Home Featured ലൈംഗിക പീഡന കേസ്; പ്രജ്വല്‍ രേവണ്ണയുടെ ജാമ്യാപേക്ഷ കോടതി തള്ളി

ലൈംഗിക പീഡന കേസ്; പ്രജ്വല്‍ രേവണ്ണയുടെ ജാമ്യാപേക്ഷ കോടതി തള്ളി

by admin

ബെംഗളൂരു: ലൈംഗിക പീഡന കേസില്‍ മുൻ എം.പിയും ജനതാദള്‍ സെക്കുലർ (ജെഡി-എസ്) നേതാവുമായ പ്രജ്വല്‍ രേവണ്ണയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ബെംഗളൂരുവിലെ പ്രത്യേക ജനപ്രതിനിധി കോടതിയാണ് പ്രജ്വലിന്റെ ജാമ്യാപേക്ഷ തള്ളിയത്.

നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്ത കേസില്‍ മെയ് 31ന് അറസ്റ്റിലായ പ്രജ്വല്‍ രേവണ്ണയെ തിങ്കളാഴ്ച ബെംഗളൂരു കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാൻഡ് ചെയ്തിരുന്നു. കേസ് അന്വേഷിക്കുന്ന എസ്‌ഐടിയുടെ കസ്റ്റഡി തിങ്കളാഴ്ച അവസാനിച്ചതോടെ ഇയാളെ ജൂലൈ എട്ട് വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു.

അതിനിടെ പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ വീണ്ടും ലൈംഗികാതിക്രമം കേസ് രജിസ്റ്റർ ചെയ്തു. ഇതോടെ പ്രജ്വലിനെതിരെ സിഐഡി രജിസ്റ്റർ ചെയ്ത കേസ് നാലായി. ഇയാള്‍ക്കൊപ്പം ഹാസനില്‍ നിന്നുള്ള മുൻ ബിജെപി എംഎല്‍എ പ്രീതം ഗൗഡയ്ക്കും മറ്റ് രണ്ട് പേർക്കുമെതിരെയും കേസ് ഉണ്ട്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഹാസൻ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് വീണ്ടും മത്സരിച്ച പ്രജ്വല്‍ പരാജയപ്പെട്ടിരുന്നു. മുൻ കേസുകളില്‍ 34 ദിവസം വിദേശത്ത് ഒളിവില്‍ കഴിഞ്ഞതിന് ശേഷം തിരിച്ചെത്തിയ പ്രജ്വലിനെ വിമാനത്താവളത്തില്‍ വച്ചുതന്നെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. ജർമനിയില്‍ നിന്ന് ബംഗളൂരു വിമാനത്താവളത്തിലെത്തിയ പ്രജ്വലിനെ വനിതാ ഐ.പി.എസ് ഓഫീസർമാരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് അറസ്റ്റ് ചെയ്തത്.

ഏപ്രില്‍ 26ന് നടന്ന കർണാടകയിലെ ആദ്യഘട്ട തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് പ്രജ്വലിന്റെ നിരവധി ലൈംഗികാതിക്രമ വീഡിയോകള്‍ വ്യാപകമായി പ്രചരിച്ചത്. ഇതിനു പിന്നാലെ അന്നു രാത്രി പ്രജ്വല്‍ രാജ്യം വിട്ടു. സ്ത്രീകളെ ലൈംഗികപീഡനത്തിന് ഇരയാക്കുന്ന 2,900ലധികം വീഡിയോകളാണ് മുൻ പ്രധാനമന്ത്രി എച്ച്‌.ഡി ദേവഗൗഡയുടെ ചെറുമകൻ കൂടിയായ പ്രജ്വല്‍ തന്നെ റെക്കോർഡ് ചെയ്തതെന്നായിരുന്നു റിപ്പോർട്ടുകള്‍.

ഇത് ചോർന്നതോടെ വൻ ജനരോഷത്തിന് കാരണമാവുകയും കർണാടക രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുകയും എൻഡിഎ മുന്നണി പ്രതിരോധത്തിലാവുകയും ചെയ്തു. വിഷയത്തില്‍ ദേശീയ വനിതാ കമ്മീഷൻ കൂടി ഇടപെട്ടതോടെ കേസന്വേഷിക്കാൻ സർക്കാർ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു. തുടർന്ന് ഇയാളെ പിടികൂടാൻ എസ്‌ഐടി ലുക്കൗട്ട് നോട്ടീസും ഇന്റർപോള്‍ ബ്ലൂകോർണർ നോട്ടീസും പുറപ്പെടുവിച്ചിരുന്നു.

പിന്നീട് പാർട്ടിയില്‍ നിന്നടക്കം സമ്മർദം ശക്തമായതോടെയാണ് ഇയാള്‍ നാട്ടിലെത്തിയതും പിന്നാലെ പൊലീസ് അറസ്റ്റ് ചെയ്തതും. നേരത്തെ, ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍ തുടങ്ങി വിവിധ കുറ്റങ്ങളിലായി മൂന്ന് എഫ്.ഐ.ആറുകളാണ് പ്രജ്വലിനെതിരെ രജിസ്റ്റർ ചെയ്തിരുന്നത്.

അതേസമയം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡന കേസില്‍ ജെഡിഎസ് എംഎല്‍സിയും പ്രജ്വലിന്റെ സഹോദരനുമായ സൂരജ് രേവണ്ണയും കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. ജോലിക്കു സഹായം തേടി സമീപിച്ച 27കാരനെ പീഡിപ്പിച്ചെന്ന കേസില്‍ ഞായറാഴ്ച ഹാസനില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. നേരത്തെ, ലൈംഗിക പീഡനക്കേസിലെ അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രജ്വലിന്റെ പിതാവ് എച്ച്‌.ഡി രേവണ്ണയ്ക്കും അമ്മ ഭവാനി രേവണ്ണക്കുമെതിരെയും പൊലീസ് കേസെടുത്തിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group