ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ നാലു നില കെട്ടിടത്തിന് മുകളിലെ വാട്ടര്‍ ടാങ്ക് തകര്‍ന്ന് വീണ് രണ്ട് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. കെട്ടിടത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ കടയുടമയായ അരുളും (40) ഹോട്ടലിലേക്ക് സാധനം വാങ്ങാനെത്തിയ ആളുമാണ് മരിച്ചത്. സാധനം വാങ്ങാനെത്തിയ ആളെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവരെ വിക്‌ടോറിയ ആശുപത്രിയിലേക്ക് മാറ്റി. ഇവരില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ബുധനാഴ്‌ച (ഓഗസ്റ്റ് 2) രാത്രി ബെംഗളൂരു ശിവാജി നഗര്‍ ബസ് സ്റ്റാൻഡിന് സമീപത്താണ് സംഭവം.കെട്ടിടത്തിന് മുകളില്‍ നിന്നും ടാങ്ക് തകര്‍ന്ന് വീഴുകയായിരുന്നു.
ടാങ്കിന്‍റെ അവശിഷ്‌ടങ്ങള്‍ക്കിടയില്‍പ്പെട്ടാണ് നാലു പേരും അപകടത്തില്‍പ്പെട്ടത്. സംഭവത്തിന് പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുകയും സ്ഥലത്ത് പരിശോധന നടത്തുകയും ചെയ്‌തു. ടാങ്ക് തകരാനുണ്ടായ സാഹചര്യത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് ഈസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ (ഡിസിപി) ഭീമശങ്കര്‍ ഗുലേദ് പറഞ്ഞു
കര്‍ണാടക ഗവര്‍ണറെ കയറ്റാതെ വിമാനം പുറപ്പെട്ട സംഭവത്തില്‍ രണ്ട് ജീവനക്കാര്‍ക്ക് കൂടി സസ്‍പെന്‍ഷന്‍
കര്‍ണാടക ഗവര്‍ണറെ കയറ്റാതെ വിമാനം പുറപ്പെട്ട സംഭവത്തില്‍ രണ്ട് ജീവനക്കാരെ കൂടി എയര്‍ ഏഷ്യ സസ്‍പെന്റ് ചെയ്തു.ജൂലൈ 27ന് ബംഗളുരുവില്‍ നിന്ന് ഹൈദരാബാദിലേക്ക് യാത്ര ചെയ്യാന്‍ ബംഗളുരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഗവര്‍ണറെ കയറ്റാതെ വിമാനം പുറപ്പെട്ടുവെന്ന പരാതിയിലാണ് നടപടി. ബോര്‍ഡിങ് ഗേറ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ജീവനക്കാരിയെയും റാമ്ബില്‍ ചുമതലയിലുണ്ടായിരുന്ന മറ്റൊരു ജീവനക്കാരനെയുമാണ് ജോലിയില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് 30 ദിവസത്തേക്ക് മാറ്റി നിര്‍ത്തിയത്.
എയര്‍പോര്‍ട്ട് സ്റ്റേഷന്‍ മാനേജറെ നേരത്തെ തന്നെ കമ്ബനി സസ്‍പെന്റ് ചെയ്തിരുന്നു.ഉച്ചയ്ക്ക് 2.02ന് ബംഗളുരുവില്‍ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഏഷ്യയുടെ l5 972 വിമാനത്തിലാണ് ഗവര്‍ണര്‍ യാത്ര ചെയ്യേണ്ടിയിരുന്നത്. നൂറിലധികം യാത്രക്കാര്‍ നേരത്തെ തന്നെ വിമാനത്തില്‍ കയറിയിരുന്നു. എന്നാല്‍ ഗവര്‍ണര്‍ 2.07നാണ് വിമാനത്താവളത്തില്‍ എത്തിയതെന്നാണ് ജീവനക്കാര്‍ പറയുന്നത്. പുറപ്പെടേണ്ട സമയം കഴിഞ്ഞിരുന്നതിനാല്‍ അദ്ദേഹത്തെ കയറ്റാതെ വിമാനം പുറപ്പെടുകയായിരുന്നുവെന്നാണ് ജീവനക്കാരുടെ വാദം.
എന്നാല്‍ നേരത്തെ തന്നെ ഗവര്‍ണര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നുവെന്നും ജീവനക്കാര്‍ തമ്മിലുള്ള ആശയ വിനിമയത്തില്‍ വന്ന വീഴ്ചയാണ് ഗവര്‍ണറെ കയറ്റാതെ വിമാനം പുറപ്പെടാന്‍ കാരണമായതെന്ന് രാജ്ഭവന്‍ ആരോപിച്ചു. സംഭവത്തില്‍ രാജ്ഭവന്‍ അധികൃതര്‍ വിമാനക്കമ്ബനിക്കും സിവില്‍ വ്യോമയാന മന്ത്രാലയത്തിനും പരാതി നല്‍കിയിരുന്നു.
ഇതിന് പിന്നാലെ എയര്‍ ഏഷ്യ ഉദ്യോഗസ്ഥര്‍ ഗവര്‍ണറെ നേരിട്ട് കണ്ട് ഖേദം പ്രകടിപ്പിക്കുകയും എയര്‍പോര്‍ട്ട് സ്റ്റേഷന്‍ മാനേജര്‍ക്കെതിരെ നടപടിയെടുത്തതായി അറിയിക്കുകയും ചെയ്തു. രണ്ട് ജീവനക്കാര്‍ക്കെതിരെ കൂടി നടപടി സ്വീകരിച്ചുവരികയാണെന്നും അന്ന് ഗവര്‍ണറെ അറിയിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് രണ്ട് പേരെക്കൂടി സസ്‍പെന്റ് ചെയ്തത്. എന്നാല്‍ എയര്‍ ഏഷ്യ ഔദ്യോഗികമായി ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.