കാവേരി വിഷയത്തില്‍ സുപ്രീംകോടതിയില്‍ കര്‍ണാടക പുനഃപരിശോധന ഹരജി നല്‍കും. തമിഴ്നാടിന് കര്‍ണാടക 3000 ഘനയടി കാവേരിവെള്ളം വിട്ടുനല്‍കണമെന്ന് കാവേരി വാട്ടര്‍ റെഗുലേഷൻ കമ്മിറ്റി ഉത്തരവിട്ടിരുന്നു.ഇതിനെതിരെയാണ് ഹരജി നല്‍കുക. വിവിധ മേഖലയിലെ വിദഗ്ധരുമായി നടന്ന യോഗത്തിന് ശേഷമാണ് തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.കാവേരി വെള്ളം തമിഴ്നാടിന് വിട്ടുകൊടുക്കണമെന്ന ഉത്തരവ് പാലിച്ചില്ലെങ്കില്‍ കര്‍ണാടക നിയമപരമായ വിവിധ പ്രശ്നങ്ങള്‍ നേരിടേണ്ടിവരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ യോഗത്തില്‍.
കര്‍ഷകര്‍, ദലിതുകള്‍, തൊഴിലാളികള്‍, കന്നട അനുകൂല സംഘടനകള്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. വെള്ളം വിട്ടുകൊടുക്കില്ല എന്നതു തന്നെയാണ് കര്‍ണാടകയുടെ നിലപാട്. എന്നാല്‍, ഇങ്ങനെ ചെയ്താല്‍ സംസ്ഥാനത്തെ അണക്കെട്ടുകള്‍ കേന്ദ്രം ഏറ്റെടുക്കുന്ന സ്ഥിതി വരും. കോടതിയലക്ഷ്യ നടപടികളും നേരിടേണ്ടി വരും.സംസ്ഥാന സര്‍ക്കാര്‍ പിരിച്ചുവിടപ്പെട്ടേക്കാമെന്നും സിദ്ധരാമയ്യ പറഞ്ഞു. അതിനിടെ കര്‍ണാടകയില്‍ നിന്നുള്ള വിരമിച്ച സുപ്രീം കോടതി ജഡ്ജിമാര്‍, മുൻ അഡ്വ. ജനറല്‍മാര്‍, ജലമേഖലയിലെ വിദഗ്ധര്‍ എന്നിവരുമായി സിദ്ധരാമയ്യ കൂടിക്കാഴ്ച നടത്തി.
വെള്ളം പങ്കുവെക്കുന്ന കാര്യത്തില്‍ ഫോര്‍മുല രൂപപ്പെടുത്താനാണിത്. ചട്ടപ്രകാരം തന്നെ വര്‍ഷത്തില്‍ കര്‍ണാടക 177.25 ടി.എം.സി അടി വെള്ളം തമിഴ്നാടിന് വിട്ടുകൊടുക്കണം. 284.85 ടി.എം.സി അടി വെള്ളമാണ് കര്‍ണാടകക്ക് ആവശ്യമുള്ളത്. ഈ വര്‍ഷം ആഗസ്റ്റില്‍ മഴ ഏറെ കുറവായിരുന്നു. സെപ്റ്റംബറില്‍ പോലും മതിയായ മഴ കിട്ടിയിട്ടില്ല.നിലവില്‍ 43 ടി.എം.സി അടി വെള്ളം തമിഴ്നാടിന് വിട്ടുകൊടുത്തിട്ടുണ്ട്. ഉത്തരവ് പ്രകാരം 123 ടി.എം.സി അടി വെള്ളം കൂടി നല്‍കണം. എന്നാല്‍, മഴക്കുറവുമൂലം അത്രയും നല്കാൻ ഇതുവരെ കര്‍ണാടകക്ക് കഴിഞ്ഞിട്ടില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.
കാവേരി വാട്ടര്‍ മാനേജ്മെന്റ് അതോറിറ്റി (സി.ഡബ്ല്യു.എം.എ)യുടെ എല്ലാ യോഗത്തിലും തമിഴ്നാടിന് വെള്ളം നല്‍കാനുള്ള ഉത്തരവിനെതിരെ കര്‍ണാടക പ്രതിഷേധം അറിയിക്കാറുണ്ട്. നിലവില്‍ കൊടുക്കാൻ മാത്രം വെള്ളം തങ്ങളുടെ പക്കല്‍ ഇല്ലെന്ന ഹരജി സുപ്രീം കോടതിയില്‍ നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ജലസേചനത്തിന് കര്‍ണാടകക്ക് 70 ടി.എം.സി അടി വെള്ളം ആവശ്യമാണ്. 30 അടി വെള്ളം കുടിവെള്ള പദ്ധതികള്‍ക്ക് വേണം. വ്യാവസായിക ആവശ്യങ്ങള്‍ക്കായി മൂന്ന് അടിയും വേണം. ഇത്തരത്തില്‍ 106 ടി.എം.സി അടി വെള്ളം ആവശ്യമാണ്. പക്ഷേ, നിലവിലുള്ളത് ആകെ 50 ടി.എം.സി അടി മാത്രമാണ്.
കുടിവെള്ള ആവശ്യങ്ങള്‍ക്കാണ് സംസ്ഥാനം മുൻഗണന നല്‍കുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു. കാവേരി സംബന്ധമായ ഉത്തരവുകളൊന്നും കര്‍ണാടകക്ക് അനുകൂലമായി വരാറില്ലെന്നും സംസ്ഥാന സര്‍ക്കാറാണ് ഇക്കാര്യത്തില്‍ കര്‍ഷകരുടെ താല്പര്യങ്ങള്ക്ക് അനുസരിച്ച നിലപാട് എടുക്കേണ്ടതെന്നും കര്‍ഷക നേതാവ് കുറുബുറ ശാന്തകുമാര്‍ പറഞ്ഞു. കാവേരി വാട്ടര്‍ മാനേജ്മെന്റ് അതോറിറ്റി ഉത്തരവുകള്‍ അശാസ്ത്രീയമാണെന്നും നിലവിലെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാൻ നിയമസഭയുടെ പ്രത്യേക സെഷൻ വിളിക്കണമെന്നും ആം ആദ്മി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് മുഖ്യമന്ത്രി ചന്ദ്രു ആവശ്യപ്പെട്ടു.
ട്യൂഷന് പോകാൻ ഇഷ്ടമല്ല; മനംനൊന്ത് 12 വയസുകാരി ജീവനൊടുക്കി
ട്യൂഷൻ ക്ലാസില്‍ പോകാൻ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് 12 വയസുകാരി ഫ്ലാറ്റിന്റെ 15-ാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി.ഹൈദരാബാദിലാണ് സംഭവം. അപ്പാര്‍ട്ട്മെന്റിന്റെ 15-ാം നിലയിലെ ഫ്ളാറ്റില്‍ വൈകിട്ട് അഞ്ച് മുതല്‍ ആറ് വരെ കുട്ടി കണക്ക് ട്യൂഷന് പോകാറുണ്ടായിരുന്നു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് സ്കൂളില്‍ നിന്ന് വീട്ടിലെത്തിയ ശേഷം ട്യൂഷന് പോകാൻ ഇഷ്ടമല്ലെന്ന് പറഞ്ഞ കുട്ടിയെ മാതാപിതാക്കള്‍ നിര്‍ബന്ധിച്ചാണ് ട്യൂഷനു ക്ലാസില്‍ വിട്ടത്. തുടര്‍ന്ന് 15ാം നിലയിലെ ബാല്‍ക്കണിയുടെ ജനല്‍ തുറന്ന് പുറത്തേക്ക് ചാടി ജീവനൊടുക്കുകയായിരുന്നു പെണ്‍കുട്ടി.
പഠന സമ്മര്‍ദ്ദം കാരണമാക്കാം ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു. കുട്ടിക്ക് ഓണ്‍ലൈൻ ഗെയിമിങ്ങുമായോ മറ്റേതെങ്കിലും വിഷയത്തോടോ ഉള്ള അടുപ്പത്തെ കുറിച്ച് തങ്ങളുടെ അന്വേഷണത്തില്‍ ഒന്നും കണ്ടെത്താനായില്ല – റായ്ദുര്‍ഗം ഇൻസ്പെക്ടര്‍ എം. മഹേഷ് പറഞ്ഞു. ,ഹൈദരാബാദില്‍ 14 വയസുള്ള ആണ്‍കുട്ടി ഫ്ലാറ്റിന്റെ 35-ാം നിലയില്‍ നിന്ന് ചാടി മരിച്ച സംഭവം അടുത്തിടെയുണ്ടായിരുന്നു. പഠനസമ്മര്‍ദ്ദം മൂലം തനിക്കുണ്ടായ മാനസിക പിരിമുറുക്കത്തെക്കുറിച്ച് അമ്മയ്ക്ക് കത്തെഴുതിവെച്ചായിരുന്നു കുട്ടി ജീവനെടുക്കിയത്.