നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ കല്ലറ നാളെ പൊളിച്ചു പരിശോധിക്കും. ഹൈക്കോടതി നിര്‍ദ്ദേശത്തിന് പിന്നാലെയാണ് കല്ലറ പൊളിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. സബ് കലക്ടറുടെ സാന്നിധ്യത്തില്‍ ആയിരിക്കും നടപടികള്‍. കല്ലറയുടെ 200 മീറ്റര്‍ പരിധിയില്‍ പൊതുജനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. കല്ലറ പൊളിച്ചു പരിശോധിക്കുന്നതിലൂടെ കേസിലെ ദുരൂഹതകള്‍ നീക്കാം എന്ന പ്രതീക്ഷയിലാണ് പോലീസ്.കല്ലറ തുറക്കാനും പൊലീസിന് അധികാരമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. നെയ്യാറ്റിന്‍കര ഗോപന്റെ മരണസര്‍ട്ടിഫിക്കറ്റ് എവിടെയെന്ന് ഹൈകോടതി ചോദിച്ചു. മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വാഭാവിക മരണമായി കണക്കാക്കും എന്നും കോടതി വ്യക്തമാക്കി.
കുടുംബത്തിന്റെ ഹര്‍ജിയില്‍ കോടതി സര്‍ക്കാരിന് നോട്ടീസ് അയച്ചു. ഹൈന്ദവ സംഘടനകളുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്ന് ഗോപന്‍ സ്വാമിയുടെ മകന്‍ സനന്ദന്‍ പ്രതികരിച്ചു.
മണിയൻ എന്ന ഗോപൻ സ്വാമിയെ(69) പത്മപീഠത്തിലിരുത്തി കോൺക്രീറ്റ് അറയിൽ സംസ്കരിച്ചെന്നാണ് മക്കൾ പോലീസിനു നൽകിയ മൊഴി. അച്ഛൻ സമാധിയാവുന്ന വിവരം മൂന്നു ദിവസം മുമ്പ് അമ്മയോട് പറഞ്ഞിരുന്നെങ്കിലും അമ്മ തമാശയാണെന്നു കരുതുകയായിരുന്നു. മരിക്കുന്ന ദിവസം രാവിലെ അനുജനോട് പറഞ്ഞു, അന്നു സമാധിയാവുമെന്ന്. ഋഷിപീഠത്തിലിരുന്നാണ് സമാധിയായത്- മകൻ സനന്ദൻ പറയുന്നു. പക്ഷേ, പാതിരാത്രിയിൽ അയൽക്കാരെപ്പോലും അറിയിക്കാതെ ‘സമാധി’യിരുത്തിയത് ദുരൂഹമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. ആ ദുരൂഹത നീക്കം ചെയ്യാനുള്ള അന്വേഷണം നടത്താൻ പോലീസിന് ഇനി കഴിയേണ്ടതാണ്.
അസ്വാഭാവിക മരണവും സമാധിയും : നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടേത് ഒരു അസ്വാഭാവിക മരണമല്ലാതെ മറ്റൊന്നുമല്ലെന്ന് പ്രമുഖ ക്രിമിനൽ അഭിഭാഷകൻ ശാസ്തമംഗലം അജിത് പറഞ്ഞു. സി.ആർ.പി.സി 174-ാം വകുപ്പ്, അല്ലെങ്കിൽ ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ (ബി.എൻ.എസ്.എസ്) 194-ാം വകുപ്പ് പ്രകാരമുള്ള കേസാണിത്. സംശയകരമായ മരണത്തെക്കുറിച്ച് വിവരം കിട്ടിയാലുടൻ പോലീസ് തൊട്ടടുത്ത എക്സിക്യൂട്ടിവ് മജിസ്ട്രേറ്റിനെ അറിയിക്കണം, മരണം നടന്ന സ്ഥലം അന്വേഷണവിധേയമാക്കുകയും മരണകാരണം രേഖപ്പെടുത്തുകയും വേണം.
ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ജില്ലാ മജിസ്ട്രേറ്റിനോ സബ് ഡിവിഷണൽ മജിസ്ട്രേറ്റിനോ അയച്ചുകൊടുക്കണം. ആവശ്യമെങ്കിൽ ജഡം പരിശോധനയ്ക്കു വിടണമെന്നും നിയമം അനുശാസിക്കുന്നു. സംശയകരമായ മരണങ്ങളിൽ- ആത്മഹത്യയും കൊലപാതകവുമടക്കം- സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുക, സമയത്ത് സാംപിളുകളുടെ കൈമാറ്റവും പരിശോധനയും നടക്കുന്നത് ഉറപ്പാക്കുക, മരണം സാക്ഷ്യപ്പെടുത്തുന്നതിൽ കാലതാമസം കുറയ്ക്കുക എന്നിവ ഉറപ്പാക്കുന്നതാണ് ഈ വകുപ്പ്.
പക്ഷേ, മൃതദേഹം പുറത്തെടുത്തു പരിശോധിക്കാൻ ഇത്രയും വൈകിയതു വളരെ തെറ്റായിപ്പോയെന്ന് ശാസ്തമംഗലം അജിത് പറയുന്നു. ഈ വൈകൽ പോസ്റ്റ്മോർട്ടം ആർട്ടിഫാക്ടിനു (മരണത്തിനു മുമ്പുള്ള ശരീരത്തിന്റെ അവസ്ഥയെ വിലയിരുത്തുന്നതിൽ പിശകുണ്ടാക്കുന്ന തരത്തിൽ മൃതശരീരത്തിനുണ്ടാകുന്ന മാറ്റം) വഴിവെച്ചേക്കാം. അത് മരണകാരണം കണ്ടെത്തുന്നതിന് പ്രതിബന്ധം സൃഷ്ടിച്ചേക്കാം. ഇത്തരത്തിലെ സാധ്യതകൾ മുന്നിൽ കണ്ടിട്ടാവണം ബി.എൻ.എസ്.എസിലെ 194-ാം വകുപ്പ് തയ്യാറാക്കിയത്. ഉദ്യോഗസ്ഥരെ കൃത്യനിർവഹണത്തിൽ നിന്നും തടഞ്ഞവർക്കെതിരെ കേസെടുക്കേണ്ടതാണ്. സമാധി തെറ്റാണെന്നോ, അതു വേണ്ടാത്തതാണെന്നോ അഭിപ്രായമില്ല. പക്ഷേ, നിയമം പാലിക്കണം. സമാധിയായാലും മരണം ഡോക്ടർ സാക്ഷ്യപ്പെടുത്തിയിരിക്കണം- അദ്ദേഹം വ്യക്തമാക്കുന്നു.