നിയമസഭയില്‍ ആർഎസ്എസ് ഗണഗീതം ചൊല്ലിയതില്‍ ക്ഷമാപണം നടത്തി കർണാടക ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ.ആർഎസ്എസ് ശാഖകളില്‍ ചൊല്ലിവരുന്ന ‘നമസ്തേ സദാ വത്സലേ മാതൃഭൂമേ’ എന്ന് തുടങ്ങുന്ന ഗണഗീതത്തിൻ്റെ വരികളാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൂടിയായ ഡി. കെ. ശിവകുമാർ ആലപിച്ചത്.താൻ അടിയുറച്ച കോണ്‍ഗ്രസുകാരനെന്നും ആർഎസ്എസിനെക്കുറിച്ചും താൻ ആഴത്തില്‍ പഠിച്ചിട്ടുണ്ടെന്ന് ബിജെപിയെ ബോധ്യപ്പെടുത്താനാണ് ഗണഗീതം പാടിയതെന്നും ശിവകുമാർ വിശദീകരിച്ചു.ഗാന്ധി കുടുംബമാണ് എൻ്റെ ദൈവം, ഗാനാലാപനം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നതായി ശിവകുമാർ പറഞ്ഞു.
ഗാന്ധി കുടുംബത്തോടുള്ള തൻ്റെ ആജീവനാന്ത വിശ്വസ്തതയും കോണ്‍ഗ്രസിനോടുള്ള പ്രതിബദ്ധതയും ഊന്നിപ്പറഞ്ഞു കൊണ്ടാണ് ശിവകുമാർ കാര്യം അവതരിപ്പിച്ചത്. നിയമസഭയില്‍ നടന്ന ചർച്ചയ്ക്കിടെ പ്രതിപക്ഷ നേതാവ് ആർ.അശോകയെവിമർശിക്കാനാണ് താൻ ആർഎസ്എസ് ഗാനം ചൊല്ലിയതെന്നും അല്ലാതെ ആർഎസ്എസിനെ പ്രശംസിക്കാനല്ലെന്നും ശിവകുമാർ പറഞ്ഞു.ഡി.കെ. ശിവകുമാര്‍ ഒരുകാലത്ത് ‘ആര്‍എസ്എസ് വേഷം ധരിച്ചിരുന്നു’എന്ന് പ്രതിപക്ഷ നേതാവ് ആര്. അശോക സഭയില്‍ ഉന്നയിച്ചു.
ഇതിന് മറുപടിയായി ആര്‍എസ്എസിനെ പരിഹസിച്ചുകൊണ്ടായിരുന്നു ഡി.കെ. ശിവകുമാർ ഗണഗീതി ചൊല്ലിയത്. അതേസമയം, സ്കൂള്‍ വിദ്യാർഥിയായിരിക്കെ ബെംഗളൂരുവിലെ രാജാജിനഗർ ഏരിയയിലെ ആർഎസ്എസ് ശാഖകളില്‍ പങ്കെടുത്തിരുന്നതായി ശിവകുമാർ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
ഞാൻ ആരെക്കാളും വലുതല്ല, എല്ലാവർക്കും ശക്തി പകരാനാണ് എന്റെ ജീവിതം. എല്ലാവരുടെയും ബുദ്ധിമുട്ടുകളില്‍ ഞാൻ കൂടെ നിന്നിട്ടുണ്ട്, ഇപ്പോഴും ഞാൻ അവർക്കൊപ്പം നില്ക്കുന്നു,” അദ്ദേഹം പറഞ്ഞു.കഴിഞ്ഞദിവസമായിരുന്നു കർണാടക നിയമസഭയിലെ മണ്‍സൂണ്‍ സമ്മേളനത്തിനിടെയാണ് മുതിർന്ന കോണ്‍ഗ്രസ് നേതാവ് ആർഎസ്എസ് ഗാനം ചൊല്ലിയത്.ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലും 11 പേരുടെ മരണത്തിന് കാരണമായ സംഭവത്തെക്കുറിച്ച് കര്‍ണാടക നിയമസഭയില്‍ നടന്ന ചർച്ചയ്ക്കിടെ ഡി.കെ ശിവകുമാര്‍ ‘നമസ്തേ സദാ വത്സലേ മാതൃഭൂമി’ എന്ന ആർഎസ്എസ് ഗാനത്തിന്റെ ആദ്യത്തെ കുറച്ച് വരികള്‍ ചൊല്ലിയത്.
ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ അപകടത്തിന് ശിവകുമാറും കാരണക്കാരനാണെന്നും ബംഗളൂരു വിമാനത്താവളത്തില്‍ എത്തിയ ആർസിബി ടീമിനെ സ്വീകരിക്കാൻ ശിവകുമാർ പോയെന്നും വിമാനത്താവളത്തില്‍ നിന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിലേക്കുള്ള യാത്രയിലുടനീളം ശിവകുമാറുണ്ടായിരുന്നുവെന്നും ബിജെപി നിയമസഭയില്‍ ആരോപിച്ചു.ശിവകുമാര്‍ ഒരിക്കല്‍ ആര്‍എസ്എസ് വേഷം ധരിച്ചുവെന്ന പ്രതിപക്ഷ നേതാവ് ആർ. അശോക ശിവകുമാറിന്റെ പരാമര്‍ശത്തിന് മറുപടിയായാണ് ഡി.കെ ശിവകുമാര്‍ ആര്‍എസ്എസ് ഗാനം ആലപിച്ചത്. ബിജെപി എംഎല്‍എമാര്‍ ഡി.കെ ശിവകുമാര്‍ പാടുന്നതിനെ പ്രോത്സാഹിപ്പിച്ചു.
73 സെക്കന്റുള്ള വിഡിയോയും സോഷ്യല്‍ മീഡിയയിലും വൈറലായി.ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയിലും വ്യാപക ചര്‍ച്ചകളും വിമര്‍ശനങ്ങളും ഉയര്‍ന്ന് വന്നിരുന്നു.ശിവകുമാറിന്റെ നീക്കം കോണ്‍ഗ്രസ് ഹൈക്കമാൻഡിനെ ലക്ഷ്യം വച്ചുള്ള ഒരു നിഗൂഢ സന്ദേശമായിരിക്കാമെന്നും അതല്ല, സിദ്ധരാമയ്യയ്ക്കുള്ള നേരിട്ടുള്ള മുന്നറിയിപ്പാണോ എന്നും മുഖ്യമന്ത്രി കസേര ഉപേക്ഷിച്ചില്ലെങ്കില്‍ താന്‍ ബിജെപിയില്‍ ചേരാൻ തയ്യാറാണെന്ന സന്ദേശമാണോ ഇതെന്നുമുള്ള കമന്റുകളും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു.വിഡിയോ വലിയ രീതിയില്‍ ചര്‍ച്ചയായതിന് പിന്നാലെ വിശദീകരണവുമായി ഡി.കെ ശിവകുമാര്‍ രംഗത്തെത്തിയിരുന്നു.
താന്‍ നടത്തിയതിന് ആര്‍ക്കുമുള്ള ഒളിഞ്ഞും തെളിഞ്ഞുമുള്ള സന്ദേശമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. താന്‍ ജന്മനാ കോണ്‍ഗ്രസുകാരനാണെന്നും പക്ഷേ,എല്ലാ രാഷ്ട്രീയപാര്‍ട്ടികളെക്കുറിച്ചും ഗവേഷണം നടത്തിയിട്ടുണ്ടെന്നും ശിവകുമാര്‍ വ്യക്തമാക്കിയിരുന്നു.എന്നാല്‍ എന്നിട്ടും വിവാദങ്ങള്‍ വിടാതെ പിന്തുടര്ന്നതിന്റെ പശ്ചാത്തലത്തിലാണ് ക്ഷമ ചോദിച്ച് ഡി.കെ ശിവകുമാര്‍ രംഗത്തെത്തിയത്.