ഉജ്ജയിന്‍: സംസാരിച്ചുകൊണ്ടിരിക്കേ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് 68കാരന് ദാരുണാന്ത്യം. മദ്ധ്യപ്രദേശിലെ ഉജ്ജയിന്‍ ജില്ലയിലാണ് ഫോണ്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്.
ഫോണിന്റെ ബാറ്ററിയാണ് കത്തി സ്‌ഫോടനമുണ്ടായത്. ഫോണ്‍ ചാര്‍ജ് ചെയ്യവേ കോള്‍ സ്വീകരിച്ചതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. തിങ്കളാഴ്ചയാണ് ദയാറാം ബറോഡ് എന്നയാള്‍ അപകടത്തില്‍ മരണപ്പെട്ടത്. ഇയാളുടെ ശരീരഭാഗങ്ങള്‍ക്കേറ്റ സാരമായ പരിക്കാണ് മരണത്തിലേക്ക് നയിച്ചത്. തലയുടെ ഭാഗം ചിതറിയ നിലയിലാണ് കണ്ടെത്തിയത്.
ഏറെ നേരം വിളിച്ചിട്ടും മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് അന്വേഷിക്കാനെത്തിയ സുഹൃത്താണ് ദയാറാമിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലഭാഗം തകര്‍ന്ന് ചിതറിക്കിടക്കുന്ന നിലയിലാണ് സുഹൃത്ത് കണ്ടതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹത്തിന് സമീപത്ത് നിന്ന് മൊബൈല്‍ ഫോണ്‍ കഷ്ണങ്ങളും കണ്ടെടുത്തു. സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയെങ്കിലും മറ്റ് സ്‌ഫോടക വസ്തുക്കളൊന്നും കണ്ടെത്താനായില്ല.
മൊബൈല്‍ ഫോണ്‍ ബാറ്ററി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഫോറന്‍സിക് വിദഗ്ദ്ധര്‍ ഉള്‍പ്പടെയെത്തി പരിശോധന നടത്തി. കൊല്ലപ്പെട്ടയാളുടെ വീടിന് സമീപത്ത് കൂടി ഹൈടെന്‍ഷന്‍ വൈദ്യുതി ലൈന്‍ കടന്നുപോകുന്നുണ്ട്. ഇതുമായി അപകടത്തിന് എന്തെങ്കിലും ബന്ധമുണ്ടോ എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തു.
കര്‍ണാടക സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍ച്ച് ബിഷപ് പീറ്റര്‍ മച്ചാഡോ
ബംഗളൂരു: കര്‍ണാടക സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍ച്ച് ബിഷപ് പീറ്റര്‍ മച്ചാഡോ. മതപരിവര്‍ത്തനം നടത്തിയതിന് കേസെടുത്താല്‍ ഇനിയും തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
ദളിതര്‍ക്കും പാവപ്പെട്ടവര്‍ക്കും സൗജന്യവിദ്യാഭ്യാസവും വൈദ്യസഹായവും നല്‍കിയതിന്‍റെ പേരില്‍ തനിക്കെതിരെ മതപരിവര്‍ത്തനത്തിന് കേസെടുക്കുമെങ്കില്‍ താനിനിയും അത് തുടരും. ക്രിസ്ത്യന്‍ സ്കൂളുകളിലെ എത്ര കുട്ടികള്‍ മതംമാറിയെന്ന കണക്ക് പുറത്തുവിടാന്‍ ആര്‍ച്ച് ബിഷപ് സര്‍ക്കാരിനെ വെല്ലുവിളിച്ചു. പാവപ്പെട്ടവര്‍ക്ക് വിദ്യാഭ്യാസവും ചികിത്സയും നല്‍കിയതിനാണ് കേസ്. സ്കൂളുകളില്‍ എത്ര ബൈബിളുണ്ടെന്ന് കണക്കെടുക്കാന്‍ വരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, എത്ര കുട്ടികള്‍ ക്രിസ്ത്യന്‍ സ്കൂളുകളില്‍ നിന്ന് മതം മാറ്റപ്പെട്ടു എന്ന കണക്കെടുക്കട്ടെ.
അത് പുറത്തുവിടട്ടെ- അദ്ദേഹം ആവശ്യപ്പെട്ടു. പാവപ്പെട്ടവരെ സഹായിക്കുന്നത് തെറ്റാണെങ്കില്‍ അത് താനിനിയും ഇരട്ടി ചെയ്യും. നല്ലത് ചെയ്യുന്നതില്‍ നിന്ന് നമ്മളെ തടയാന്‍ ആര്‍ക്കുമാകില്ല. ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് ത്രിതീയന്‍ ബാവയ്ക്ക് ബംഗളൂരുവിലെ വിശ്വാസിസമൂഹം നല്‍കിയ സ്വീകരണച്ചടങ്ങിലായിരുന്നു ആര്‍ച്ച് ബിഷപിന്‍റെ പ്രതികരണം.