Home Featured കെഎസ്ആർടിസി, ബിഎംടിസി പണിമുടക്ക്: ബസുകൾ നിരത്തിലിറങ്ങിയില്ല, കർണാടകയിൽ ജനജീവിതം സ്തംഭിച്ചു

കെഎസ്ആർടിസി, ബിഎംടിസി പണിമുടക്ക്: ബസുകൾ നിരത്തിലിറങ്ങിയില്ല, കർണാടകയിൽ ജനജീവിതം സ്തംഭിച്ചു

by admin

ബെം​ഗളൂരു: കർണാടകയിലെ നാല് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകളിലെയും ജീവനക്കാർ ചൊവ്വാഴ്ച അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചതോടെ ദൈനംദിന ജീവിതം സാരമായി തടസ്സപ്പെട്ടു. പ്രധാന നഗരങ്ങളിലും പട്ടണങ്ങളിലും സർക്കാർ ബസുകൾ നിരത്തിലിറങ്ങാതായതോടെ ആയിരക്കണക്കിന് യാത്രക്കാർ വലഞ്ഞു. കർണാടക ഹൈക്കോടതി തിങ്കളാഴ്ച സമരങ്ങൾക്കെതിരെ ഇടക്കാല സ്റ്റേ പുറപ്പെടുവിച്ചിട്ടും കെഎസ്ആർടിസി, ബിഎംടിസി, എൻഡബ്ല്യുകെആർടിസി, കെകെആർടിസി ജീവനക്കാരുടെ യൂണിയൻ പണിമുടക്കുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചു.

ബെംഗളൂരു, മംഗളൂരു തുടങ്ങിയ നഗരങ്ങളിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാർ ലക്ഷ്യസ്ഥാനത്ത് എത്താൻ ബദൽ മാർഗങ്ങൾ കണ്ടെത്താൻ പാടുപെട്ടു. സ്വകാര്യ ബസ് ഓപ്പറേറ്റർമാരും ക്യാബ് ഉടമകളും വൻതുക ഈടാക്കുന്നതായി പരാതിയുയർന്നു. ബെംഗളൂരുവിൽ ഓട്ടോറിക്ഷാ ഡ്രൈവർമാർ അമിത നിരക്ക് ഈടാക്കുന്നതായി യാത്രക്കാർ പരാതിപ്പെടുന്നുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കാൻ തീരുമാനിച്ചതിനാൽ, ഗ്രാമപ്രദേശങ്ങളിൽ കുറച്ച് ബസുകൾ മാത്രമേ സർവീസ് നടത്തിയുള്ളൂ. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകൾ ട്രെയിനി ബസ് ഡ്രൈവർമാരെ നിയോഗിച്ചിട്ടുണ്ടെന്ന് പി‌ടി‌ഐ റിപ്പോർട്ട് ചെയ്തു. ചിക്കമഗളൂരു, റായ്ച്ചൂർ, ചിത്രദുർഗ, ഹുബ്ബള്ളി, ധാർവാഡ്, ബെലഗാവി, മംഗളൂരു, മൈസൂരു തുടങ്ങിയ നഗരങ്ങളിൽ അതിരാവിലെ തന്നെ യാത്രക്കാരുടെ തിരക്ക് അനുഭവപ്പെട്ടിരുന്നു.

വേതന പരിഷ്കരണം ഉൾപ്പെടെയുള്ള നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് ജീവനക്കാരുടെ യൂണിയൻ പണിമുടക്കിന് ആഹ്വാനം ചെയ്തത്. 38 മാസത്തെ കുടിശ്ശിക നൽകണമെന്നും 2024 ജനുവരി 1 മുതൽ ശമ്പള വർദ്ധനവ് നടപ്പിലാക്കണമെന്നും തൊഴിലാളികൾ ആവശ്യപ്പെട്ടു. തിങ്കളാഴ്ച യൂണിയൻ പ്രതിനിധികളും മുഖ്യമന്ത്രി സിദ്ധരാമയ്യയും തമ്മിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടു. പൊതുഗതാഗതം മുഴുവൻ സ്തംഭിച്ചാൽ ജനങ്ങൾ ബുദ്ധിമുട്ടിലാകുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group