Home Featured ബെംഗളൂരു: യാഷിന്‍റെ ജന്മദിനത്തിന് ബാനര്‍ കെട്ടാന്‍ കയറിയ മൂന്ന് ആരാധകര്‍ക്ക് ദാരുണാന്ത്യം

ബെംഗളൂരു: യാഷിന്‍റെ ജന്മദിനത്തിന് ബാനര്‍ കെട്ടാന്‍ കയറിയ മൂന്ന് ആരാധകര്‍ക്ക് ദാരുണാന്ത്യം

ബെംഗളൂരു: കെജിഎഫ് അടക്കം ചിത്രങ്ങളിലൂടെ പ്രശസ്തനായ കന്നട റോക്കിംഗ് സ്റ്റാര്‍ യാഷിന്‍റെ ജന്മദിനത്തിന് ബാനര്‍ കെട്ടാന്‍ കയറിയ മൂന്ന് ആരാധകര്‍ക്ക് ഷോക്കേറ്റ് ദാരുണാന്ത്യം.കര്‍ണാടകയിലെ ഗദഗ് ജില്ലയിലെ സുരനാഗി ഗ്രാമത്തിലാണ് ദുരന്തം സംഭവിച്ചത്.യാഷിന്റെ ജന്മദിനത്തില്‍ ബാനറുകള്‍ സ്ഥാപിക്കുന്നതിനിടെയാണ് മൂന്നുപേര്‍ക്ക് വൈദ്യുതാഘാതമേറ്റത്. ഞായറാഴ്ച രാത്രി വൈകിയാണ് സംഭവം. സംഭവത്തില്‍ രണ്ട് പേര്‍ കൂടി പരിക്കേറ്റ് ലക്ഷ്മേശ്വര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.ഹനുമന്ത് ഹരിജൻ (21), മുരളി നടുവിനാമണി (20), നവീൻ (19) എന്നിവരാണ് മരിച്ചത്. മരിച്ച മൂന്ന് പേരും ഗദഗ് ജില്ലയിലെ ലക്ഷ്മേശ്വര് താലൂക്കിലെ സുരനാഗി ഗ്രാമവാസികളാണ്. ഇവരുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തി തിങ്കളാഴ്ച ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

ഞായറാഴ്ച രാത്രി യാഷിന്റെ നിരവധി ആരാധകര്‍ ഗ്രാമത്തില്‍ ഒത്തുകൂടി ജനുവരി 8 ന് നടന്‍റെ 38-ാം ജന്മദിനം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി യഷിന്റെ ബാനറുകളും കട്ടൗട്ടുകളും സ്ഥാപിക്കുമ്ബോഴാണ് ദുരന്തം സംഭവിച്ചത്. ചരടില്‍ കെട്ടിയ ബാനര്‍ ഹൈ-ടെൻഷൻ വയര്‍ പോകുന്നത് ശ്രദ്ധിക്കാതെ മുകളിലേക്ക് ഉയര്‍ത്തുകയായിരുന്നു. ബാനര്‍ വൈദ്യുത കമ്ബിയില്‍ സ്‌പര്‍ശിച്ചതോടെ മൂന്ന് ആരാധകര്‍ക്ക് വൈദ്യുതാഘാതമേറ്റു. ഇവരെ രക്ഷിക്കാൻ ശ്രമിച്ച മറ്റ് രണ്ട് പേര്‍ക്കും പരിക്കേറ്റു.അഞ്ചുപേരെയും ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മൂന്നുപേരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഷിരഹട്ടി എം.എല്‍.എ ഡോ.ചന്ദ്രു ലമാനി ആശുപത്രിയിലെത്തി പരിക്കേറ്റവരുടെ ആരോഗ്യവിവരങ്ങള്‍ അന്വഷിച്ചു.

മൂന്ന് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കും എന്ന് എംഎല്‍എ അറിയിച്ചു.അതേ സമയം യാഷ് തന്റെ ജന്മദിനം ഇത്തവണ ആഘോഷിക്കുന്നില്ലെന്ന് അറിയിച്ചിട്ടുണ്ട്. നടന്‍ ആരാധകരെയും കാണില്ലെന്ന് അറിയിച്ചിരുന്നു. ടോക്സിക് ആണ് യാഷിന്‍റെ അടുത്ത ചിത്രം. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ ഡിസംബര്‍ 8 നാണ് വെളിപ്പെടുത്തിയത്. 2025 ഏപ്രിലില്‍ റിലീസ് ചെയ്യാനാണ് അണിയറക്കാരുടെ പദ്ധതി.

You may also like

error: Content is protected !!
Join Our WhatsApp Group