ബംഗളൂരു: കള്ളപ്പണക്കേസില്‍ ബിനീഷ് കോടിയേരി നല്കിയ വിടുതല്‍ ഹര്‍ജി ബംഗളൂരു കോടതി തള്ളി. ഒന്നാം പ്രതി മുഹമ്മദ് അനൂപുമായുള്ള പണമിടപാടിലെ സംശയങ്ങള്‍ വ്യക്തമാക്കിക്കൊണ്ടാണ് ബംഗളൂരു 34-ാം അഡീഷണല്‍ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി ജസ്റ്റീസ് എച്ച്.എ.മോഹന്‍ ഹര്‍ജി തള്ളിയത്.
ഇതോടെ കേസില്‍ ബിനീഷ് കോടിയേരി പ്രതിയായി തുടരും. എന്തുകൊണ്ട് ഈ കേസില്‍ പ്രതിയായ ബിനീഷിനെ ഒഴിവാക്കാനാകില്ലെന്ന് ജഡ്ജി വിശദീകരിച്ചു. യാതൊരു രേഖയുമില്ലാതെയാണ് ബിനീഷ് അനൂപ് മുഹമ്മദിന് 40 ലക്ഷം രൂപ നല്‍കിയത്. അയാള്‍ കടക്കെണിയിലാണെന്നറിഞ്ഞിട്ടും അത് തിരിച്ചുപിടിക്കാന്‍ ബിനീഷ് ശ്രമിച്ചില്ല. ബിനീഷും മുഹമ്മദ് അനൂപും ഒരുവനിതാ സുഹൃത്തിനും മറ്റുരണ്ടുപേര്‍ക്കുമൊപ്പം പാര്‍ട്ടിയില്‍ കൊക്കെയ്ന്‍ ഉപയോഗിക്കുന്നതു കണ്ടെന്ന് സാക്ഷിമൊഴിയുണ്ടെന്നും ജഡ്ജി വ്യക്തമാക്കി.
സമാനരീതിയില്‍ ലഹരി ഉപയോഗിക്കുന്നതായി മറ്റൊരു സാക്ഷി മൊഴിയുമുണ്ട്. അനൂപിനുമൊപ്പമിരുന്ന ബിനീഷിന് അദ്ദേഹത്തിന്റെ ബിസിനസിനെക്കുറിച്ചും ദുശീലങ്ങളെക്കുറിച്ചും അറിയാമായിരുന്നു. എല്ലാം അറിഞ്ഞുകൊണ്ടാണ് മുഹമ്മദ് അനൂപിന് പണം നല്‍കിയതെന്നും ഈ തുക ലഹരി ഇടപാടിനായിട്ടാണു നല്‍കിയതെന്ന് സ്വാഭാവികമായും സംശയിക്കുന്നു എന്നതടക്കമുള്ള നീരിക്ഷണങ്ങളാണ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്.
ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിന്റെ അന്വേഷണത്തിനിടെ 2020 ഒക്ടോബര്‍ 29നാണ് ബിനീഷ് കോടിയേരി അറസ്റ്റിലായത്. ഇതേവര്‍ഷം ഓഗസ്റ്റില്‍ അനൂപ് മുഹമ്മദിനെയും മറ്റു രണ്ടുപേരെയും ബംഗളൂരുവില്‍നിന്ന് നാര്‍കോട്ടിക്സ് കണ്‍ട്രോണ്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തതോടെയാണ് ഇടപാടില്‍ ബിനീഷിന്റെ പങ്ക് പുറത്തായത്. ബിനീഷ് തന്റെ ബിസിനസ് പങ്കാളിയാണെന്നും നല്ലൊരു തുക നിക്ഷേപിച്ചിട്ടുണ്ടെന്നുമായിരുന്നു അനൂപ് മുഹമ്മദ് എൻസിബി ഉദ്യോഗസ്ഥരോടു വെളിപ്പെടുത്തിയത്.