മലയാളം ബിഗ് ബോസ് സീസൺ അഞ്ച് തുടങ്ങൾ ഇനി ഏതാനും മണിക്കൂറുകൾ മാത്രമാണ് ബാക്കി. ആരൊക്കെയാകും ഇത്തവണ ബിബി ഹൗസിൽ എത്തുകയെന്നറിയാൻ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ബിഗ് ബോസ് ആരാധകരും. കഴിഞ്ഞ സീസണുകളെ പോലെ തന്നെ ഇത്തവണയും ഷോയുടെ മുഖം മോഹൻലാൽ തന്നെയാണ്. ഇപ്പോഴിതാ എല്ലാ സീസണുകളും താൻ ഒറിജിനൽ ആയാണ് നിന്നതെന്ന് പറയുകയാണ് മോഹൻലാൽ. ഷോ തുടങ്ങുന്നതിന് മുന്നോടിയായി നടന്ന ഫേസ്ബുക്ക് ലൈവിൽ ആയിരുന്നു മോഹൻലാലിന്റെ പ്രതികരണം.
“ഞാൻ എല്ലാ സീസണിലും ഒറിജിനൽ ആയിട്ട് തന്നെയാണ് നിൽക്കുന്നത്. കാരണം ഈ ഷോയിൽ നമുക്ക് കള്ളത്തരങ്ങൾ ഒന്നും കാണിക്കാൻ പറ്റില്ല. എല്ലാവരും പറയും ഇത് സ്ക്രിപ്റ്റഡ് ആണെന്ന്. അങ്ങനെയൊന്നും ചെയ്യാൻ പറ്റില്ല. കാരണം ഇതൊരു ഭാഷയിൽ മാത്രം നടക്കുന്ന ഷോ അല്ല. ഒരാളുടെ മനസിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളെ നേരത്തെ സ്ക്രിപ്റ്റ് ചെയ്യാൻ നമുക്ക് പറ്റില്ലല്ലോ. അതൊന്നും ലോകത്താർക്കും സ്ക്രിപ്റ്റ് ചെയ്യാൻ പറ്റില്ല. അത്തരം കാര്യങ്ങളിൽ ഏറ്റവും ഒറിജിനൽ ആയി പ്രവർത്തിക്കാൻ തന്നെയാണ് എനിക്ക് താല്പര്യം. അങ്ങനെ തന്നെയാണ് ഞാൻ ചെയ്തിട്ടുള്ളത്. ഒരാളെ സപ്പോർട്ട് ചെയ്യക, അയാൾക്ക് വേണ്ടി നിൽക്കുകയൊന്നും ഞാൻ ചെയ്തിട്ടില്ല. അങ്ങനെ ചെയ്യാൻ പറയുന്ന ദിവസം ഞാൻ ഇവിടുന്ന് ഇറങ്ങി പോകുകയും ചെയ്യും. അങ്ങനെ എന്തായാലും ഒരിക്കലും പറയേണ്ടി വരില്ല”, എന്നും മോഹൻലാൽ പറഞ്ഞത്.
സിനിമയും ബിഗ് ബോസ് ഷോ അവതരിപ്പിക്കുന്നതും റിസ്ക് നിറഞ്ഞ കാര്യങ്ങളാണെന്നും മോഹന്‍ലാല്‍ പറയുന്നു. ‘ ഞാന്‍ ഒരു പെര്‍ഫോമര്‍ ആണ്. വര്‍ഷങ്ങളായി സിനിമയില്‍ അഭിനയിക്കുന്നു.ബിഗ് ബോസ് പോലൊരു ഷോയില്‍ ചാന്‍സ് കിട്ടിയത് സന്തോഷമാണ്. വ്യത്യസ്തമായൊരു പ്ലാറ്റ് ഫോമാണത്. രണ്ടും റിസ്ക് എന്ന് പറയുന്നില്ല. പക്ഷേ രണ്ടു കാര്യങ്ങളും ഏറ്റവും എന്‍ജോയ് ചെയ്താണ് ഞാന്‍ ചെയ്യുന്നത്’ എന്നാണ് മോഹന്‍ലാല്‍ പറയുന്നത്.
ബിബി 5ന് മണിക്കൂറുകൾ മാത്രം, ആദ്യ ടാസ്ക് എത്തി
ഏറെ നാളത്തെ കാത്തിരിപ്പുകൾക്കും അഭ്യൂഹങ്ങൾക്കും ഒടുവിൽ ബിഗ് ബോസ് മലയാളം സീസൺ 5ന് ഇന്ന് തുടക്കം. വൈകുന്നേരം 7 മണി മുതൽ ആവേശോജ്ജ്വലമായ ഉദ്ഘാടന എപ്പിസോഡ് ആരംഭിക്കും. ആരൊക്കെയാകും ഇത്തവണ ബിഗ് ബോസിൽ വീട്ടിൽ എത്തുകയെന്നും സോഷ്യൽ മീഡിയ പ്രവചനങ്ങൾ യാഥാർത്ഥ്യമാകുമോ എന്നും മണിക്കൂറുകൾക്കുള്ളിൽ അറിയാനാകും.
‘ബാറ്റിൽ ഓഫ് ദി ഒർജിനൽസ്, തീ പാറും’ എന്നാണ് ഇത്തവണത്തെ ബിഗ് ബോസിന്റെ ടാഗ് ലൈൻ. ഇത് സൂചിപ്പിക്കുന്നത് പോലെ തന്നെയാകും മത്സരാർത്ഥികൾ എന്നാണ് വിലയിരുത്തലുകൾ. എല്ലാ ദിവസവും ഏഷ്യാനെറ്റ് ചാനലിലും ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലും ബിഗ് ബോസ് സീസൺ 5 കാണാനാകും. ഹോട്സ്റ്റാറിൽ ഇരുപത്തി നാല് മണിക്കൂറും ഷോ കാണാനാകും. തിങ്കൾ- മുതൽ വെള്ളി വരെ രാത്രി 9.30ക്കും ശനി- ഞായർ ദിവസങ്ങളിൽ 9 മണിക്കും ആകും ഏഷ്യാനെറ്റിൽ ഷോയുടെ സംപ്രേക്ഷണം.
ബിബി 5 തുടങ്ങുന്നതിന് മുന്നോടിയായി ആദ്യ ടാസ്കും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. പ്രേക്ഷകർക്കാണ് ഇത്തവണത്തെ ആദ്യ ടാസ്ക്. ‘പദപ്രശ്നം പൂർത്തിയാക്കൂ, റിയൽ ബോസ് ആകൂ എന്നതാണ് ടാസ്ക്’. തന്നിരിക്കുന്ന സൂചനകളുടെ അടിസ്ഥാനത്തിൽ ബിബി5 മത്സാർത്ഥികൾ ആരൊക്കെ ആണെന്ന് കണ്ടുപിടിക്കുക എന്നതാണ് ടാസ്ക്. ഇതിന് വേണ്ടിയുള്ള പദപ്രശ്ന ചാർട്ടും പുറത്തുവിട്ടിട്ടുണ്ട്.
കഴിഞ്ഞ വർഷങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തരായ മത്സരാർത്ഥികളാകും ഇത്തവണ ബിഗ് ബോസിൽ മാറ്റുരയ്ക്കുക എന്ന് നേരത്തെ പുറത്തുവിട്ട പ്രമോകളിൽ നിന്നും വ്യക്തമായിരുന്നു. വ്യത്യസ്‍ത മേഖലകളിലെ കരുത്തരായ മത്സരാര്‍ത്ഥികള്‍ക്കൊപ്പം, എയര്‍ടെല്‍ മുഖേന പൊതുജനങ്ങളില്‍ നിന്ന് ഒരാളെ തിരഞ്ഞെടുക്കുന്നു എന്ന പ്രത്യേകത ഈ സീസണിനുണ്ട്. അതോടൊപ്പം ബിഗ് ബോസ് ആരാധകർക്ക് മോഹൻലാലിനെയും പ്രിയ മത്സരാർത്ഥികളെ നേരിട്ട് കാണാനുമുള്ള അവസരവും ഇത്തവണ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ സീസണുകളെ പോലെ തന്നെ ഇത്തവണയും മോഹൻലാൽ തന്നെയാണ് ബിഗ് ബോസിന്റെ മുഖമാകുക.