Home പ്രധാന വാർത്തകൾ ജാതിസര്‍വേയ്‌ക്കെത്തിയ അധ്യാപികയെ വീട്ടിനുള്ളില്‍ പൂട്ടിയിട്ടു; യുവാവ് അറസ്റ്റില്‍

ജാതിസര്‍വേയ്‌ക്കെത്തിയ അധ്യാപികയെ വീട്ടിനുള്ളില്‍ പൂട്ടിയിട്ടു; യുവാവ് അറസ്റ്റില്‍

by admin

ബെംഗളൂരു: ജാതിസര്‍വേ നടത്താന്‍ എത്തിയ അധ്യാപികയെ വീട്ടിനുള്ളില്‍ പൂട്ടിയിട്ട യുവാവ് അറസ്റ്റില്‍. ബെംഗളൂരു ബന്ദ്രപ്പഹള്ളിയില്‍ താമസിക്കുന്ന സന്ദീപാണ് (31) കോടിഗഹള്ളി സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപിക സുശീലയെ പൂട്ടിയിട്ടത്. കഴിഞ്ഞദിവസം സര്‍വേക്കായി സന്ദീപിന്റെ വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം.
സുശീല ഫോണ്‍വിളിച്ച് അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് എത്തി മോചിപ്പിക്കുകയും സന്ദീപിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
നഗരത്തില്‍ ചായക്കട നടത്തുന്ന സന്ദീപ് വീട്ടിലില്ലാതിരുന്ന സമയത്താണ് സുശീല സര്‍വേ നടത്താന്‍ എത്തിയത്. സന്ദീപിന്റെ അമ്മയില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നതിനിടെ ഇയാള്‍ എത്തുകയായിരുന്നു. ആധാര്‍ തുടങ്ങിയ രേഖകള്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് സന്ദീപ് ഇതിനെ ചോദ്യംചെയ്യുകയും തര്‍ക്കിക്കുകയുമായിരുന്നു.

തട്ടിപ്പു നടത്താന്‍ ശ്രമിക്കുന്നെന്ന് ആരോപിച്ചായിരുന്നു സന്ദീപ് ബഹളംവെച്ചത്. സര്‍വേക്കുവേണ്ടി നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചിട്ടും സന്ദീപ് അംഗീകരിച്ചില്ല. പിന്നീട് അധ്യാപികയെ ഒരു മുറിയില്‍ കയറ്റി പൂട്ടിയിടുകയായിരുന്നു.
സുശീലയുടെ ഫോണ്‍കോളിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ഇവരെ മോചിപ്പിക്കുകയും സന്ദീപിനെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.

പിന്നീട് സുശീലയുടെ രേഖാമൂലമുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് സന്ദീപിനെ അറസ്റ്റ് ചെയ്തു. സംസ്ഥാന പിന്നാക്ക കമ്മിഷന്റെ നേതൃത്വത്തില്‍ നടത്തുന്ന ജാതിസര്‍വേയില്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ അധ്യാപകര്‍ അടക്കമുള്ള സര്‍ക്കാര്‍ ജീവനക്കാരെയാണ് നിയമിച്ചിരിക്കുന്നത്. സര്‍വേയില്‍ വിവരങ്ങള്‍ നല്‍കണമെന്ന് നിര്‍ബന്ധമില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സര്‍വേ ബഹിഷ്‌കരിക്കാന്‍ ബിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group