Home Featured ബെംഗളൂരു: നഗരത്തിലെ പിജി ഹോസ്റ്റലില്‍ യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച്‌ ലൈംഗികാതിക്രമം ; യുവാവ് അറസ്റ്റില്‍.

ബെംഗളൂരു: നഗരത്തിലെ പിജി ഹോസ്റ്റലില്‍ യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച്‌ ലൈംഗികാതിക്രമം ; യുവാവ് അറസ്റ്റില്‍.

by admin

ബെംഗളൂരു: നഗരത്തിലെ പിജി ഹോസ്റ്റലില്‍ യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച്‌ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍.ആന്ധ്രപ്രദേശ് സ്വദേശിയായ സായ് ബാബു ചെന്നുരു(37)വിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വൈറ്റ്ഫീല്‍ഡ്, വൈറ്റ്റോസ് ലേഔട്ടിലെ സ്വകാര്യ പിജിയില്‍ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം.സ്വകാര്യബാങ്ക് ജീവനക്കാരിയായ യുവതിയും പ്രതിയും ഒരേ പിജിയിലാണ് താമസിച്ചിരുന്നത്. ചൊവ്വാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് പ്രതി തന്റെ മുറിയുടെ മുന്നിലെത്തി കോളിങ് ബെല്ലടിച്ചതെന്ന് പരാതിക്കാരി പറഞ്ഞു.

സുഹൃത്താണെന്ന് കരുതിയാണ് യുവതി വാതില്‍ തുറന്നത്. എന്നാല്‍, വാതില്‍ തുറന്നയുടൻ പ്രതി കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും അകത്തുകയറി വാതിലടയ്ക്കുകയുമായിരുന്നു. പിന്നാലെ കത്തി ഉപയോഗിച്ച്‌ കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇതോടെ യുവതി നിലത്തുവീണു. പ്രതി യുവതിയെ വിവസ്ത്രയാക്കി മൊബൈല്‍ഫോണില്‍ ദൃശ്യങ്ങള്‍ പകർത്തി. താനുമായി ലൈംഗികബന്ധത്തിലേർപ്പെടണമെന്നതായിരുന്നു പ്രതിയുടെ ആവശ്യം. യുവതി ഇതിന് വിസമ്മതിച്ചതോടെ കൊല്ലുമെന്നും അതിനുശേഷം താൻ ജീവനൊടുക്കുമെന്നും പ്രതി ഭീഷണിമുഴക്കി.

ഇയാള്‍ 70,000 രൂപ യുവതിയോട് ആവശ്യപ്പെടുകയും ചെയ്തു. ഇത്രയും പണം കൈയില്‍ ഇല്ലെന്നും അടുത്തദിവസം സുഹൃത്തുക്കളില്‍നിന്ന് കടം വാങ്ങി നല്‍കാമെന്നുമായിരുന്നു യുവതിയുടെ മറുപടി. എന്നാല്‍, പ്രതി ബലമായി യുവതിയുടെ ഫോണ്‍ പിടിച്ചുവാങ്ങുകയും ഭീഷണിപ്പെടുത്തി ഓണ്‍ലൈൻ വഴി 14,000 രൂപ സ്വന്തം അക്കൗണ്ടിലേക്ക് അയക്കുകയുംചെയ്തു. സംഭവം ആരോടും പറയരുതെന്നും പുറത്ത് പറഞ്ഞാല്‍ നഗ്നദൃശ്യങ്ങള്‍ വീട്ടുകാർക്കും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.

പ്രതി മുറിയില്‍നിന്ന് പോയതിന് പിന്നാലെ മറ്റൊരു സുഹൃത്തിനെ വിളിച്ചാണ് പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സതേടിയത്. തുടർന്ന് പോലീസിലും വിവരമറിയിക്കുകയായിരുന്നു.അതേസമയം, യുവതിക്കെതിരേയും പിജി നടത്തിപ്പുകാർക്കെതിരേയും പ്രതിയായ സായ് ബാബുവും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. യുവതിയും താനും കഴിഞ്ഞ രണ്ടുമാസമായി അടുപ്പത്തിലാണെന്നാണ് ഇയാളുടെ പരാതിയില്‍ പറയുന്നത്. സംഭവദിവസം യുവതിയുമായി വഴക്കുണ്ടായി താൻ പുറത്ത് പോയി.

രാത്രി പത്തരയോടെയാണ് പിജിയില്‍ തിരിച്ചെത്തിയത്. എന്നാല്‍, പിജി നടത്തിപ്പുകാരായ ശിവ, പ്രദീപ് എന്നിവരും മറ്റുമൂന്നുപേരും ചേർന്ന് തന്നെ മർദിച്ചു. കൈയിലും കാലിലും മുഖത്തും പരിക്കേറ്റു. മർദനമേറ്റ് താൻ ബോധരഹിതനായി. പിറ്റേദിവസം രാവിലെ പിജിയിലെ മറ്റുതാമസക്കാരുടെ സഹായത്തോടെയാണ് ആശുപത്രിയില്‍പോയതെന്നും തുടർന്ന് പോലീസില്‍ വിവരമറിയിച്ചെന്നുമാണ് യുവാവിന്റെ പരാതിയിലുള്ളത്.

യുവതിയുടെ പരാതിയിലാണ് സായ് ബാബുവിനെ അറസ്റ്റ് ചെയ്തിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു. സായ് ബാബുവിനെ മർദിച്ചെന്ന പരാതിയില്‍ അഞ്ചുപേർക്കെതിരേ കേസെടുത്തിട്ടുണ്ടെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. പ്രാഥമികാന്വേഷണത്തില്‍ യുവതിയും സായ്ബാബുവും സുഹൃത്തുക്കളാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group