Home Featured അമേരിക്കയില്‍ മലയാളി കുടുംബത്തിന്‍റെ മരണം; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

അമേരിക്കയില്‍ മലയാളി കുടുംബത്തിന്‍റെ മരണം; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

by admin

കാലിഫോർണിയ: യുഎസിലെ കാലിഫോർണിയയില്‍ കൊല്ലം സ്വദേശികളായ നാലംഗ കുടുംബത്തെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് സാൻ മറ്റെയോ പോലീസ്.

ആനന്ദ് ഹെൻട്രി (42), ഭാര്യ ആലീസ് പ്രിയങ്ക (40), ഇരട്ടക്കുട്ടികളായ മക്കള്‍ നോഹ, നെയ്ഥൻ (നാല്) എന്നിവരുടെ മരണം സംബന്ധിച്ചാണ് പോലീസ് കൂടുതല്‍ സ്ഥിരീകരണം നടത്തിയിട്ടുള്ളത്. തിങ്കളാഴ്ചയാണ് ഇവരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കാണപ്പെട്ടത്.

ശനിയാഴ്ച ഉച്ചക്കഴിഞ്ഞ് കൊലപാതകം നടന്നുവെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ആനന്ദ് ജീവനൊടുക്കുകയായിരുന്നുവെന്നും പോലീസ് കൃത്യമായി സ്ഥിരീകരിക്കുന്നു.

ആലീസിനെ നിരവധി തവണ വെടിവച്ച്‌ മരണം ഉറപ്പാക്കിയ ശേഷം ആനന്ദ് സ്വയം നെറ്റിയില്‍ നിറയൊഴിച്ച്‌ ജീവനൊടുക്കുകയായിരുന്നു എന്നാണ് സാൻമെറ്റോ പോലീസിന്‍റെ ഡിറ്റക്ടീവ് വിഭാഗം കണ്ടെത്തിയിട്ടുള്ളത്. ആനന്ദിന് തോക്ക് കൈവശം വയ്ക്കാനുള്ള ലൈസൻസ് ഉണ്ടായിരുന്നു എന്നും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

എന്നാല്‍ മക്കളുടെ മരണകാരണം സംബന്ധിച്ച്‌ അന്തിമ നിഗമനത്തില്‍ എത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടും ശാസ്ത്രീയ പരിശോധനാ ഫലവും ലഭിക്കാൻ വൈകുന്നത് തന്നെയാണ് പ്രധാന കാരണം.

മരണത്തിലേക്ക് നയിച്ചതിന്‍റെ കാരണം കണ്ടെത്തുന്ന കാര്യത്തിലും സഹായകരമായ ഒരു തുമ്ബും പോലീസിന് മുന്നില്‍ ഇല്ല. കുടുംബത്തിന് സാമ്ബത്തിക പ്രതിസന്ധി ഒന്നും ഉണ്ടായിരുന്നില്ല എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ പോലീസിന് ബോധ്യപ്പെട്ടിട്ടുള്ളത്.

കൊല്ലത്ത് നിന്ന് കുടുംബം ആദ്യം യുഎസില്‍ എത്തിയത് ന്യൂജഴ്സിയിലാണ്. പിന്നീടാണ് കാലിഫോർണിയയിലേയ്ക്ക് താമസം മാറ്റിയത്. ഇപ്പോള്‍ താമസിക്കുന്നത് വളരെ വില കൂടിയ വീട്ടിലാണ്. അതുകൊണ്ട് തന്നെ ഇവർക്ക് സാമ്ബത്തിക പ്രശ്നങ്ങള്‍ ഒന്നുമില്ല എന്ന് തന്നെയാണ് പോലീസിന്‍റെ അനുമാനം.

കുടുബ വഴക്ക്, ഗാർഹിക പീഡനം എന്നിവ വല്ലതും ഉണ്ടാകാനുള്ള സാധ്യതയാണ് പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്ന മറ്റൊരു കാര്യം. എന്നാല്‍ ഇത് സംബന്ധിച്ച ഒരു സൂചനകള്‍ പോലും ലഭിക്കുന്നില്ല. ഇത്തരത്തില്‍ ഇവരുടെ വീട്ടില്‍ നിന്ന് ഒരു പരാതിയും നാളിതുവരെയും പോലീസില്‍ ലഭിച്ചിട്ടുമില്ല.

ദമ്ബതികള്‍ കുട്ടികളെ നോക്കാനായി ഒരു സ്ത്രീയെയും ഏർപ്പാടാക്കിയിരുന്നു. ഇവരുടെയും സമീപത്ത് താമസിക്കുന്നവരുടെയും മൊഴികള്‍ പോലീസ് ശേഖരിച്ചുവെങ്കിലും അസ്വാഭാവികതകള്‍ ഒന്നും കണ്ടെത്താനും സാധിച്ചിട്ടില്ല. 2016-ല്‍ ഇരുവരും വിവാഹ മോചനത്തിന് ശ്രമം നടത്തി‌യിരുന്നു. അതിനുള്ള കാരണം വ്യക്തമല്ല.

അതിന് ശേഷമാണ് ഇരട്ടക്കുട്ടികള്‍ പിറന്നത്. പിന്നീട് വിവാഹ മോചന നീക്കം ഇരുവരും ഉപേക്ഷിച്ചു എന്നാണ് പറയപ്പെടുന്നത്. ഇതു സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിന് സാൻ മറ്റെയോ പോലീസ് ഇന്ത്യൻ എംബസി വഴി നാട്ടിലുള്ള ബന്ധുക്കളെ ബന്ധപ്പെടാൻ ശ്രമം നടത്തിവരികയാണ്.

മരണ വിവരം അറിഞ്ഞ് ബന്ധുക്കളില്‍ ചിലർ കഴിഞ്ഞ ദിവസം കാലിഫോർണിയയില്‍ എത്തിയിട്ടുണ്ട്. ഇവരില്‍ നിന്നും പോലീസ് വിവരങ്ങള്‍ ആരാഞ്ഞു. മൃതദേഹങ്ങള്‍ ബന്ധുക്കള്‍ തിരിച്ചറിയുകയും ചെയ്തു. കുട്ടികളുടെ മരണകാരണം സ്ഥിരീകരിക്കാത്തതില്‍ മൃതദേഹങ്ങള്‍ വിട്ടു കിട്ടാൻ വൈകുമെന്നാണ് അറിയുന്നത്.

ദുരൂഹ മരണങ്ങള്‍ ആയതിനാല്‍ യുഎസിലെ നിലവിലുള്ള നടപടിക്രമങ്ങള്‍ അനുസരിച്ച്‌ ഇതിന് പരമാവധി പത്ത് ദിവസം വരെ എടുത്തേക്കാമെന്നാണ് അവിടെയുള്ള മലയാളി സംഘടനാ പ്രവർത്തകർ സൂചിപ്പിക്കുന്നത്.

മറ്റ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ആനന്ദിന്‍റെ രണ്ട് സഹോദരങ്ങളാണ് യുഎസില്‍ എത്തിയിട്ടുള്ളത്. ഇവർക്ക് ഉ‌ടൻ തിരികെ പോകേണ്ടതിനാല്‍ മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കുക ശ്രമകരമായ ദൗത്യം ആയിരിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group