ബെംഗളൂരു: കർണാടക കളരിപ്പയറ്റ് അസോസിയേഷന്റെ കീഴിൽ ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷന്റെയും സ്പോർട്‌സ് അതോറിറ്റി ഓഫ് കർണാടകയുടെയും അംഗീകാരത്തോടെയുള്ള സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് ശനി, ഞായർ ദിവസങ്ങളിൽ നടക്കും.
ശനിയാഴ്ച രാവിലെ ഒമ്പതിന് എച്ച്.എസ്.ആർ. ലേഔട്ടിലെ സമർത്തനം ചാരിറ്റബിൾ ട്രസ്റ്റ് ഓഡിറ്റോറിയത്തിൽ നടക്കുന്ന യോഗത്തിൽ മന്ത്രി രാമലിംഗ റെഡ്ഡി ഉദ്ഘാടനംചെയ്യും. ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷൻ ദേശീയ സെക്രട്ടറി ജനറൽ അഡ്വ. പൂന്തുറ സോമൻ അധ്യക്ഷത വഹിക്കും. ഡോ. എം.എൻ. കൃഷ്ണമൂർത്തി, സംസ്ഥാന കളരിപ്പയറ്റ് അസോസിയേഷൻ പ്രസിഡന്റ് ശ്രീജിത്ത് കെ. സുരേന്ദ്രനാഥ് തുടങ്ങിയവർ പങ്കെടുക്കും.
സബ്ജൂനിയർ, ജൂനിയർ, സീനിയർ, പുരുഷ, വനിതാ വിഭാഗങ്ങളിലായി മുന്നൂറിലധികം കായികതാരങ്ങൾ മത്സരത്തിൽ പങ്കെടുക്കും. വിവിധ വിഭാഗങ്ങളിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്നവരായിരിക്കും ദേശീയ ചാമ്പ്യൻഷിപ്പിൽ കർണാടക സംസ്ഥാനത്തെ പ്രതിനിധീകരിക്കുകയെന്ന് സംസ്ഥാന സെക്രട്ടറി ഡോ. രാജീവൻ സി. ജയരാജ് അറിയിച്ചു.
മഴ ശക്തം ;5 ജില്ലകളിൽ ഓറഞ്ച് അലേർട്
ബെംഗളൂരു: മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ അഞ്ചുജില്ലകളിൽ വെള്ളിയാഴ്ച ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു. ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ, ബീദർ, കലബുറഗി എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയത്. ബാഗൽകോട്ട്, റായ്ച്ചൂർ, വിജയപുര, യാദ്ഗിർ എന്നീജില്ലകളിൽ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.
തീരദേശ ജില്ലകളിൽ വ്യാഴാഴ്ചയും ശക്തമായി മഴ പെയ്തു. അടുത്ത 36 മണിക്കൂറിനിടെ ബീദർ, യാദ്ഗിർ, കലബുറഗി ജില്ലകളിൽ കനത്ത മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം, ബെംഗളൂരുവിൽ വ്യാഴാഴ്ച മഴ കുറവായിരുന്നു. മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നെങ്കിലും ശക്തമായ മഴ പെയ്തില്ല.