കര്‍ണാടക എക്സാമിനേഷൻ അതോറിറ്റിയുടെ (കെ.ഇ.എ) പരീക്ഷയെഴുതി മെറിറ്റില്‍ പ്രവേശനം ലഭിച്ച മലയാളി വിദ്യാര്‍ഥികളില്‍നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടി ഏജന്റുമാര്‍.കെ.ഇ.എ വഴി മെറിറ്റില്‍ പ്രവേശനം ലഭിക്കുന്നവരുടെ പേരില്‍ വ്യാജരേഖ നിര്‍മിച്ചും ഔദ്യോഗിക സംവിധാനങ്ങള്‍ ദുരുപയോഗപ്പെടുത്തിയും കോളജ് മാനേജ്മെന്റുകള്‍ അറിയാതെയുമാണ് കൊള്ള.കെ.ഇ.എ പരീക്ഷയെഴുതിയ പലരും പ്രവേശനം ലഭിച്ചേക്കില്ലെന്ന് കണ്ട് മാനേജ്മെന്റ് സീറ്റിന് ഏജന്റുമാര്‍ക്ക് അഡ്വാൻസ് തുക നല്‍കിയിരുന്നു. ഏജന്റുമാര്‍ വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റ് പകര്‍പ്പിനൊപ്പം കെ.ഇ.എയുടെ സി.ഇ.ടി നമ്ബര്‍, പാസ്വേഡ് അടക്കമുള്ളവ വാങ്ങിവെക്കും.
മാത്രമല്ല, അലോട്ട്മെന്റ് വരുന്നമുറക്ക് പ്രവേശനവിവരങ്ങള്‍ ലഭിക്കാൻ വെബ്സൈറ്റില്‍ കയറി വിദ്യാര്‍ഥിയുടെ മൊബൈല്‍ നമ്ബറുപയോഗിച്ച് പിൻകോഡ് ഉണ്ടാക്കി തട്ടിപ്പുകാര്‍ സ്വന്തം ഇ-മെയില്‍ വിലാസവും നല്‍കും. മെറിറ്റില്‍ അലോട്ട്മെന്റ് നേടിയാല്‍ കെ.ഇ.എയുടെ പേരില്‍ വ്യാജ രേഖയുണ്ടാക്കി ഏജന്റ് ബന്ധപ്പെട്ടവരെ അറിയിക്കുകയും കോഴ്സ് ഫീസിനൊപ്പം മാനേജ്മെന്റിനുള്ള ഡൊണേഷൻ എന്നപേരില്‍ ലക്ഷങ്ങള്‍ കൈപ്പറ്റുകയുമാണ് ചെയ്യുന്നത്. പിന്നീട് സര്‍ക്കാര്‍ ഫീസ് മാത്രമടച്ച് പ്രവേശനം വാങ്ങിനല്കുകയും ഡൊണേഷൻ തുക കൈക്കലാക്കുകയും ചെയ്യും. മൈസൂരുവിലെ പ്രമുഖ കോളജില്‍ പ്രവേശനം നേടിയ പട്ടാമ്ബി, കളമശ്ശേരി, കണ്ണൂര്‍, അങ്കമാലി എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളില്‍നിന്ന് ഒരു ഏജന്റുതന്നെ ഈ ഇനത്തില്‍ ലക്ഷക്കണക്കിന് രൂപയാണ് തട്ടിയത്.
നരിക്കുനി സ്വദേശിയായ വിദ്യാര്‍ഥിനി തലനാരിഴക്ക് രക്ഷപ്പെട്ടതോടെയാണ് ലക്ഷങ്ങളുടെ തട്ടിപ്പ് പുറത്തുവന്നത്. കെ.ഇ.എ എഴുതിയ ഈ വിദ്യാര്‍ഥിനി മെറിറ്റില്‍ സീറ്റ് ലഭിച്ചേക്കില്ലെന്ന് കരുതി ബി.എസ്.സി നഴ്സിങ്ങിന് മാനേജ്മെന്റ് സീറ്റിന് ഏജന്റിനെ സമീപിക്കുകയും ചെയ്തിരുന്നു. പിന്നീട് സീറ്റ് ശരിയായതായി അറിയിച്ച് കെ.ഇ.എയുടെ പേരിലുള്ള വ്യാജ സ്ലിപ് ഈ ഏജന്റ് വിദ്യാര്‍ഥിക്ക് നല്കി. കോഴ്സ് ഫീസായ 1.80 ലക്ഷവും ഡൊണേഷൻ മൂന്നുലക്ഷവും ഉള്‍പ്പെടെ 4.80 ലക്ഷം ആവശ്യപ്പെടുകയും ചെയ്തു. ലഭിച്ചത് മെറിറ്റ് സീറ്റാണെന്ന് വെബ്സൈറ്റില്നിന്നടക്കം സൂചന കിട്ടിയതോടെ കുടുംബം കോളജില്‍ പോയി അന്വേഷിച്ചപ്പോഴാണ് കോഴ്സ് ഫീസ് മാത്രം അടച്ച് പ്രവേശനം നേടാമെന്ന് വ്യക്തമായത്.
എന്നാല്‍, ഇക്കാര്യം സമ്മതിക്കാതെ സീറ്റ് തങ്ങള്‍ തരപ്പെടുത്തിയതാണെന്നും മറിച്ച് വില്‍ക്കുമെന്നും ഭീഷണിപ്പെടുത്തി തട്ടിപ്പുസംഘത്തിലെ പുതുപ്പാടി സ്വദേശി പണം ആവശ്യപ്പെട്ടു. തട്ടിപ്പ് മനസ്സിലായെന്നും പണം നല്‍കില്ലെന്നും പറഞ്ഞതോടെ പ്രവേശനത്തിന് വിദ്യാര്‍ഥിയുടെ പേരിലുണ്ടാക്കിയ സീക്രട്ട് കോഡിന്റെ പാസ്വേഡ് നല്കാൻ അരലക്ഷം വേണമെന്നായി സംഘം. നീണ്ട വിലപേശലിനൊടുവിലാണ് ഈ നമ്ബര്‍ സംഘം നല്കിയതും വിദ്യാര്‍ഥി പ്രവേശനം നേടിയതും. നിരവധി പേര് തട്ടിപ്പിനിരയായതോടെ കോളജ് അധികൃതര്‍ക്കും പൊലീസിലും പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് ബന്ധപ്പെട്ടവര്‍.