ശബരിമല: ശബരിമല ദര്‍ശനത്തിനെത്തിയ പെണ്‍കുട്ടി അപ്പാച്ചിമേട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. തമിഴ്‌നാട് സ്വദേശിയായ 10വയസുകാരിയാണ് ഇന്ന് ഉച്ചയോടെ കുഴഞ്ഞുവീണത്.
ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സേലം സ്വദേശിയായ പത്മശ്രീയാണ് മരിച്ചത്. തമിഴ്‌നാട്ടില്‍ നിന്നുള്ള സംഘത്തോടൊപ്പമാണ് കുട്ടി ദര്‍ശനത്തിനായി എത്തിയത്. കുട്ടിയ്‌ക്ക് മൂന്നുവയസ് മുതല്‍ തന്നെ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായാണ് പൊലീസ് നല്‍കുന്ന വിവരം. മൃതദേഹം പമ്ബ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
അതേസമയം ആഴ്‌ച അവസാനമായതോടെ ഇന്ന് സന്നിധാനത്ത് കനത്ത ഭക്തജന തിരക്കാണ് ഉണ്ടായത്. ഏറെനേരം കാത്തുനിന്നശേഷമാണ് ഭക്തര്‍ക്ക് ദര്‍ശനം സാദ്ധ്യമായത്. ദര്‍ശനസമയം കൂട്ടുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടതോടെ തന്ത്രിയുമായി സ്‌പെഷ്യല്‍ കമ്മീഷണറും ദേവസ്വം ഉദ്യോഗസ്ഥരും ചര്‍ച്ച നടത്തുകയാണ്. എന്നാല്‍ ശബരിമല ദര്‍ശന സമയം നിലവിലെ സാഹചര്യത്തില്‍ വര്‍ദ്ധിപ്പിക്കാൻ കഴിയില്ലെന്ന് തന്ത്രി അറിയിച്ചതായി ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ശബരിമലയിലെ അനിയന്ത്രിതമായ തിരക്കിന്റെ പശ്ചാത്തലത്തിില്‍ ദേവസ്വം ബെഞ്ച് നടത്തിയ പ്രത്യേക സിറ്റിംഗിലാണ് നിലപാട് അറിയിച്ചത്. ശബരിമലയില്‍ ദര്‍ശന സമയം രണ്ട് മണിക്കൂര്‍ കൂടി കൂട്ടാൻ കഴിയുമോ എന്നാണ് കോടതി ചോദിച്ചിരുന്നത്.
വിശ്രമ കേന്ദ്രങ്ങളിലും ക്യൂ കോംപ്ലക്സിലും തിരക്ക് ഉണ്ടാകാൻ പാടില്ലെന്നും ഇക്കാര്യം ശബരിമലയുടെ ചുമതലയുള്ള എ.ഡി.ജി.പി ഉറപ്പാക്കണമെന്നും ദേവസ്വം ബെഞ്ച് പൊലീസിന് നിര്‍ദ്ദേശം നല്‍കി. ഓണ്‍ലൈൻ ബുക്കിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ എങ്ങനെ നിയന്ത്രണം കൊണ്ടുവരാം എന്നതില്‍ എ.ഡി.ജി.പി തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടു. തിരക്ക് കണക്കിലെടുത്ത് അഷ്ടാഭിഷേകത്തിന്റെയും പുഷ്പാഭിഷേകത്തിന്റെയും എണ്ണം കുറച്ചതായും ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ഒരു ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ ദര്‍ശനത്തിന് എത്തിയ സാഹചര്യത്തിലാണ് ഹൈക്കോടതി പ്രത്യേക സിറ്റിംഗ് നടത്തിയത്.