ബെംഗളൂരു-മൈസൂരു പാത അതിവേഗ(എക്സ്പ്രസ്) പാതയല്ലെന്ന് ദേശീയപാത അതോറിറ്റി.’ആക്സസ് കൺട്രോൾഡ് ദേശീയപാതയാണിതെന്നും വേഗപരിധി 100 കിലോമീറ്ററാണെന്നും അധികൃതർ വ്യക്തമാക്കി. സാധാരണ എക്സ്പ്രസ് പാതകളിലെ വേഗപരിധി 120 കിലോമീറ്ററാണ്.പാതയിൽ 100 കിലോമീറ്ററിലധികം വേഗത്തിൽ വാഹനമോടിക്കുന്നവർക്കെതിരേ പോലീസ് നടപടിയെടുത്തുവരുകയാണ്. ഇത് അതിവേഗപാതയാണെന്നുപറഞ്ഞതിനെതിരേ എതിർപ്പുയർന്ന സാഹചര്യത്തിലാണ് അതോറിറ്റിയുടെ വിശദീകരണം. പാതയുടെ നിലവാരം കണ്ടിട്ടാണ് അതിവേഗപാതയെന്ന് ജനങ്ങൾ പറയുന്നതെന്ന്എൻ.എച്ച്.എ.ഐ. ബെംഗളൂരു മേഖലാ ഓഫീസർ വിവേക് ജെയ്സ്വാൾ പറഞ്ഞു.
പാതയിൽ ബൈക്കുകൾക്കും ഓട്ടോറിക്ഷകൾക്കും ട്രാക്ടറുകൾക്കും നിയന്ത്രണമേർപ്പെടുത്തി ദേശീയപാത അതോറിറ്റി പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ ‘ആക്സസ് കൺട്രോൾഡ് ഹൈവേ’ എന്നാണ് പറഞ്ഞിരിക്കുന്നത്.നിയന്ത്രണം വിശദീകരിച്ച് കഴിഞ്ഞദിവസം കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിലും അതിവേഗപാതയെന്ന് പറയുന്നില്ല.ഹൈസ്പീഡ് കോറിഡോറായി നിർമിച്ച ആക്സസ് കൺട്രോൾഡ് ഹൈവേയാണെന്നും ഇതിൽ വാഹനങ്ങളുടെ വേഗപരിധി 80 മുതൽ 100 കിലോമീറ്റർവരെ ആണെന്നും പറയുന്നു.
വേഗപരിധി 100 കിലോമീറ്ററാണെന്ന് കാണിച്ച് പാതയുടെ വിവിധയിടങ്ങളിൽ ബോർഡുകളുണ്ട്.അതേസമയം മാർച്ച് 12-ന് പാതയുടെ ഉദ്ഘാടനവേളയിൽ അതിവേഗപാതയെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പാതയെ വിശേഷിപ്പിച്ചത്.
തടസ്സംനീങ്ങാതെ സർവീസ് റോഡുകൾ:ബെംഗളൂരു : ബെംഗളൂരു-മൈസൂരു അതിവേഗപാതയിൽ ബൈക്കുകൾക്കും ഓട്ടോറിക്ഷകൾക്കും കടന്നുപോകാനുള്ള സർവീസ് റോഡുകളിലെ തടസ്സങ്ങൾ ഇനിയും മാറിയിട്ടില്ല.അതിവേഗവാഹനങ്ങൾക്കുള്ള ആറ് വരികൾക്ക് സമാന്തരമായി മുഴുനീള സർവീസ് റോഡ് പൂർത്തിയാകുന്നത് നീണ്ടുപോകുന്നു. ബൈക്കുകൾക്കും ഓട്ടോറിക്ഷകൾക്കും പഴയ ബംഗളൂരു മൈസൂരു റോഡ് തന്നെയാണ് ശരണം. ഇത് യാത്രയുടെ ദൂരം കൂട്ടുന്നു.ബൈക്കുകൾക്കും ഓട്ടോറിക്ഷകൾക്കും ട്രാക്ടറുകൾക്കും ട്രെയിലറുകൾക്കും ചൊവ്വാഴ്ച മുതൽ പാതയുടെ നടുവിലെ ആറുവരികളിൽ നിരോധനമേർപ്പെടുത്തിയിരുന്നു.
ഇവ ഇരുവശങ്ങളിലുമുള്ള സർവീസ്റോഡുകൾ വഴി കടന്നുപോകണമെന്നാണ് നിർദേശം. ബിഡദി, ചന്നപട്ടണ, മാണ്ഡ്യ എന്നിവിടങ്ങളിലാണ് സർവീസ് റോഡുകൾക്ക് തടസ്സം നിലനിൽക്കുന്നത്.തീവണ്ടിപ്പാത കടന്നുപോകുന്നതാണ് പ്രശ്നം. ഇവിടങ്ങളിൽ റെയിൽവേ ഓവർബ്രിഡ്ജുകളുടെ നിർമാണം പൂർത്തിയായാലേ റോഡിന് തുടർച്ചയുണ്ടാകുകയുള്ളൂ. സർവീസ് റോഡുകൾക്ക് തടസ്സമായിടത്തെ റെയിൽവേ മേൽപ്പാലങ്ങളുടെ നിർമാണം ഉടൻനടത്തുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അറിയിച്ചു. തടസ്സമുള്ളിടത്ത് പഴയ ബെംഗളൂരു മൈസൂരു റോഡ് യാത്രയ്ക്ക് തിരഞ്ഞെടുക്കാമെന്നും നിർദേശിച്ചു. നിയന്ത്രണങ്ങൾ നിലവിൽവന്ന പശ്ചാത്തലത്തിൽ ഇറക്കിയ പത്രക്കുറിപ്പിലാണ് നിർദേശം.
വിരുന്നെത്തിയ ഇന്ത്യന്‍ കാക്കകള്‍ മടങ്ങുന്നില്ല; നിയന്ത്രണത്തിനൊരുങ്ങി പരിസ്ഥിതി വകുപ്പ്
തെക്കുപടിഞ്ഞാറൻ തീരനഗരമായ ജീസാനിലും ഫറസാൻ ദ്വീപിലും വിരുന്നെത്തിയ ഇന്ത്യൻ കാക്കകള്‍ മടങ്ങുന്നില്ല. എണ്ണം പെരുകുകയും ശല്യം വര്‍ധിക്കുകയും ചെയ്തതോടെ നിയന്ത്രണ നടപടിക്ക് ഒരുങ്ങി അധികൃതര്‍.എണ്ണം അമിതമായി വര്‍ധിച്ചതു കാരണം ഇതര ചെറുജീവികളുടെ എണ്ണം വൻതോതില്‍ കുറഞ്ഞതായി കണ്ടെത്തി.ഇത് ജീവജാലങ്ങളുടെ നിലനില്‍പിനെ ബാധിക്കും എന്നതിനാല്‍ കാക്കകളുടെ എണ്ണം നിയന്ത്രിക്കേണ്ടതുണ്ട് എന്ന തീരുമാനത്തിലാണ് വനം, പരിസ്ഥിതി വകുപ്പ്.
കാക്കകള്‍ ചെറുപ്രാണികളെ മുഴുവൻ അകത്താക്കുന്നതായും ഇത്തരത്തില്‍ പല ജീവികളും അപ്രത്യക്ഷമാകുന്നതായും കണ്ടെത്തിയിട്ടുണ്ട്. കാക്കകള്‍ ഇവിടങ്ങളില്‍ കൂടുകൂട്ടുകയും താവളമടിക്കുകയും ചെയ്യുന്നത് തടയാനുള്ള മുന്നൊരുക്കത്തിലാണ് പരിസ്ഥിതി വകുപ്പ്.ഇന്ത്യയില്‍നിന്ന് കടല്‍ കടന്നെത്തുന്ന കാക്കകള്‍ മലയാളികള്‍ക്ക് ആദ്യമൊക്കെ കൗതുകമായിരുന്നു. സൗദിയുടെ ചില ഭാഗങ്ങളില്‍ മാത്രമാണ് കാക്കകളെ കണ്ടുവരാറുള്ളത്.