വിമാനത്തില്‍ യുവതിക്ക് നേരെ അതിക്രമം. ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഇൻഡിഗോ വിമാനത്തിലായിരുന്നു സംഭവം.മോശമായി തന്നെ സ്പർശിച്ചുവെന്നാണ് യുവതി പരാതിയില്‍ പറഞ്ഞത്. പരാതിയെ തുടർന്ന് വട്ടപ്പാറ സ്വദേശി ജോസാണ് അറസ്റ്റിലായത്. മോശം അനുഭവം ഉണ്ടായപ്പോള്‍ പ്രതികരിച്ചെന്നും എന്നാല്‍ പ്രതി വീണ്ടും അപമര്യാദയായി പെരുമാറിയെന്നും യുവതി പരാതിയില്‍ പറഞ്ഞു. തിരുവനന്തപുരം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി.ഇന്നലെയാണ് സംഭവം നടന്നത്. ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരായിരുന്നു ജോസും തിരുവനന്തപുരം സ്വദേശിയായ യുവതിയും.
ജോസിൻ്റെ തൊട്ട് മുൻ സീറ്റിലാണ് പരാതിക്കാരിയായ യുവതി ഇരുന്നത്. പിന്നാലെയാണ് യുവതിക്ക് ദുരനുഭവം നേരിടേണ്ടി വന്നത്. വിമാനം തിരുവനന്തപുരത്ത് ലാൻഡ് ചെയ്തപ്പോള്‍ യുവതി എയർലൈൻസ് അധികൃതരെ വിവരം അറിയിച്ചു.തുടർന്നാണ് ഇവർ വിവരം പൊലീസിന് കൈമാറിയത്. സമാനമായ കേസുകളില്‍ പ്രതിയാണ് ജോസെന്ന് പൊലീസ് പറഞ്ഞു. വിമാനത്താവളത്തില്‍ ജോസിനെ തടഞ്ഞുവെച്ച ശേഷം വലിയതുറ പൊലീസ് എത്തിയപ്പോള്‍ കൈമാറുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.
കസ്റ്റഡിയിലെടുത്ത പ്രതിയെ നിയമപരമായ നടപടിക്രമങ്ങള്‍ പൂർത്തിയാക്കിയ ശേഷം അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. ഇയാളെ കോടതി പിന്നീട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.