നമ്മ മെട്രോ യെലോ ലൈനും പുതിയ വന്ദേഭാരത് ട്രെയിനും ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.നമ്മ മെട്രോ മൂന്നാം ഘട്ടത്തിന്റെ ശിലാസ്ഥാപനവും അദ്ദേഹം നടത്തി. ഇലക്‌ട്രോണിക് സിറ്റി സ്റ്റേഷനിലേക്ക് പ്രധാനമന്ത്രി മെട്രോയില്‍ യാത്ര നടത്തി. കെഎസ്‌ആർ ബെംഗളൂരു – ബെലഗാവി റൂട്ടിലാണ് പുതിയ വന്ദേഭാരത് സർവീസ്.പുതിയ യെലോ ലൈൻ വഴി തെക്കൻ ബെംഗളൂരുവിലേക്കുള്ള യാത്ര സുഗമമാക്കുമെന്ന് അധികൃതർ പറയുന്നു. ആർവി റോഡ് മുതല്‍ ബൊമ്മസാന്ദ്രവരെയാണ് ലൈൻ. ഇലക്‌ട്രോണിസിറ്റിയുമായി ബന്ധിപ്പിക്കുന്ന 19.15 കിലോമീറ്റർ പാത ആർവി റോഡ് മെട്രോ സ്റ്റേഷനില്‍ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തത്.
യാത്രക്കാർക്കായി നാളെയാണ് പാത തുറന്നുകൊടുക്കുന്നത്.യെലോ ലൈൻ യാഥാർഥ്യമാകുന്നതോടെ ബെംഗളൂരുവില്‍ മെട്രോ പാതയുടെ ദൈർഘ്യം 96 കിലോമീറ്ററാകും. 7,160 കോടി രൂപ ചെലവിലാണ് യെലോ ലൈൻ നിർമാണം. 16 സ്റ്റേഷനുകളാണുള്ളത്. ഡ്രൈവർ രഹിത മെട്രോയാണ് പാതയില്‍ സർവീസ് നടത്തുന്നതെങ്കിലും ആദ്യകുറച്ചു നാളുകളില്‍ ലോക്കോ പൈലറ്റുണ്ടാകും.
44.65 കിലോമീറ്റർ നമ്മ മെട്രോ മൂന്നാം ഘട്ടത്തിന്റെ ശിലാസ്ഥാപനവും യെലോ ലൈനിന്റെ ഔദ്യോഗിക ഉദ്ഘാടനവും ഇലക്‌ട്രോണിക് സിറ്റി ഐഐഐടി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നിർവഹിച്ചു. 15,610 കോടി രൂപ ചെലവില്‍ നിർമിക്കുന്ന മൂന്നാം ഘട്ടത്തില്‍ ജെപി നഗർ നാലാം ഫേസ് മുതല്‍ കെംപാപുര വരെ 32.5 കിലോമീറ്റർ, ഹൊസഹള്ളി മുതല്‍ കഡബഗെരെ വരെ 12.15 കിലോമീറ്റർ എന്നീ പാതകളാണ് നിർമിക്കുക.