രണ്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം ബെംഗളൂരുവില്‍ ബൈക്ക് ടാക്സികള്‍ സര്‍വീസ് പുനരാരംഭിച്ചു. വ്യാഴാഴ്ച മുതലാണ് ഇവ ഓടിത്തുടങ്ങിയത്.സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയതോടെയാണ് ഊബര്‍, ഓല, റാപ്പിഡോ പോലുള്ള കമ്ബനികള്‍ക്ക് ജൂണ്‍ 16 മുതല്‍ സര്‍വീസ് നിര്‍ത്തേണ്ടിവന്നത്.എന്നാല്‍ റാപ്പിഡോ, ഊബര്‍, ഓല, മറ്റ് ബൈക്ക് ടാക്സി സര്‍വീസുകള്‍, തൊഴിലാളി യൂണിയനുകള്‍ എന്നിവര്‍ സമര്‍പ്പിച്ച അപ്പീലുകളില്‍ വാദം കേള്‍ക്കുന്നതിനിടെ, ബൈക്ക് ടാക്സികള്‍ നിയമപരമായി അംഗീകരിക്കാന്‍ കഴിയുന്നവയാണെന്ന് കര്‍ണാടക ഹൈക്കോടതിയുടെ ഡിവിഷന് ബെഞ്ച് വ്യാഴാഴ്ച വ്യക്തമാക്കി.
ബൈക്ക് ടാക്സി ഡ്രൈവര്‍മാര്‍ക്കെതിരെ അധികൃതര്‍ നടപടികള്‍ എടുക്കരുതെന്ന് കര്‍ണാടക ഹൈക്കോടതി സംസ്ഥാന അഡ്വക്കേറ്റ് ജനറലിന് നേര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ബൈക്ക് ടാക്സികള്‍ നഗരത്തില്‍ സജീവമായത്. റാപ്പിഡോയും ഊബറും വെള്ളിയാഴ്ച തന്നെ നഗരത്തില്‍ സര്‍വീസ് പുനരാരംഭിച്ചു.ചീഫ് ജസ്റ്റിസ് വിഭു ബഖ്രു ജസ്റ്റിസ് സി.എം. ജോഷി എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് കേസ് പരിഗണിച്ചത്. ബൈക്ക് ടാക്സികള്‍ അനുവദിക്കേണ്ടതില്ലെന്ന സര്‍ക്കാരിന്റെ നയപരമായ തീരുമാനം അവയുടെ നിയമപരമായ വാണിജ്യത്തെ തടസപ്പെടുത്തുന്നതിന് തുല്യമാണെന്ന് കോടതി, വാക്കാല്‍ പരാമര്‍ശിച്ചു.
എന്നാല്‍, ഡിവിഷന് ബെഞ്ച് ബൈക്ക് ടാക്സികളുടെ പ്രവര്‍ത്തനത്തിന്മേല്‍ രേഖാമൂലം ഇടക്കാല ഉത്തരവുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. അപ്പീലുകളിന്മേലുള്ള തുടര്‍വാദം കേള്‍ക്കല്‍ സെപ്റ്റംബര്‍ 22-ലേക്ക് മാറ്റിയിട്ടുണ്ട്.ഇതിനിടെ, ബൈക്ക് ടാക്സികളുടെ പ്രവര്‍ത്തനം നിയമാനുസൃത ബിസിനസ്സായിരിക്കാമെന്നും, പക്ഷേ അതിനായുള്ള ചട്ടങ്ങളും നിയന്ത്രണങ്ങളും ഉണ്ടാക്കുന്നതുവരെ അത് നടത്താന്‍ നിയമം അവരെ അനുവദിക്കുന്നില്ലെന്നും അഡ്വക്കേറ്റ് ജനറല്‍ ശ്രീ ഷെട്ടി ഡിവിഷന് ബെഞ്ചിനെ അറിയിച്ചു.ബൈക്ക് ടാക്സികള്‍ അനുവദിക്കേണ്ടതില്ലെന്ന തീരുമാനത്തില്‍, സര്‍ക്കാര്‍ രേഖാമൂലം വിശദമായ പ്രസ്താവന നല്കിയിട്ടില്ലാത്തതിനാല്, വിഷയത്തില്‍ നയപരമായ തീരുമാനമെടുത്ത് കോടതിയെ അറിയിക്കാന്‍ സെപ്റ്റംബര്‍ 22 വരെ സമയം നല്‍കിയിട്ടുണ്ട്.
ഊബര്‍, ഓല പോലെയുള്ള അഗ്രഗേറ്റര്‍മാര്‍, വ്യക്തിഗത ബൈക്ക് ടാക്സി ഉടമകള്‍, അവരുടെ യൂണിയനുകള്‍ എന്നിവര്‍ സമര്‍പ്പിച്ച അപ്പീലുകളില്‍ ഉന്നയിക്കപ്പെട്ട വിഷയങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കണമെന്ന് ഡിവിഷന് ബെഞ്ച് എജിയോട് വാക്കാല്‍ ആവശ്യപ്പെട്ടു. ഇത് ഉപജീവനവുമായി ബന്ധപ്പെട്ട പ്രശ്നമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.സ്ത്രീകളുടെ സുരക്ഷയും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുടെ യൂണിയനുകള്‍ ബൈക്ക് ടാക്സി സര്‍വീസിനെ എതിര്‍ത്തതും മുന്‍നിര്‍ത്തിയായിരുന്നു മോട്ടോര്‍ വെഹിക്കിള്‍ ആക്ട് വ്യവസ്ഥകള്‍ പ്രകാരം സര്‍ക്കാര്‍ ഇവ നിരോധിച്ചത്.ഇതോടെ റാപ്പിഡോ, ഊബര്‍, ഓല എന്നീ കമ്ബനികള്‍ അവരുടെ ആപ്ലിക്കേഷനുകളില്‍ നിന്ന് ഈ സേവനം നീക്കിയിരുന്നു. അങ്ങനെ ജൂണ്‍ 16 മുതല്‍ ബെംഗളൂരു നഗരത്തില്‍ ബൈക്ക് ടാക്സി സര്‍വീസ് നടക്കുന്നുണ്ടായിരുന്നില്ല.