ബെംഗളൂരു: നാലുവർഷത്തെ ഇടവേളയ്ക്കുശേഷം ബെംഗളൂരുവിൽ വിരുന്നെത്തിയ ഐ.പി.എല്ലിനെ വരവേറ്റ് ആരാധകർ. ചിന്നസ്വാമി സ്റ്റേഡിയവും പരിസരവും പൂരത്തിന്റെ പ്രതീതിയിലായിരുന്നു ഞായറാഴ്ച. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും മുംബൈ ഇന്ത്യൻസും തമ്മിലുള്ള മത്സരത്തെ വൻ ആവേശത്തോടെയാണ് ആരാധകർ വരവേറ്റത്. രാത്രി 7.30-നാണ് മത്സരമെങ്കിലും രാവിലെമുതലേ സ്റ്റേഡിയം പരിസരത്ത് ആരാധകരെത്തിത്തുടങ്ങിയിരുന്നു.
ആർ.സി.ബി. താരങ്ങളായ വിരാട് കോലിയുടെയും ഗ്ലെൻ മാക്സ്വെല്ലിന്റെയുമെല്ലാം ജെഴ്സിയണിഞ്ഞ് മുഖത്തുംകൈകളിലും ചായംപൂശി നിരവധി പേരെത്തി. നിറങ്ങൾ പൂശാനും തൊപ്പികളും ടീഷർട്ടുകളും വിൽക്കാനും ഒട്ടേറെപേർ സ്റ്റേഡിയം പരിസരത്തുണ്ടായിരുന്നു. ആർ.സി.ബി.യുടെ ജെഴ്സി 200 രൂപയ്ക്കാണ് വിറ്റത്. വിലപേശിയപ്പോൾ 180 രൂപയ്ക്ക് തരാമെന്നായി കച്ചവടക്കാരൻ.ഇരു ടീമുകളിലെയും കളിക്കാരുടെ വാഹനങ്ങൾ സ്റ്റേഡിയത്തിലേക്ക് എത്തിയപ്പോഴേക്കും ആരാധകരുടെ ആവേശം ഉയർന്നു.
ഇഷ്ടതാരങ്ങളെ നേരിൽകാണാൻ തിക്കുംതിരക്കുമായി. ദൂരെനിന്നാണെങ്കിലും താരങ്ങളുടെ ചിത്രങ്ങൾ മൊബൈലിൽ പകർത്തി. വാഹനത്തിൽനിന്ന് ഓരോ കളിക്കാരനും പുറത്തേക്കിറങ്ങുമ്പോൾ പേരെടുത്തുവിളിച്ച് ആരാധകർ വരവേറ്റു. ബാറ്റർമാരെ പിന്തുണയ്ക്കുന്ന പിച്ചിൽ കോലിയും കൂട്ടരും തകർത്താടുമെന്ന പ്രതീക്ഷയാണ് ആരാധകരെല്ലാം പങ്കുവെച്ചത്. കനത്ത സുരക്ഷാ പരിശോധനയ്ക്കുശേഷമാണ് കാണികളെ അകത്തേക്ക് പ്രവേശിപ്പിച്ചത്.
ഇതിനുമുമ്പ് 2019-ലായിരുന്നു ബെംഗളൂരുവിൽ ഐ.പി.എൽ. മത്സരങ്ങൾ നടന്നത്. പിന്നീട് കോവിഡ് മഹാമാരികാരണം ഹോം മത്സരങ്ങളില്ലാതിരുന്നതിനാൽ ബെംഗളൂരുവിന് ഐ.പി.എൽ. മത്സരങ്ങൾ നഷ്ടമായി. ഇടവേളയ്ക്കുശേഷം എത്തിയതായതിനാൽ ഐ.പി.എൽ. നേരിട്ടുകാണാൻ ആരാധകരുടെ തിരക്കായിരുന്നു. ടിക്കറ്റുകളെല്ലാം നേരത്തേ വിറ്റുപോയത് ഇതിന് തെളിവാണ്.
കഴിഞ്ഞ ഞായറാഴ്ച ആർ.സി.ബി.യുടെ പരിശീലനംകാണാൻ ആരാധകർക്ക് അവസരം നൽകിയിരുന്നു. അന്നും ചിന്നസ്വാമി സ്റ്റേഡിയം ആരാധകരെക്കൊണ്ട് നിറഞ്ഞിരുന്നു.
സഹായിച്ച് മെട്രോയും ബി.എം.ടി.സി. :ക്രിക്കറ്റ് പ്രേമികൾക്ക് ആശ്വാസമായി ബി.എം.ടി.സി. യും നമ്മ മെട്രോയും കൂടുതൽ സർവീസുകൾ നടത്തി. കബൺ പാർക്ക്, എം.ജി. റോഡ് മെട്രോ സ്റ്റേഷനുകളിൽനിന്ന് പുലർച്ചെ ഒന്നുവരെ മെട്രോ സർവീസ് ഉണ്ടായിരുന്നു. ബെംഗളൂരുവിൽ ഐ.പി.എൽ. മത്സരമുള്ള എല്ലാദിവസവും ഇതുപോലെ സർവീസ് നടത്തുമെന്ന് ബെംഗളൂരു മെട്രോറെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ.) അറിയിച്ചിട്ടുണ്ട്. ബി.എം.ടി.സി. ചിന്നസ്വാമി സ്റ്റേഡിയത്തിൽനിന്ന് രാത്രി 11-നുശേഷവും സർവീസ് നടത്തി.
ആലപ്പുഴ കണ്ണൂര്‍ എക്സ്പ്രസില്‍ തീ കൊളുത്തിയ സംഭവം; പാളത്തിന് സമീപത്ത് നിന്ന് മൂന്ന് മൃതദേഹം കണ്ടെത്തി
കോഴിക്കോട്: എലത്തൂര്‍ സ്റ്റേഷനും കോരപ്പുഴ പാലത്തിന് ഇടയില്‍ നിന്ന് മൂന്ന് മൃതദേഹം കണ്ടെത്തി. അപകടം നടന്ന പാളത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.ഒരു പുരുഷന്റേയും സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് കേരളത്തെ ഞെട്ടിച്ചുകൊണ്ട് കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനില്‍ അജ്ഞാതന്റെ ആക്രമണം ഉണ്ടാവുന്നത്.മൃതദേഹം ട്രെയിനില്‍ തീ പടര്‍ന്നെന്ന് അറിഞ്ഞപ്പോള്‍ പുറത്തേക്ക് ചാടിയവരുടേതാകാനാണ് സാധ്യത.
നേരത്തെ ഒരു സ്ത്രീയും പുറത്തേക്ക് ചാടിയതായി ട്രെയിന്‍ കണ്ണൂര്‍ എത്തിയപ്പോള്‍ ട്രെയിനിലുണ്ടായിരുന്ന ചില യാത്രക്കാര്‍ പ്രതികരിച്ചിരുന്നു. മൃതദേഹം ഇവരുടേതാണെന്നാണ് സൂചന. പരുക്കേറ്റ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിയ മട്ടന്നൂര്‍ സ്വദേശി റാസിഖ് കൂടെയുള്ള രണ്ടുപേരെ കാണാതായെന്ന് വിവരം നല്‍കിയിരുന്നു.
രാത്രി 9 മണിക്ക് കണ്ണൂര്‍ ഭാഗത്തേക്ക് പോയ കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിന്‍ ഏലത്തൂര്‍ കോരപ്പുഴ പാലത്തില്‍ എത്തിയപ്പോള്‍ ആയിരുന്നു അക്രമം. ചുവന്ന ഷര്‍ട്ട് ധരിച്ച തൊപ്പി വച്ച മധ്യ വയസ്കനായ സാധാരണ ശാരീരിക പ്രകൃതിയുള്ള അജ്ഞാതന്‍ കയ്യില്‍ കരുതിയ കുപ്പിയിലുണ്ടായിരുന്ന ഇന്ധനം റിസര്‍വ്വ്ഡ് കംപാര്‍ട്ട്മെന്റിലെ യാത്രക്കാര്‍ക്ക് നേരെ ഒഴിച്ച ശേഷം തീയിടുകയായിരുന്നു. ജനറല്‍ കംപാര്‍ട്ട്മെന്റില്‍ കയറിയ ശേഷം ബോഗികള്‍ക്കുള്ളിലൂടെയാവാം ഇയാള്‍ റിസര്‍വ്വ്ഡ് കംപാര്‍ട്ട്മെന്റിലേക്ക് എത്തിയതെന്നാണ് സംശയിക്കുന്നത്.