ബെംഗളൂരു: ആർടി നഗർ ഫ്ലൈ ഓവറിന് സമീപം ട്രാഫിക് പോലീസുദ്യോഗസ്ഥനും ടാക്സി ഡ്രൈവറും തമ്മിലുണ്ടായ കയ്യാങ്കളിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി.നിസാരമായ പാർക്കിംഗ് പ്രശ്നത്തെ ചൊല്ലിയുണ്ടായ സംഘർഷത്തില്‍, പോലീസുദ്യോഗസ്ഥൻ ഡ്രൈവറെ മർദിച്ചു എന്നാണ് ആരോപണം. ‘കർണാടക പോർട്ട്ഫോളിയോ’ എന്ന സോഷ്യല്‍ മീഡിയ പേജാണ് ‘ഞെട്ടിക്കുന്ന സംഭവം” എന്ന തലക്കെട്ടോടെ വീഡിയോ പങ്കുവെച്ചത്.
വെറും അഞ്ച് മിനിറ്റ് നേരത്തേക്ക് പാർക്ക് ചെയ്തതിൻ്റെ പേരില്‍ ഉദ്യോഗസ്ഥൻ ഡ്രൈവറോട് അധിക്ഷേപ ഭാഷയില്‍ സംസാരിക്കുകയും, പിന്നീട് പൊതുജനമധ്യത്തില്‍ വെച്ച് ഡ്രൈവറെ അടിക്കുകയും പിടിച്ചുതള്ളുകയും ചെയ്തെന്ന് പോസ്റ്റിൻ്റെ അടിക്കുറിപ്പില്‍ പറയുന്നു. ഉദ്യോഗസ്ഥൻ അധികാരം ദുരുപയോഗം ചെയ്തുവെന്ന് ദൃക്സാക്ഷികളും ആരോപിച്ചു.പൊലീസുദ്യോഗസ്ഥനോ ഡ്രൈവറോ ആരായാലും കുറ്റക്കാർക്കെതിരെ ഉടനടി നിഷ്പക്ഷമായ അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന് ‘കർണാടക പോർട്ട്ഫോളിയോ’ ആവശ്യപ്പെട്ടു.
വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ, ബംഗളൂരു സിറ്റി പോലീസിൻ്റെ ഔദ്യോഗിക ‘എക്സ്’ അക്കൗണ്ട് ആർടി നഗർ ട്രാഫിക് പൊലീസിനെയും ട്രാഫിക് നോർത്ത് വിഭാഗം ഡെപ്യൂട്ടി കമ്മീഷണറെയും ടാഗ് ചെയ്തുകൊണ്ട് വിഷയത്തില്‍ അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.അതേസമയം, വീഡിയോ കണ്ട സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്കിടയില്‍ ഭിന്നാഭിപ്രായമാണ് ഈ കാര്യത്തില്‍. ഉദ്യോഗസ്ഥൻ്റെ ആക്രമണോത്സുകമായ പെരുമാറ്റത്തെ പലരും അപലപിച്ചപ്പോള്‍, തെറ്റായ സ്ഥലത്ത് വാഹനം പാർക്ക് ചെയ്ത ഡ്രൈവറുടെ നിരുത്തരവാദപരമായ നടപടിയെ വിമര്‍ശിക്കുന്നവരും കൂട്ടത്തിലുണ്ട്.
“തെറ്റായ സ്ഥലത്ത് വണ്ടി പാർക്ക് ചെയ്ത ഡ്രൈവർ നിരപരാധിയല്ല. ഉദ്യോഗസ്ഥൻ്റെ മർദ്ദനം അപലപനീയമാണെങ്കിലും, തെറ്റായ പാര്‍ക്കിങ്ങിനുള്ള ന്യായീകരണമല്ല അത്. അഞ്ച് മിനിറ്റാണെങ്കില്‍ പോലും അത് സൃഷ്ടിക്കുന്ന കുഴപ്പങ്ങള്‍ ഊഹിക്കാവുന്നതേയുള്ളൂ. ഡ്രൈവറെയും ശിക്ഷിക്കണം ഒരാള്‍ കുറിച്ചു. പൊലീസ് ഒരിക്കലും അനാവശ്യമായി ഒരു ഡ്രൈവറെ തടയില്ല. ആരെങ്കിലും മോശമായി പെരുമാറിയാലോ മാത്രമേ ഒരു മനുഷ്യനും അത് സഹിക്കില്ല, എന്ന് പറഞ്ഞ് ഉദ്യോഗസ്ഥനെ ന്യായീകരിച്ചവരും ഉണ്ട്.