുകൾ മോശം ഗുണനിലവാരത്തി ലുള്ളതുമായ സ്ഥലങ്ങളാണിവ.