ബംഗളൂരു: ഭാര്യക്കെതിരെ ബലാത്സംഗ കൃത്യം ഭര്‍ത്താവ് നിര്‍വഹിച്ചാലും ബലാത്സംഗം തന്നെയെന്ന കര്‍ണാടക ഹൈകോടതി വിധിയെ പിന്തുണച്ച് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍.ഭാര്യയെയും മകളെയും ഉപദ്രവിച്ചെന്ന കേസില്‍ ഭര്‍ത്താവിനെതിരെ പോക്സോ കേസിന് പുറമെ ബലാത്സംഗക്കുറ്റവും ചുമത്തിയത് സെഷന്‍സ് കോടതിയും ഹൈകോടതിയും ശരിവെച്ചതിനെതിരെ ഭര്‍ത്താവ് സുപ്രീംകോടതിയില്‍ നല്കിയ ഹരജിയിലാണ് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാണ് കര്‍ണാടക ഹൈകോടതി ഇത്തരമൊരു വിധി പുറപ്പെടുവിച്ചതെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.വിവാഹത്തിനുശേഷം ലൈംഗിക അടിമയെ പോലെയാണ് തന്നെ ഭര്‍ത്താവ് കണ്ടിരുന്നതെന്നും മകളുടെ മുന്നില്‍വെച്ചുപോലും പ്രകൃതിവിരുദ്ധ ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചിരുന്നതായും ഹരജിക്കാരി പറയുന്നു.
തുടര്‍ന്ന് ബംഗളൂരു സെഷന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു.സെഷന്‍സ് കോടതി ഹരജിക്കാരിക്ക് അനുകൂല വിധി നല്‍കിയതോടെ എതിര് ഹരജിക്കാരന് ഹൈകോടതിയെ സമീപിച്ചു.ഏറെ വാദപ്രതിവാദങ്ങള്‍ക്കുശേഷം കഴിഞ്ഞ മേയ് 23ന് കര്‍ണാടക ഹൈകോടതിയിലെ ജസ്റ്റിസ് നാഗപ്രസന്ന അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച വിധി ഏറെ ചര്‍ച്ചയായിരുന്നു.വിവാഹിതയായ സ്ത്രീയുടെ സ്വാതന്ത്ര്യവും അവകാശങ്ങളും ഗൗരവമായ ചര്‍ച്ചക്ക് വിധേയമാക്കാവുന്ന പുരോഗമനപരമായ പരാമര്‍ശങ്ങളായിരുന്നു ജസ്റ്റിസ് നാഗപ്രസന്ന നടത്തിയത്.
‘പുരുഷന് എന്നാല്‍ പുരുഷന് തന്നെയാണ്. പ്രവൃത്തി എന്നാല്‍ പ്രവൃത്തി തന്നെയാണ്. ഭര്‍ത്താവായ പുരുഷന് ഭാര്യയായ സ്ത്രീക്ക് മേല്‍ അത് നടത്തിയാലും ബലാത്സംഗം ബലാത്സംഗം തന്നെയാണ്. വൈവാഹിക ബലാത്സംഗത്തിനുള്ള അനുമതി നല്കുന്ന ഇന്ത്യന്‍ ശിക്ഷ നിയമം 375ാം വകുപ്പ് ഭേദഗതി ചെയ്യണോ എന്നത് തീരുമാനിക്കേണ്ടത് നിയമസഭയാണ്.വൈവാഹിക ബലാത്സംഗത്തിനുള്ള അനുമതി പുരോഗതിക്കെതിരാണെന്നും വിധിയില്‍ ജസ്റ്റിസ് നാഗപ്രസന്ന പറഞ്ഞു.
ഭര്‍ത്താവില്‍നിന്ന് ഭാര്യക്ക് ഏല്ക്കുന്ന ഇത്തരം ലൈംഗിക പീഡനങ്ങള്‍ ഭാര്യയുടെ മാനസികാവസ്ഥയെ ഗുരുതരമായി ബാധിക്കും. ഭാര്യക്കേല്‍ക്കുന്ന ശാരീരികവും മാനസികവുമായ ആഘാതം അവളുടെ ആത്മാവിനെയാണ് മുറിപ്പെടുത്തുക. നിശ്ശബ്ദരാക്കപ്പെട്ടവരുടെ ശബ്ദങ്ങള്‍ നിയമനിര്‍മാതാക്കള്‍ കേള്‍ക്കേണ്ടത് അത്യന്താപേക്ഷിതമാണ്. വൈവാഹിക ബലാത്സംഗം കുറ്റകരമാണെന്ന് പരിഗണിക്കണമെന്നോ അല്ലെന്നോ കോടതി പറയുന്നില്ല. സാഹചര്യങ്ങള്‍ പരിഗണിച്ച് നിയമ നിര്‍മാണസഭക്ക് അക്കാര്യത്തില്‍ തീരുമാനമാകാവുന്നതാണ്.
ഭര്‍ത്താവിന്റെ കീഴിലാണ് ഭാര്യ കഴിയേണ്ടതെന്ന കാഴ്ചപ്പാട് തുല്യതക്കെതിരാണ്. അതുകൊണ്ടാണ് പല രാജ്യങ്ങളിലും വൈവാഹിക ബലാത്സംഗം കുറ്റകരമായി കണക്കാക്കുന്നതെന്നും വിധിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.വിവാഹം ചെയ്തതുകൊണ്ട് സ്ത്രീക്കുമേല്‍ പുരുഷന് പ്രത്യേക അധികാരങ്ങളില്ല. പുരുഷനെയും സ്ത്രീയെയും തുല്യപരിഗണനയിലാണ് ഭരണഘടന കാണുന്നത്.
വിവാഹം എന്നത് തുല്യതയുടെ പങ്കാളിത്തമാണ്.എന്നാല്‍, ഇന്ത്യന്‍ ശിക്ഷ നിയമത്തില്‍ ഈ വിവേചനമുണ്ട്. സ്ത്രീക്കെതിരായ ഏതൊരു പുരുഷന്റെ കുറ്റകൃത്യവും ശിക്ഷിക്കപ്പെടാന്‍ അര്‍ഹമാണ്. എന്നാല്‍, ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ വകുപ്പ് 375 ന്റെ കാര്യമാവുമ്ബോള് ഒഴിവ് വരുന്നു. ഇത് പുരോഗതിയല്ലെന്നും അധോഗമനമാണെന്നും ജസ്റ്റിസ് നാഗപ്രസന്ന അഭിപ്രായപ്പെട്ടിരുന്നു.