മൈസൂരുവില്‍ വാട്സ്ആപ്പില്‍ ആറാം ക്ലാസുകാരിയെ വില്പനയ്ക്ക് വെച്ച സംഭവത്തില്‍ അന്വേഷണം ഊർജിതമാക്കി പൊലീസ്.കുട്ടിയുടെ രക്ഷിതാക്കളെ കണ്ടെത്താനുള്ള നീക്കം ശക്തമാക്കിയിട്ടുണ്ട്. കുട്ടികളെ കാണാതായ കേസുകളുമായി ചേർത്ത് വെച്ചാണ് പരിശോധന. 12വയസുള്ള കുട്ടിയെ വില്പനയ്ക്ക് വെച്ച സംഭവത്തില്‍ വാട്സാപ്പ് ഗ്രൂപ്പ് കേന്ദ്രീകരിച്ചാണ് വിജയനഗര പൊലീസ് പ്രധാനമായും അന്വേഷണം നടത്തുന്നത്. കുട്ടിയെ ആവശ്യപ്പെട്ട് ബന്ധപ്പെട്ടവരെയും ഇവരുമായി സംസാരിച്ചവരെയും കണ്ടെത്താനാണ് നീക്കം.
കുട്ടി ആരുടേതാണ് എന്ന് കണ്ടെത്താനും നീക്കം തുടങ്ങിയിട്ടുണ്ട്. 12കാരി തന്റെ മകളാണെന്നാണ് ഇടപാടുകാരെന്ന വ്യാജേന എത്തിയ സന്നദ്ധ സംഘടന പ്രവർത്തകരോടും പൊലീസിനോടും പിടിയിലായ ശോഭ ആദ്യം പറഞ്ഞത്.വീണ്ടും ചോദ്യം ചെയ്തപ്പോള്‍ സഹോദരന്റെ പുത്രിയാണെന്ന് പറഞ്ഞു. കുഞ്ഞിനെ ദത്തെടുത്തതാണെന്ന് പിന്നെയും മാറ്റി പറഞ്ഞു. ഈ വൈരുധ്യം പൊലീസിനെ കുഴക്കുന്നുണ്ട്. 20 ലക്ഷം രൂപ ആവശ്യപ്പെടുന്നത് കുട്ടിയുടെ അച്ഛന്റെ ചികിത്സയ്ക്കാണെന്നും തങ്ങള്‍ക്ക് ഇതില്‍ കമ്മീഷനൊന്നുമില്ലെന്നും ശോഭ പറഞ്ഞതായി എൻജിഒയായ ഒടനാടി സേവ സമസ്തയുടെ പ്രവർത്തകരും പൊലീസിനോട് പറഞ്ഞു.
ഇക്കാര്യത്തിലെ ദുരൂഹത നീക്കാൻ പൊലീസ് നീക്കം തുടങ്ങി.കുട്ടികളെ കാണാതായ കേസുകള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. ഋതിമതിയായ ഉടൻ കുട്ടികളുമായി ലൈംഗിക ബന്ധം പുലർത്തുന്നത് രോഗങ്ങള്‍ ശമിപ്പിക്കുമെന്നും ലൈംഗിക ശേഷി കൂട്ടുമെന്നുമുള്ള ഒരു അന്ധവിശ്വാസം കർണാടകത്തിന്റെ ചില ഭാഗങ്ങളിലുണ്ട്. ഇത് മുതലെടുത്ത് കുട്ടികളെ ഉപയോഗിച്ച് ബാല വേശ്യാവൃത്തി നടത്തുന്ന ശൃംഖലയുടെ ഭാഗമാണോ പിടിയിലായ ശോഭയും പങ്കാളി തുളസീകുമാറും എന്ന സംശയവും പൊലീസിനുണ്ട്. പ്രതികളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. വാട്സ്ആപ്പ് ഗ്രൂപ്പുകളിലെ സന്ദേശങ്ങളും ഇടപാടുകളും വിശകലനം ചെയ്ത്, ഈ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊർജിതമാക്കിയിട്ടുണ്ട്. കുട്ടിയുടെ പശ്ചാത്തലവും ഈ വില്‍പ്പനയ്ക്ക് പിന്നിലെ യഥാർഥ ഉദ്ദേശ്യവും വ്യക്തമാക്കാൻ പൊലിസ് തീവ്രശ്രമം നടത്തുന്നു. ഈ സംഭവം, കുട്ടികളെ ലക്ഷ്യമിട്ടുള്ള മനുഷ്യക്കടത്തിന്റെ ഗുരുതരമായ വശങ്ങള് വെളിവാക്കുന്നതിനാല്‍, അന്വേഷണം കൂടുതല്‍ സൂക്ഷ്മമായി മുന്നോട്ട് കൊണ്ടുപോകാനാണ് പൊലിസിന്റെ തീരുമാനം