Home Featured നടി സുബി സുരേഷ് അന്തരിച്ചു

നടി സുബി സുരേഷ് അന്തരിച്ചു

by admin

കൊച്ചി:  പ്രശസ്ത നടിയും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു. 41 വയസായിരുന്നു. കരൾ രോഗത്തെ തുടർന്നാണ് മരണം. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സുബി കേരളത്തില്‍ പരിചിതമായ മുഖമാകുന്നത്. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചു. 

എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലായിരുന്നു സുബി ജനിച്ചത്.  തൃപ്പൂണിത്തുറ സര്‍ക്കാര്‍ സ്‌കൂളിലും എറണാകുളം സെന്റ് തെ രേസാസിലുമായിരുന്നു സ്‌കൂള്‍-കോളജ് വിദ്യാഭ്യാസം.അച്ഛന്‍: സുരേഷ്, അമ്മ:  അംബിക, സഹോദരന്‍ : എബി സുരേഷ്.

മിമിക്സ് മിമിക്രി രംഗത്ത് സ്ത്രീകള്‍ അധികം സാന്നിധ്യമാല്ലാത്ത കാലത്ത് ജനപ്രിയ കോമഡി പരിപാടിയിലെ മുഖമാണ് സുബി. സ്റ്റേജ് ഷോകളില്‍ നിറ സാന്നിധ്യമായിരുന്ന മികച്ച പ്രകടനമാണ് സുബി കാഴ്ചവച്ചിരുന്നത്. അടുത്തകാലത്തായി യൂട്യൂബില്‍ അടക്കം സജീവമായിരുന്നു സുബി.കൊറോണ കാലത്തിന് ശേഷം സുബിക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് അടുപ്പമുള്ളവര്‍ പറയുന്നത്. 

സ്‌കൂള്‍ പഠനകാലത്ത് ബ്രേക്ക് ഡാന്‍സായിരുന്നു സുബി പഠിച്ചത്. അതിലൂടെയാണ് കലാരംഗത്തേക്ക് എത്തിയത്.   വിദേശരാജ്യങ്ങളിലും ധാരാളം സ്റ്റേജ് ഷോകളില്‍ കോമഡി സ്‌കിറ്റുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. സൂര്യ ടിവിയിലെ കുട്ടിപ്പട്ടാളം എന്ന കൊച്ചുകുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടി വളരെ ജനപ്രിയമായിരുന്നു.

രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന സിനിമയിലൂടെ 2006ലാണ് സുബി സുരേഷ് ചലച്ചിത്രലോകത്തേയ്ക്ക് കടക്കുന്നത്. എല്‍സമ്മ എന്ന ആണ്‍കുട്ടി, പഞ്ചവര്‍ണ്ണ തത്ത, ഡ്രാമ എന്നിവയുള്‍പ്പെടെ ഇരുപതിലധികം സിനിമകളില്‍ അഭിനയിച്ചു.

 കോമഡി ചെയ്ത് പ്രണയത്തിന്റെ ക്ലച്ച്‌ പോയി; വിവാഹം കഴിക്കാത്തതിനെ കുറിച്ച്‌ സുബി അന്ന് പറഞ്ഞത് ഇന്ന് വേദനയാവുന്നു

മലയാള സിനിമയിലെ ഏറ്റവും വലിയ വേദനയിലാഴ്ത്തി നടി സുബി സുരേഷ് അന്തരിച്ചുവെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. വളരെ ചെറിയ പ്രായത്തില്‍ മിമിക്രി രംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ സുബിയുടെ അപ്രതീക്ഷിത വിയോഗമുണ്ടാക്കിയ വേദനയിലാണ് ഏവരും. ഒട്ടും പ്രതീക്ഷിക്കാതെ ചെറിയ പ്രായത്തില്‍ തന്നെ സുബി ഈ ലോകത്തോട് വിട പറഞ്ഞെന്ന് ആര്‍ക്കും വിശ്വസിക്കാന്‍ സാധിക്കുന്നില്ല.

നടിയും അവതാരകയും മിമിക്രി കലാകാരിയുമൊക്കെയായി തിളങ്ങിയ സുബി ഇനിയും വിവാഹം കഴിക്കാത്തതാണ് ആരാധകരെ പോലും നിരാശയിലാക്കിയിരുന്നത്. ഏറ്റവുമൊടുവില്‍ വിവാഹത്തെ കുറിച്ച്‌ സുബി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

എന്തുകൊണ്ടാണ് സുബി ഇനിയും കല്യാണം കഴിക്കാത്തതെന്നാണ് ഏതൊരു അഭിമുഖത്തിന് പോയാലും നേരിടാറുള്ള പ്രധാന ചോദ്യം. ‘എനിക്ക് പ്രണയിച്ച്‌ വിവാഹം കഴിക്കണമെന്നാണ് ആഗ്രഹം. ഇപ്പോള്‍ എനിക്ക് ആരോടും പ്രണയം വരുന്നില്ല. കോമഡി ചെയ്ത് ചെയ്ത് പ്രണയത്തിന്റെ ക്ലച്ച്‌ അടിച്ച്‌ പോയെന്നാണ് തോന്നുന്നതെന്നാണ് അടുത്തിടെ ഒരു പരിപാടിയില്‍ സംസാരിക്കവേ സുബി സൂചിപ്പിച്ചത്.

എന്നാല്‍ സഹോദരിയുടെ എല്ലാ സന്തോഷത്തിനും കൂടെ നില്‍ക്കുമെന്നാണ് അന്ന് സഹോദരനായ എബി പറഞ്ഞത്. ‘സുബിയ്ക്ക് പ്രണയിച്ച്‌ വിവാഹം കഴിക്കണമെങ്കില്‍ അങ്ങനെയാവാം, അല്ലെങ്കില്‍ അറേഞ്ച്ഡ് മ്യാരേജ് ആവാം. എന്തായാലും പുള്ളിക്കാരിയുടെ ഇഷ്ടമാണ്. ചേച്ചിയുടെ കല്യാണത്തിന് ഞങ്ങെല്ലാം റെഡിയാണ്. പുള്ളിക്കാരിയുടെ സമ്മതം മാത്രം മതി. ബാക്കിയെല്ലാം റെഡിയാണ്. നാളെ കല്യാണം നടത്തണമെന്ന് പറഞ്ഞാല്‍ പോലും നടത്താന്‍ സാധിക്കുമെന്നും’, സഹോദരന്‍ ഉറപ്പ് നല്‍കിയിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group