മൂന്ന് ലക്ഷം രൂപയുടെ ലാപ്ടോപ്പും പണവും മോഷ്ടിച്ച് ആഘോഷിക്കാൻ ബാറില്‍ കയറിയ മലയാളി യുവാവ് കോയമ്ബത്തൂരില്‍ അറസ്റ്റിലായി.കോഴിക്കോട് വെള്ളയില്‍ സ്വദേശി സയിദ് അഹമ്മദ് മുബീനാണ് (26) പൊലീസ് പിടിയിലായത്.കോയമ്ബത്തൂർ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ചെന്നൈ സ്വദേശിയായ ഒരു യാത്രക്കാരന്റെ ബാഗാണ് മുബീൻ മോഷ്ടിച്ചത്. ബാഗില്‍ മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന ലാപ്ടോപ്പും പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും ഉണ്ടായിരുന്നു. മോഷണത്തിന് ശേഷം ഇയാള്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള ടാസ്മാക് ഔട്ട്ലെറ്റിലേക്ക് പോയി.
സംഭവം ശ്രദ്ധയില്‍പ്പെട്ട പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മുബീനെ തിരിച്ചറിഞ്ഞത്. ഉടൻ തന്നെ പോലീസ് ടാസ്മാക് ഔട്ട്ലെറ്റിലെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മോഷണത്തിന് ശേഷം അത് ആഘോഷിക്കാനാണ് ബാറില്‍ കയറിയതെന്ന് മുബീൻ പോലീസിനോട് സമ്മതിച്ചു. മോഷണമുതല്‍ പോലീസ് കണ്ടെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഒറ്റ രാത്രി കൊണ്ട് അമ്ബാനിയേക്കാള്‍ റിച്ച്! മരിച്ച അമ്മയുടെ അക്കൗണ്ടിലെത്തിയത് 10,01,35,60,00,00,00,00,00,01,00,23,56,00,00,00,00,299 രൂപ; അമ്ബരന്ന് 20കാരൻ
ഒറ്റ രാത്രി കൊണ്ട് കോടീശ്വരനായാല്‍ നിങ്ങളെന്ത് ചെയ്യും? അതും അമ്ബാനിയേക്കാള്‍ വലിയ കോടീശ്വരനായാല്‍?കേള്‍ക്കുമ്ബോള്‍ ആശ്ചര്യം തോന്നുമെങ്കിലും യഥാർഥത്തില്‍ ഒറ്റ രാത്രി കൊണ്ട് അമ്ബാനിയേക്കാള്‍ വലിയ പണക്കാരാനായിരിക്കുകയാണ് നോയിഡയിലെ 20കാരൻ. ലോട്ടറിയടിച്ചതാണെന്ന് കരുതാൻ വരട്ടെ. മരിച്ച അമ്മയുടെ അക്കൗണ്ടിലേക്കാണ് ഭീമാകാരമായ തുകയെത്തിയത്.കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ഗ്രേറ്റര്‍ നോയിഡയിലെ ഡങ്കൗര്‍ സ്വദേശിയായിരുന്ന ഗായത്രി ദേവിയുടെ അക്കൗണ്ടിലേക്ക് വലിയ തുകയെത്തിയത്.
ഒന്നും രണ്ടും കോടിയല്ല, 1.13 ലക്ഷം കോടിയിലധികം രൂപയാണ് ഒറ്റയടിക്ക് ഗായത്രി ദേവിയുടെ ബാങ്ക് അക്കൗണ്ടില്‍ ക്രെഡിറ്റായത്. രണ്ട് മാസം മുൻപ് മരിച്ച ഗായത്രി ദേവിയുടെ അക്കൗണ്ട് 20കാരനായ മകന്‍ ദീപുവായിരുന്നു ഉപയോഗിച്ചിരുന്നത്. അക്കൗണ്ടിലേക്കെത്തിയ തുക കണ്ട് ദീപു ഞെട്ടി.37 അക്ക തുകയാണ് ഗായത്രി ദേവിയുടെ അക്കൗണ്ടില്‍ ക്രെഡിറ്റായിരിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ 10,01,35,60,00,00,00,00,00,01,00,23,56,00,00,00,00,299 രൂപ.
അക്കൗണ്ടില്‍ പണമെത്തിയെന്ന മെസേജ് കണ്ട് പരിഭ്രാന്തനായ ദീപു, തൊട്ടടുത്ത ദിവസം തന്നെ ബാങ്കിലെത്തി വിവരം അറിയിച്ചു.അസാധാരണമായ തുക അക്കൗണ്ടിലെത്തിയ കാര്യം സ്ഥിരീകരിച്ചതിന് പിന്നാലെ, കോടക് ബാങ്ക് ഗായത്രി ദേവിയുടെ അക്കൗണ്ട് മരവിപ്പിച്ചു. കൂടുതല്‍ അന്വേഷണത്തിനായി ബാങ്ക് അധികൃതര്‍ ആദായനികുതി വകുപ്പിനെ വിവരമറിയിച്ചിട്ടുണ്ട്. വിഷയത്തില്‍ ആദായനികുതി വകുപ്പ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
മരിച്ച വ്യക്തിയുടെ അക്കൗണ്ടിലേക്ക് ഇത്രയും വലിയ തുകയെത്തിയത് എങ്ങനെയാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍. ബാങ്കിങ് പിശകോ, സാങ്കേതിക തകരാറോ അല്ലെങ്കില്‍ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടോ ആകാം ഇത്രയും വലിയ തുക അക്കൗണ്ടിലേക്കെത്തിയതെന്നാണ് പ്രാഥമിക നിഗമനം. സമഗ്രമായ അന്വേഷണത്തിന് ശേഷം മാത്രമേ ഫണ്ടുകളുടെ യഥാർഥ ഉറവിടം അറിയാനാകൂ എന്നും ഉദ്യോഗസ്ഥർ പറയുന്നു.