ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈനിലേക്കുള്ള നാലാമത്തെ ട്രെയിനിന്റെ ആറ് കോച്ചുകളില്‍ ആദ്യത്തേത് ബെംഗളൂരുവിലെത്തി. കൊല്‍ക്കത്തയിലെ ടിറ്റാഗഡ് റെയില്‍ സിസ്റ്റംസ് ലിമിറ്റഡിന്റെ ഫാക്ടറിയില്‍ നിന്നാണ് ഇത് എത്തിച്ചത്. കൊല്‍ക്കത്തയില്‍ നിന്ന് 15 ദിവസം നീണ്ട റോഡ് യാത്രയ്ക്ക് ശേഷം ഓഗസ്റ്റ് 12-ന് രാത്രിയില്‍ ബെംഗളൂരുവിലെ ഹെബ്ബഗോഡി ഡിപ്പോയില്‍ കോച്ച് എത്തിക്കുകയായിരുന്നു.മൂന്ന് ദിവസത്തിനകം ശേഷിക്കുന്ന കോച്ചുകള്‍ കൂടി എത്തുമെന്നാണ് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് അറിയിക്കുന്നത്.
പ്രസ്തുത കോച്ചുകള്‍ റോഡ് മാര്‍ഗം ബെംഗളൂരുവിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. എല്ലാം എത്തിയ ശേഷം, ഹെബ്ബഗോഡി ഡിപ്പോയില്‍വച്ച് അവ സംയോജിപ്പിക്കും. തുടര്‍ന്ന് 20 ദിവസം നീളുന്ന പരീക്ഷണ ഓട്ടം സംഘടിപ്പിക്കും.സിഗ്‌നലിംഗ്, ടെലികമ്മ്യൂണിക്കേഷന്‍ സംവിധാനം, വൈദ്യുതി വിതരണ ശൃംഖലകളുമായുള്ള സംയോജനം ഉള്‍പ്പടെ വിവിധതരം പരിശോധനകള്‍ക്ക് ട്രെയിന്‍സെറ്റ് വിധേയമാക്കും.ഓഗസ്റ്റ് 10-നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യെല്ലോ ലൈന്‍ ഉദ്ഘാടനം ചെയ്തത്. മൂന്ന് ട്രെയിനുകള്‍ മാത്രമാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്.ഇതിനാല്‍ 25 മിനിട്ടിന്റെ ഇടവേളയില്‍ മാത്രമാണ് ഇപ്പോള്‍ സര്‍വീസ്.
പുതിയ ട്രെയിന്‍ സജ്ജമാകുന്നതോടെ അത് 20 മിനിട്ടെങ്കിലുമായി കുറയും. ഒരു വര്‍ഷം മുമ്പ് യെല്ലോ ലൈനിന്റെയും സ്‌റ്റേഷനുകളുടെയും നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയായിരുന്നെങ്കിലും, ഡ്രൈവറില്ലാ ട്രെയിന്‍ സെറ്റുകള്‍ ലഭ്യമാകുന്നതിലെ തടസങ്ങള്‍ കാരണം ഉദ്ഘാടനം വൈകുകയായിരുന്നു.2019 ഡിസംബറില്‍, യെല്ലോ ലൈനിലേക്ക് 15ഉം പര്‍പ്പിള്‍, ഗ്രീന്‍ ലൈനുകളിലേക്കായി 21 ഉം ചേര്‍ത്ത് 36 ട്രെയിന്‍ സെറ്റുകള്‍ ലഭ്യമാക്കാന്‍ 1,578 കോടി രൂപയുടെ കരാര്‍ ബിഎംആര്‍സിഎല്‍, സിആര്‍ആര്‍സി കമ്പനിക്ക് നല്‍കിയിരുന്നു. എന്നാല്‍ പ്രാദേശിക പങ്കാളിയെ കണ്ടെത്താന്‍ സിആര്‍ആര്‍സി ബുദ്ധിമുട്ടി. കൂടാതെ ചൈനയില്‍ നിന്നുള്ള എഞ്ചിനീയര്‍മാര്‍ക്ക് വിസ പ്രശ്‌നങ്ങള്‍ നേരിടുകയും ചെയ്തു.
ഇതോടെ ട്രെയിനുകള്‍ ലഭ്യമാകുന്നതില്‍ കാലവിളംബം നേരിട്ടു. ഇതേ തുടര്‍ന്നാണ് വെറും 3 ട്രെയിനുകളുമായി യെല്ലോ ലൈനില്‍ സര്‍വീസ് തുടങ്ങേണ്ടി വന്നത്. ഈ ഇടനാഴിയിലെ ട്രെയിനുകള്‍ കമ്മ്യൂണിക്കേഷന്‍-ബേസ്ഡ് ട്രെയിന്‍ കണ്‍ട്രോള്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്.ഇത് ഡ്രൈവര്‍ ആവശ്യമില്ലാത്ത രീതിയിലുള്ള പ്രവര്‍ത്തനത്തിന് സഹായിക്കുന്നു. എന്നിരുന്നാലും, ആദ്യഘട്ടത്തില്‍, പരിശീലനം നേടിയ ലോക്കോമോട്ടീവ് പൈലറ്റുമാരെ ട്രെയിനുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ നിയോഗിച്ചിട്ടുണ്ട്. ആര്‍.വി റോഡിനെ ബൊമ്മസാന്ദ്രയുമായി ബന്ധിപ്പിക്കുന്ന 18.82 കിലോമീറ്ററാണ് യെല്ലോ ലൈന്‍. 16 സ്‌റ്റേഷനുകളാണ് ഈ പാതയിലുള്ളത്.