പാലക്കാട്: പല്ലശ്ശനയില്‍ വധൂവരൻമാരുടെ തലമുട്ടിച്ച സംഭവത്തില്‍ പ്രതി സുഭാഷ് അറസ്റ്റില്‍. ദേഹോപദ്രവമേല്‍പ്പിച്ചതിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തത്.
വധൂവരൻമാരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് നടപടി. ആചാരമെന്ന പേരില്‍ കാട്ടിക്കൂട്ടിയ അതിക്രമം സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ വൻ വിമര്‍ശനത്തിന് വഴിവച്ചിരുന്നു. ഒടുവില്‍ വനിതാകമ്മീഷൻ ഇടപെടലിലാണ് പൊലീസ് കേസെടുത്തത്.കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു പല്ലശ്ശന സ്വദേശി സച്ചിനും ഭാര്യ മുക്കം സ്വദേശി സജ്ലയും വിവാഹിതരായത്.
വിവാഹ ദിനം ഗൃഹപ്രവേശന ചടങ്ങിനിടെയാണ് ബന്ധുവിന്‍റെ വക ആചാരമെന്ന പേരില്‍ തലയ്ക്ക് ഇടികിട്ടിയത്. ഇടികിട്ടിയ വേദനയില്‍ കരഞ്ഞുകൊണ്ട് വീട്ടിലേക്ക് കയറുന്ന സജ്ലയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സംഭവത്തില്‍ രൂക്ഷമായ വിമര്‍ശനം പല കോണുകളില്‍ നിന്നുമുണ്ടായി. പഴമക്കാരുടെ ആചാര തുടര്‍ച്ചയെന്ന പേരിലാണ് ദമ്ബതിമാരുടെ തലകൂട്ടി മുട്ടിച്ചത്. എന്നാല്‍ അത്തരത്തിലൊരു ആചാരംതന്റെ നാട്ടിലില്ലെന്നും താൻ മുൻപ് കേട്ടിട്ടില്ലെന്നുമായിരുന്നു വരൻ സച്ചിൻ പ്രതികരിച്ചത്.
അപ്രതീക്ഷിതമായ ആക്രമണത്തില്‍ വേദന കൊണ്ട് പകച്ചുപോയെന്നും അല്ലെങ്കില്‍ താൻ തന്നെ കൃത്യം ചെയ്തയാള്‍ക്ക് മറുപടി കൊടുത്തേനെയെന്നും സജ്‌ല പ്രതികരിച്ചിരുന്നു. ഏറെ വിവാദമായതോടെയാണ് വനിതാ കമ്മീഷൻ ഇടപെട്ടതും നടപടിയെടുത്തതും.