Home Featured ദേശീയ പണിമുടക്ക്; ബംഗളൂരുവില്‍ ജനജീവിതം സാധാരണ നിലയില്‍… വിശദമായി അറിയാം

ദേശീയ പണിമുടക്ക്; ബംഗളൂരുവില്‍ ജനജീവിതം സാധാരണ നിലയില്‍… വിശദമായി അറിയാം

by admin

രാജ്യത്ത് 24 മണിക്കൂ‍ർ അഖിലേന്ത്യാ പണിമുടക്ക് തുടരുകയാണ്. രാജ്യത്തെ പല സംസ്ഥാനങ്ങളിലും ജന ജീവിതം സാധാരണ നിലയിലാണെങ്കിലും ചിലയിടങ്ങളില്‍ ട്രെയിനടക്കം തട‌യുന്ന സാഹചര്യമുണ്ട്.അതേ സമയം, ബംഗളൂരുവില്‍ ജനജീവിതം സാധാരണ നിലയിലാണ്. ഓട്ടോ, ടാക്സികള്‍ സർവീസ് നടത്തുന്നുണ്ട്. ബംഗളുരുവില്‍ ബിഎംടിസി ബസുകളും മറ്റ് സ്വകാര്യ ബസ് സർവീസുകളും മുടക്കമില്ലാതെ തുടരുന്നു. അതേ സമയം, ബാങ്കിംഗ് സേവനങ്ങളും പോസ്റ്റ് ഓഫീസ് അടക്കമുള്ള മറ്റു സേവനങ്ങളും തടസ്സപ്പെട്ടേക്കും. വൈദ്യുതി വകുപ്പിലെ ജീവനക്കാർ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

എന്നാല്‍ സംസ്ഥാനത്ത് വൈദ്യുതി വിതരണം തടസപ്പെടില്ലെന്ന് വൈദ്യുതി വകുപ്പ് അറിയിച്ചു. ഐടി മേഖലയിലെ യൂണിയനുകള്‍ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചു. എന്നാല്‍ ഐടി പാർക്കുകളുടെയും സ്പെഷ്യല്‍ എക്കണോമിക്സ് സോണുകളുടെയും പ്രവർത്തനം സാധാരണ നിലയില്‍ തുടരും. പത്തുമണിക്ക് ഫ്രീഡം പാർക്കില്‍ ഇടത് അനുകൂല ഐടി യൂണിയൻ്റെ പ്രതിഷേധം നടക്കും.രാജ്യത്ത് ഇന്ന് നടക്കുന്ന ദേശീയ പണിമുടക്കുമായി ബന്ധപ്പെട്ട് ബിഹാറില്‍ വന്ദേ ഭാരത് ട്രെയിൻ തടഞ്ഞു. ആ‍‍ർജെഡി കോണ്‍ഗ്രസ് നേതാക്കള്‍ സംയുക്തമായാണ് ട്രെയിൻ തടഞ്ഞത്. ബിഹാറില്‍ പണിമുടക്ക് ശക്തമായി തുടരുകയാണ്. ഹാജിപൂരില്‍ റോഡില്‍ ടയറുകള്‍ കത്തിച്ചു.

പശ്ചിമ ബംഗാളില്‍ സർക്കാർ ബസ് സർവീസുകളെയും പണിമുടക്ക് ബാധിച്ചു. സില്ലിഗുരിയില്‍ തൊഴിലാളി സംഘടനകള്‍ പ്രതിഷേധിക്കുകയാണ്. അതേ സമയം, ഹൈദരാബാദിലും വിജയവാഡയിലും ജനജീവിതം സാധാരണ നിലയില്‍ തുടരുകയാണ്. ചെന്നൈയിലും ജനജീവിതം സാധാരണ നിലയില്‍ തുടരുകയാണ്. സർക്കാർ- സ്വകാര്യ ബസുകള്‍ പതിവുപോലെ നിരത്തില്‍ ഓടുന്നുണ്ട്. ചെന്നൈയില്‍ പണിമുടക്ക് ഓട്ടോ, ടാക്സി സർവീസുകളെ ബാധിച്ചിട്ടില്ല.രാജ്യവ്യാപകമായി 25 കോടി തൊഴിലാളികള്‍ പണിമുടക്കിന്റെ ഭാഗമാകുമെന്ന് തൊഴിലാളി സംഘടനകള്‍. ദില്ലിയില്‍ ഉച്ചയ്ക്ക് പ്രതിഷേധ സംഗമമുള്‍പ്പെടെ സംഘടിപ്പിച്ചിട്ടുണ്ട്.

വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ 2 മണിക്ക് ജന്ദർ മന്ദറില്‍ പ്രതിഷേധിക്കും. രണ്ടരയ്ക്ക് കേരള ഹൗസില്‍നിന്നും ജന്ദർ മന്ദറിലേക്ക് മാധ്യമപ്രവർത്തകരും മാർച്ച്‌ നടത്തും.

You may also like

error: Content is protected !!
Join Our WhatsApp Group