Home Featured ബെംഗളൂരു: സംസ്ഥാനത്ത് 5.37 കോടി വോട്ടർമാർ;അന്തിമപട്ടിക പ്രസിദ്ധീകരിച്ചു

ബെംഗളൂരു: സംസ്ഥാനത്ത് 5.37 കോടി വോട്ടർമാർ;അന്തിമപട്ടിക പ്രസിദ്ധീകരിച്ചു

ബെംഗളൂരു: കർണാടകത്തിലെ വോട്ടർമാരുടെ അന്തിമപട്ടിക പ്രസിദ്ധീകരിച്ചു. 5.37 കോടി വോട്ടർമാരാണ് സംസ്ഥാനത്തുള്ളതെന്നും ഇതിൽ 17,937 വോട്ടർമാർ 100 വയസ്സു കഴിഞ്ഞവരാണെന്നും ചീഫ് ഇലക്ട്രൽ ഓഫീസർ മനോജ് കുമാർ മീണ അറിയിച്ചു. 2024-ലെ കരട് വോട്ടർപ്പട്ടികയിൽ ആകെ വോട്ടർമാരുടെ എണ്ണം 5,33,77,162 ആയിരുന്നു. ഇതിൽ 2,68,02,838 പുരുഷവോട്ടർമാരും 2,65,69,428 സ്ത്രീവോട്ടർമാരും 4,896 മറ്റു വോട്ടർമാരുമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ, അന്തിമ വോട്ടർപ്പട്ടികയിൽ ആകെ വോട്ടർമാരുടെ എണ്ണം 5,37,85,815 ആയി ഉയർന്നു. ഇതിൽ 2,69,33,750 പുരുഷ വോട്ടർമാരും 2,68,47,145 സ്ത്രീ വോട്ടർമാരും 4,920 മറ്റു വോട്ടർമാരുമാണ്.

29 ലോക്‌സഭാ മണ്ഡലങ്ങളിൽ 17 എണ്ണത്തിലും സ്ത്രീ വോട്ടർമാരുടെ എണ്ണം കൂടുതലാണ്. 18-നും 19-നും ഇടയിൽ പ്രായമുള്ള വോട്ടർമാർ 10,34,018 ആണ്. യുവവോട്ടർമാർ കൂടുതലുള്ളത് ബെലഗാവിയിലാണ് (1,02,706).നിയമസഭാ മണ്ഡലങ്ങളിൽ ബെംഗളൂരു സൗത്ത് മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ വോട്ടർമാർ (7,17,201). ചിക്കമഗളൂരു ജില്ലയിലെ ശൃംഗേരി മണ്ഡലത്തിലാണ് ഏറ്റവും കുറവ് വോട്ടർമാർ (1,67,556). ലോക്‌സഭാ മണ്ഡലങ്ങളിൽ ബെംഗളൂരു നോർത്ത് മണ്ഡലത്തിൽ 31 ലക്ഷത്തിലധികം വോട്ടർമാരുണ്ട്. അതേസമയം, ഉഡുപ്പിയിൽ 15 ലക്ഷത്തിൽ താഴെ വോട്ടർമാരാണുള്ളത്.

വോട്ടർപ്പട്ടികയിൽ പേരില്ലെങ്കിൽ ഉടൻ തന്നെ ഇലക്ട്രറൽ റോളിൽ രജിസ്റ്റർ ചെയ്യണമെന്നും വൈകാതെത്തന്നെ വോട്ടർമാർ അവരുടെ പേരുകൾ ഇലക്ട്രറൽ റോളിൽ ശരിയാണെന്ന് ഉറപ്പാക്കണമെന്നും മീണ നിർദേശിച്ചു.വോട്ടർ ഹെൽപ്പ്‌ലൈൻ ആപ്പിലൂടെ വോട്ടർമാർക്ക് അപേക്ഷ സമർപ്പിക്കാം. https://voterportal.eci.gov.in/ പോർട്ടൽ വഴിയും അപേക്ഷ സമർപ്പിക്കാം. തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് എക്സ്പ്രസ് പോസ്റ്റ് സർവീസ് വഴി വിതരണം പൂർത്തിയായി വരുകയാണ്.നവംബർ അവസാനം വരെ 17,47,518 കാർഡുകൾ വിതരണം ചെയ്തു. ഇതുകൂടാതെ 10,76506 തിരിച്ചറിയൽ കാർഡുകൾ തയ്യാറായിട്ടുണ്ടെന്നും ഇവ വോട്ടർമാർക്ക് അയക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മീണ പറഞ്ഞു.

ബെംഗളൂരുവിൽ 98,43,577 വോട്ടർമാർ:ബെംഗളൂരു കോർപ്പറേഷന്റെ പരിധിയിൽ മാത്രം 98,43,577 വോട്ടർമാരുണ്ട്. ഇതിൽ 50,78,525 പുരുഷൻമാരും 47,63,268 സ്ത്രീകളുമാണ്. മറ്റുള്ള വോട്ടർമാർ 1,784 ആണ്.കഴിഞ്ഞ ഒക്ടോബറിൽ പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ 97,90,499 വോട്ടർമാരാണ് ഉണ്ടായിരുന്നത്. ബെംഗളൂരുവിൽ 1,12,242 കന്നിവോട്ടർമാരുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group