Home Featured മൈസൂരു മൃഗശാലയിൽ മൃഗങ്ങളുടെ എണ്ണം കൂട്ടാൻ നീക്കം

മൈസൂരു മൃഗശാലയിൽ മൃഗങ്ങളുടെ എണ്ണം കൂട്ടാൻ നീക്കം

by admin

മൈസൂരു: മൈസൂരു മൃഗശാലയിൽ മൃഗങ്ങളുടെ എണ്ണം കൂട്ടാൻ നീക്കം. കൂടുതൽ വന്യമൃഗങ്ങളെ വിദേശത്തുനിന്നടക്കം എത്തിക്കാനാണ് അധികൃതരുടെ തീരുമാനം. ഇതിനായി കേന്ദ്ര മൃഗശാലാ അതോറിറ്റിയുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്ന് മൈസൂരു മൃഗശാല എക്സിക്യുട്ടീവ് ഡയറക്‌ടർ പി. അനുഷ പറഞ്ഞു.

അടുത്തിടെ ചിലമൃഗങ്ങൾ മൃഗശാലയിൽ ചത്തിരുന്നു. പദ്‌മാവതി എന്ന ആന, സിംഹവാലൻ കുരങ്ങ്, പതിറ്റാണ്ടിലേറെ ഇവിടെയുണ്ടായിരുന്ന ജാഗ്വാർ എന്നിവയാണ് ചത്തത്. അതിനാലാണ് കൂടുതൽ മൃഗങ്ങളെ എത്തിച്ച് എണ്ണംകൂട്ടാനുള്ള നീക്കം ആരംഭിച്ചത്.മാർജാരകുടുംബത്തിലെ വലിയ മൃഗങ്ങളിൽ ഒന്നാണ് ജാഗ്വാർ. കാഴ്‌ചയിൽ പുള്ളിപ്പുലിയെക്കാൾ വലുതും കടുവയുടെ സ്വഭാവസവിശേഷതകൾ പുലർത്തുന്നതുമായ ഈ ജീവി അമേരിക്കയുടെ തെക്കൻ ഭാഗങ്ങളിലും മെക്‌സിക്കോ, പാരഗ്വായ്, വടക്കൻ അർജന്റീന എന്നിവിടങ്ങളിലുമാണ് കാണപ്പെടുന്നത്.

ഇവയെയടക്കം കൂടുതൽ ഇനങ്ങളെ എത്തിക്കാനാണ് കേന്ദ്രത്തിന്റെ അനുമതിതേടിയത്. നിലവിൽ ഒരു ജാഗ്വാർ മാത്രമേ മൈസൂരു മൃഗശാലയിലുള്ളൂ.133 വർഷം പഴക്കമുള്ള മൈസൂരു മൃഗശാലയിൽ പ്രജനനകേന്ദ്രമുള്ളതിനാൽ ആവശ്യത്തിന് സിംഹവാലൻ കുരങ്ങുകളുണ്ട്. അതിനാൽ ഇവയെ എത്തിക്കേണ്ട ആവശ്യമില്ല. ഇവിടെയെത്തിക്കാനുള്ള കൂടുതൽ വിദേശമൃഗങ്ങളുടെ പട്ടിക തയ്യാറാക്കുകയാണെന്ന് പി. അനുഷ അറിയിച്ചു.

25-ലധികം രാജ്യങ്ങളിൽനിന്നുള്ള 150-ലധികം ഇനങ്ങളിലായി 1450-ലധികം മൃഗങ്ങൾ നിലവിൽ ഇവിടെയുണ്ട്. 157.02 ഏക്കർ വിസ്തൃതിയിലുള്ള മൃഗശാലയിൽ നിലവിൽ കൂടുതൽ മൃഗങ്ങളെ പാർപ്പിക്കാനുള്ള സൗകര്യമുണ്ട്. ഇക്കാര്യവും കേന്ദ്രത്തിന് നൽകിയ അപേക്ഷയിൽ സൂചിപ്പിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.ഇന്ത്യയിലെ പ്രാദേശിക മൃഗശാലകളിൽനിന്ന് കൈമാറ്റവ്യവസ്ഥയിലൂടെ കൂടുതൽ മൃഗങ്ങളെയെത്തിക്കും. വൈവിധ്യമാർന്ന വിദേശയിനങ്ങളെ പരിചയപ്പെടുത്തുക, ആഗോള വന്യജീവികളെക്കുറിച്ച് ആഴത്തിലുള്ള ധാരണ വളർത്തുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അവർ അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group