ബെംഗളൂരു∙ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഡ്രൈവറുടെ പേരും വാഹനത്തിന്റെ വിവരങ്ങളും അറിയാനും പരാതികൾ സമർപ്പിക്കാനുമുള്ള ക്യുആർ കോഡ് സംവിധാനം ഓട്ടോകളിൽ സ്ഥാപിക്കാൻ ട്രാഫിക് പൊലീസ്. ഓട്ടോ തൊഴിലാളി യൂണിയനുമായി ഇതുസംബന്ധിച്ച ചർച്ച നടത്തിയതായും ഉടൻ നഗരത്തിലെ മുഴുവൻ ഓട്ടോകളിലും സംവിധാനം നിലവിൽ വരുമെന്നും ട്രാഫിക് പൊലീസ് സ്പെഷൽ കമ്മിഷണർ എം.എ സലീം പറഞ്ഞു.
മോശം പെരുമാറ്റം, അമിത കൂലി, സർവീസ് നിഷേധിക്കൽ എന്നിവയുണ്ടായാൽ പരാതി നൽകാനുള്ള സംവിധാനവും ക്യുആർകോഡ് സ്കാൻ ചെയ്യുന്നതിലൂടെ ലഭിക്കും. പരാതികളിൽ പൊലീസ് ഉദ്യോഗസ്ഥർ അന്വേഷണം നടത്തി കർശന നടപടിയെടുക്കണമെന്നും അധികൃതർ വ്യക്തമാക്കി.2005ലാണ് രാജ്യത്ത് ആദ്യമായി ഡ്രൈവറുടെ പേരും വാഹനത്തിന്റെ വിവരങ്ങളും ഓട്ടോകളിൽ സ്ഥാപിക്കുന്ന പദ്ധതി ബെംഗളൂരുവിൽ ആരംഭിച്ചത്.
എന്നാൽ നിലവിൽ ഭൂരിഭാഗം ഓട്ടോകളിലും നിലവിൽ ഇതില്ലെന്ന പരാതി വ്യാപകമായ സാഹചര്യത്തിലാണ് നടപടി.നിയമപ്രകാരം 3 വർഷം കൂടുമ്പോൾ വിവരങ്ങൾ ഡ്രൈവർമാർ പുതുക്കി നൽകണം. ഇതു കർശനമായി നടപ്പിലാക്കാൻ ക്യുആർ കോഡ് സംവിധാനം സഹായിക്കുമെന്ന് സലിം ചൂണ്ടിക്കാട്ടി.
പ്രീപെയ്ഡ് ഓട്ടോ കൗണ്ടറുകൾ തുറന്നു:മല്ലേശ്വരത്തെ ഒറിയോൺ മാളിലെ പ്രീപെയ്ഡ് ഓട്ടോ കൗണ്ടറിന്റെ പ്രവർത്തനം പുനരാരംഭിച്ചു. കോവിഡിനെ തുടർന്ന് പൂട്ടിയ കൗണ്ടറാണു വീണ്ടും തുറന്നത്. നഗരത്തിൽ കോവിഡിനെ തുടർന്ന് അടച്ച മുഴുവൻ പ്രീപെയ്ഡ് ഓട്ടോ കൗണ്ടറുകളും തുറക്കും. പുതുതായി 6 മെട്രോ സ്റ്റേഷനുകളിലും കൂടി കൗണ്ടറുകൾ ആരംഭിക്കുന്ന നടപടികൾ പുരോഗമിക്കുന്നതായും ട്രാഫിക് പൊലീസ് അറിയിച്ചു.
പബ്ലിക് ഐ വഴി പരാതിപ്പെട്ടവർ 2.2 ലക്ഷം കടന്നു:ഗതാഗത നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടാൻ ട്രാഫിക് വകുപ്പ് ആരംഭിച്ച പബ്ലിക് ഐ ആപ്പിലൂടെ കഴിഞ്ഞ വർഷം പരാതികൾ സമർപ്പിച്ചത് 2.2 ലക്ഷത്തിലേറെ പേർ. കഴിഞ്ഞ 2 വർഷങ്ങളിലായി ആപ്പിലൂടെ പരാതിപ്പെടുന്നവരടെ എണ്ണം വർധിച്ചിട്ടുണ്ട്. നിയമലംഘനങ്ങളുടെ ചിത്രങ്ങൾ ആപ്പിൽ അപ്ലോഡ് ചെയ്യുകയാണ് വേണ്ടത്.
അനധികൃത പാർക്കിങ്, നടപ്പാതകളിലൂടെയുള്ള വാഹനം ഓടിക്കൽ, വൺവേകളിലൂടെ വാഹനം ഓടിച്ചത്, ഹെൽമറ്റ് ഇല്ലാതെ വാഹനം ഓടിക്കുന്നത്, സിഗ്നൽ ലംഘനം. ഇരുചക്രവാഹനങ്ങളിൽ കൂടുതൽ പേരുമായി യാത്ര നടത്തുക ഉൾപ്പെടെയുള്ള ലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണ് കൂടുതൽ പരാതികൾ.
വിമാനത്താവളത്തിലേക്ക് ടാക്സി ഉറപ്പാക്കാൻ ആപ്; ടെൻഡർ വിളിച്ചു:വിമാനത്താവളത്തിലേക്ക് ന്യായമായ കൂലിയിൽ ടാക്സി സർവീസ് ഉറപ്പാക്കാൻ ആപ് വികസിപ്പിക്കാൻ ടെൻഡർ ക്ഷണിച്ച് ടൂറിസം വകുപ്പ്. നിലവിൽ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള കാറുകൾ ബുക്ക് ചെയ്യാൻ ഓൺലൈൻ സൗകര്യമില്ല. വിമാനത്താവളത്തിലെ കൗണ്ടറുകൾ മുഖേനയും 080–44664466 എന്ന നമ്പർ വഴിയുമാണ് ടാക്സികൾ ബുക്ക് ചെയ്യുന്നത്. ആൻഡ്രോയ്ഡ്, ഐഒഎസ് പതിപ്പുകൾ വികസിപ്പിക്കാനും സാങ്കേതിക സഹായം നൽകാനുമാണ് സ്വകാര്യ കമ്പനികളെ തേടുന്നത്. ഫെബ്രുവരിയോടെ കരാർ ഉറപ്പിച്ച് ഉടൻ ആപ്പ് പുറത്തിറക്കുകയാണ് ലക്ഷ്യമിടുന്നത്.