ബെംഗളൂരു: ബെംഗളൂരുവിന് സമീപം ബെന്നാർഘട്ടയിൽ യുവതിയെ ബലാത്സംഗംചെയ്ത് കെന്ന കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റുചെയ്തു. ഹരീഷ്, സോമശേഖര എന്നിവരും പ്രായപൂർത്തിയാകാത്ത മറ്റൊരാളുമാണ് അറസ്റ്റിലായത്.
കഴിഞ്ഞാഴ്ച സഹോദരിയുടെ രണ്ടു വയസ്സുള്ള മകനെയുംകൂട്ടി നടക്കാനിറങ്ങിയ 39-കാരിയെയാണ് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. യുവതി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിന് സമീപത്തുള്ള വനത്തോടുചേർന്ന സ്ഥലത്ത് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിനുശേഷം പ്രതികളും നാട്ടുകാർക്കൊപ്പംചേർന്ന് യുവതിക്കായുള്ള തിരച്ചിലിൽ പങ്കെടുത്തെന്ന് പോലീസ് പറഞ്ഞു.
കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതായി പറഞ്ഞ് പ്രതികളിലൊരാൾ തന്നെയാണ് ബന്ധുക്കൾക്ക് കൈമാറിയത്. പിന്നീട് ഹരീഷിന്റെ പെരുമാറ്റത്തിൽ സംശയംതോന്നി പോലീസ് വിശദമായി ചോദ്യംചെയ്തപ്പോളാണ് യഥാർഥവിവരം പുറത്തറിഞ്ഞത്.
മറ്റു രണ്ടു സുഹൃത്തുക്കളും ചേർന്നാണ് കുറ്റകൃത്യം നടത്തിയതെന്ന് പോലീസിനോട് വെളിപ്പെടുത്തി. സോമശേഖരയെ പിടികൂടാൻ ശ്രമിച്ചപ്പോൾ പോലീസിനെ ഇയാൾ ആക്രമിച്ചു. ഇതേത്തുടർന്ന് കാലിന് വെടിവെച്ചാണ് പിടികൂടിയത്. ജിഗനി പോലീസാണ് കേസെടുത്തത്.
വാഹനാപകടങ്ങളിൽ മരിക്കുന്നവരിൽ 60 ശതമാനവും ഇരുചക്രവാഹന യാത്രികരാണെന്ന് റിപ്പോർട്ട്
ബെംഗളൂരു: സംസ്ഥാനത്ത് വാഹനാപകടങ്ങളിൽ മരിക്കുന്നവരിൽ 60 ശതമാനവും ഇരുചക്രവാഹന യാത്രികരാണെന്ന് എ.ഡി.ജി.പി. (ട്രാഫിക് ആൻഡ് റോഡ് സുരക്ഷ) അലോക് കുമാർ അറിയിച്ചു. ഹെൽമെറ്റ് ധരിക്കാത്തതും നിലവാരമുള്ള ഹെൽമെറ്റ് ഉപയോഗിക്കാത്തതും മരണത്തിലേക്ക് നയിക്കുന്നതിൽ പ്രധാനപങ്കു വഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.
2020, 2021 വർഷങ്ങളിൽ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലുണ്ടായ വാഹനാപകടങ്ങളുടെയും മരണങ്ങളുടെയും കണക്കുകൾ അലോക് കുമാർ സാമൂഹിക മാധ്യമമായ ‘എക്സി’ൽ പോസ്റ്റ് ചെയ്തു. ഇരുചക്രവാഹന യാത്രികരുടെ മരണം ആശങ്കയുളവാക്കുന്നതാണെന്നും ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു.
2020-ൽ 5,171 പേരും 2021-ൽ 4,938 പേരുമാണ് ഇരുചക്ര വാഹനാപകടങ്ങളിൽ മരിച്ചത്. ഇരുചക്രവാഹനത്തിനുപിന്നാലെ കാറപകടങ്ങളിലാണ് കൂടുതൽ പേർ മരിക്കുന്നത്. ലോറി, ഓട്ടോറിക്ഷ, ബസ് തുടങ്ങിയ വാഹനങ്ങളും അപകടത്തിൽപ്പെട്ട് ഒട്ടേറെ ജീവനുകൾ പൊലിഞ്ഞിട്ടുണ്ട്. പരിക്കേറ്റ് ജീവിതകാലം മുഴുവൻ തളർന്ന് കിടക്കേണ്ടിവരുന്നവരുമുണ്ട്. രാത്രികാലങ്ങളിലും പുലർച്ചെയുമാണ് കൂടുതൽ അപകടങ്ങളും സംഭവിക്കുന്നത്.